യുഎസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആനന്ദ് സ്വയം വെടിയുതിര്‍ത്തതാകാണെന്നാണ് പൊലീസ് നിഗമനം. ആലീസിന്‍റെയും ആനന്ദിന്‍റെയും ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തുകയും മൃതദേഹത്തിന് സമീപത്ത് നിന്നും 9 എംഎം ഹാന്‍ഡ് ഗണ്ണും വെടിയുണ്ടകളും പൊലീസ് കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ മക്കളുടെ ശരീരത്തില്‍ വെടിയേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല (Murder And Suicide In US).
സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ആനന്ദ് സുജിത് ഹെന്‍ററി, ഭാര്യ ആലീസ് ബെന്‍സിഗര്‍, മക്കളായ നോഹ, നെയ്‌തല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് ഹെന്‍ററി ഭാര്യ ആലീസിനെ വെടിവച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഹെന്‍ററിയുടെ ശരീരത്തില്‍ വെടിയേറ്റതിന്‍റെ ഒറ്റ പാട് മാത്രമാണുള്ളതെന്ന് പൊലീസ് നേരത്തെ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മക്കളെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമെ മരണ കാരണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അന്വേഷണം സംഘം പറഞ്ഞു. ഫെബ്രുവരി 13നാണ് അമേരിക്കയിലെ വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ ശുചിമുറിയിലാണ് ആലീസിന്‍റെ മൃതദേഹം കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കുന്ന ഹീറ്ററില്‍ നിന്നും ഉയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് നേരത്തെ പുറത്ത് വന്ന വാര്‍ത്തകൾ. (Malayali Family Death In US).
സംഭവത്തെ കുറിച്ച് വെളിപ്പെടുത്താന്‍ പൊലീസ് നേരത്തെ തയ്യാറായിരുന്നില്ല. മരണത്തില്‍ ദുരൂഹത നില്‍നില്‍ക്കേയാണ് വെടിവെപ്പ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ആനന്ദ് കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഗൂഗിളിലും ഒരു വര്‍ഷമായി മെറ്റയിലും ജോലി ചെയ്‌ത് വരികയായിരുന്നു. ആനന്ദും ആലീസും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് 2016ല്‍ ഇരുവരും വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അപേക്ഷ പിന്‍വലിക്കുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇരുവര്‍ക്കും മക്കളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ആനന്ദ് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം തുടങ്ങിയിരുന്നുവെന്നും ഏതാനും ദിവസമായി സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്: കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പുറത്ത് നിന്നെത്തിയ ഒരാളല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. അത്തരത്തില്‍ പുറത്ത് നിന്നൊരാള്‍ വീട്ടില്‍ എത്തിയതിന്‍റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളായിരിക്കാം കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.