റഷ്യയിലെ നോർത്ത് കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്‌താനിലെ ഓർത്തഡോക്‌സ് പള്ളികൾക്കും സിനഗോഗിനും പൊലീസ് പോസ്റ്റുകൾക്കും നേരെ ഞായറാഴ്‌ച (ജൂലൈ 23) ഉണ്ടായ ഭീകരാക്രമണത്തിൽ പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 20ലധികം പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ലോകത്തെ മുഴുവൻ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. തീവ്രവാദ ചരിത്രമുള്ള മുസ്‌ലീം ഭൂരിപക്ഷ മേഖലയിലാണ് ആക്രമണം നടന്നത് എന്നാണ് റഷ്യൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത്. ലോക രാജ്യങ്ങളും സർക്കാരുകളും തീവ്രവാദ അക്രമം തടയാന്‍ നിരവധി പദ്ധതികള്‍ അവലംബിക്കുമ്പോഴും തീവ്രവാദ ശൃംഖലകളുടെ സങ്കീര്‍ണത വര്‍ധിച്ചു വരികയാണ്.
2019ലെ ഈസ്റ്റർ ഞായറാഴ്‌ച ശ്രീലങ്കയിൽ നടന്ന രക്ത ചൊരിച്ചിൽ മറക്കാൻ എളുപ്പമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി, ഫിലിപ്പീൻസ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾക്ക് ഭീകരാക്രമണങ്ങൾ കനത്ത പ്രഹരങ്ങൾ ഏൽപ്പിച്ചു.
ലോകം കണ്ട ചില പ്രധാന ഭീകരാക്രമണങ്ങളുടെ ടൈംലൈൻ പരിശോധിക്കാം :
- 03.12.2023 (ഫിലിപ്പീൻസ്) : കത്തോലിക്ക സഭയ്ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഫിലിപ്പീൻസിലെ മറാവിയിലുള്ള മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ പ്രഭാത സർവ്വീസിനിടെയാണ് സ്ഫോടനം ഉണ്ടായത്.
- 04.03.2022 (പാകിസ്ഥാൻ) : പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഷിയാ പള്ളിക്കുള്ളിൽ ചാവേർ സ്ഫോടനത്തെ തുടർന്ന് 60 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ജുമുഅ നമസ്‌കാരത്തിനായി ന്യൂനപക്ഷമായ ഷിയാ സമുദായം ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നത്.
- 25.03.2020 (അഫ്‌ഗാനിസ്ഥാൻ) : അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ തോക്കുധാരികൾ നടത്തിയ വെടിവെപ്പില്‍ 25 പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ഐഎസ്ഐഎസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
- 21.04.2019 (ശ്രീലങ്ക) : ഈസ്റ്റർ ഞായറാഴ്‌ച ശ്രീലങ്കയിലെ മൂന്ന് പള്ളികളും തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും തീവ്രവാദികളുടെ ചാവേർ സ്‌ഫോടന പരമ്പര ഉണ്ടായി. അതേ ദിവസം, ദെമറ്റഗോഡയിലെ ഒരു ഭവന സമുച്ചയത്തിലും ഡെഹിവാലയിലെ ഗസ്റ്റ് ഹൗസിലും ചെറിയ സ്‌ഫോടനങ്ങള്‍ നടന്നു. 45-ഓളം വിദേശ പൗരന്മാരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 251 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിന്നീട് ഐസിസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
- 15.03.2019 (ന്യൂസിലൻഡ്) : ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ വെള്ളിയാഴ്‌ച പ്രാർത്ഥനയ്ക്കിടെ രണ്ട് പള്ളികളിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
- 27.01.2019 (ഫിലിപ്പീൻസ്) : തെക്കൻ ഫിലിപ്പീൻസിലെ ജോലോ ദ്വീപിലെ റോമൻ കത്തോലിക്ക കത്തീഡ്രലിൽ കുർബാനയ്ക്കിടെ രണ്ട് ചാവേർ ആക്രമികള്‍ ബോംബ് സ്‌ഫോടനം നടത്തി. ആക്രമണത്തില്‍ 23 പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
- 27.10.2018 (യുഎസ്എ) : പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് കോൺഗ്രിഗേഷൻ സിനഗോഗിൽ തോക്കുധാരി അതിക്രമിച്ച് കയറി വെടിയുതിർക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്‌തു. നാല് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
- 24.11.2017 (ഈജിപ്‌ത്) : വടക്കൻ സിനായിൽ പള്ളി ആക്രമണത്തിൽ 311 വിശ്വാസികളെ തീവ്രവാദികൾ കൊലപ്പെടുത്തി. ഈജിപ്‌തിൻ്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു ഇത്.
- 01.08.2017 (അഫ്‌ഗാനിസ്ഥാൻ) : അഫ്‌ഗാനിസ്ഥാനിലെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയില്‍ ചാവേർ ആക്രമണമുണ്ടായി. സ്വയം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അക്രമി വെടിയുതിർക്കുകയും 90 പേർ കൊല്ലപ്പെടുകയും ചെയ്‌തു. സായാഹ്ന പ്രാർത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്.
- 09.04.2017 (ഈജിപ്‌ത്) : ഈജിപ്ഷ്യൻ തീരനഗരമായ അലക്‌സാണ്ട്രിയയിലും ടാന്‍റയിലും പള്ളികളിൽ നടന്ന ഇരട്ട ചാവേർ ബോംബാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
- 16.02.2017 (പാകിസ്ഥാൻ) : പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാൽ ഷഹബാസ് ഖലന്ദറിന്‍റെ ആരാധനാലയത്തില്‍ ഉണ്ടായ ചാവേർ ആക്രമണത്തില്‍ 98 പേർ കൊല്ലപ്പെട്ടു.
- 11.12.2016 (ഈജിപ്‌കത്) : ഈജിപ്‌തിലെ പുരാതന കോപ്റ്റിക് ഓർത്തഡോക്‌സ് പള്ളിയുടെ ആസ്ഥാനമായ സെന്‍റ് മാർക്‌സ് കത്തീഡ്രലിനോട് ചേർന്നുള്ള കെയ്‌റോ ചാപ്പലിനുള്ളിൽ ചാവേർ സ്‌ഫോടനം ഉണ്ടായി. 25-ഓളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
- 20.03.2015 (യെമൻ) : ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർമാർ യെമന്‍റെ തലസ്ഥാനത്തെ പള്ളികളിൽ ആക്രമണം നടത്തി. സ്ഫോടനത്തില്‍ 137 പേർ കൊല്ലപ്പെട്ടു.
- 30.01.2015 (പാകിസ്ഥാൻ) : പാക്കിസ്ഥാനിലെ ഷിക്കാർപൂരിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. ജുൻഡുള്ളയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
- 18.11.2014 (ഇസ്രയേൽ) : ജറുസലേമിലെ സിനഗോഗിൽ രണ്ട് ഫലസ്‌തീനികൾ മഴു, കത്തി, തോക്ക് എന്നിവ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 4 ജൂത വിശ്വാസികളും ഒരു ഇസ്രയേലി പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
- 05.08.2012 (യുഎസ്എ) : ഓക്ക് ക്രീക്കിലെ വിസ്കോൺസിൻ സിഖ് ക്ഷേത്രത്തിലെ ആറ് അംഗങ്ങളെ വെയ്‌ഡ് മൈക്കൽ പേജ് എന്ന വെള്ളക്കാരൻ വെടിവെച്ചിട്ടു. സുരക്ഷ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ പേജ് പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നു.
- 31.10.2010 (ഇറാഖ്) : ഞായറാഴ്‌ച രാത്രി കുർബാനയ്ക്കിടെ ബാഗ്‌ദാദിലെ ഔർ ലേഡി ഓഫ് സാൽവേഷൻ കത്തോലിക്ക പള്ളിയിൽ അൽ-ഖ്വയ്‌ദ തീവ്രവാദികൾ ആക്രമണം നടത്തി. 2003-ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് ശേഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്. ആക്രമണത്തില്‍ 58 പേർ കൊല്ലപ്പെട്ടു.
- 28.04.2007 (ഇറാഖ്) : ഏപ്രിൽ 28 ന് ഷിയ അബ്ബാസ് ഇബ്ൻ അലി ദേവാലയത്തിന് മുന്നിൽ കാർ ബോംബ് പൊട്ടിത്തെറിച്ചു. ഇറാഖ് സിറ്റിയായ കര്‍ബലയില്‍ നടന്ന സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇറാഖിലെ സ്വർണ്ണ താഴികക്കുടമുള്ള പള്ളിക്ക് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ഷിയാ സമുദായത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആരാധനാലയമായാണ് കർബല കണക്കാക്കപ്പെടുന്നത്.
- 05.07.2005 (ഇന്ത്യ) : കനത്ത സുരക്ഷയുള്ള ബാബരി മസ്‌ജിദ് സമുച്ചയം ഭീകരർ ആക്രമിച്ചു. ഒരു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അക്രമികളെ സുരക്ഷ ഉദ്യോഗസ്ഥർ വധിച്ചു. അയോധ്യയിലേക്ക് പോകുന്ന തീർത്ഥാടകരെന്ന വ്യാജേന ഭീകരർ ഫൈസാബാദിലെ കിച്ചൗച്ച ഗ്രാമത്തിന് സമീപം അക്ബർപൂരിൽ വെച്ച് ഒരു ടാറ്റ സുമോയിൽ കയറുകയായിരുന്നു. ഫൈസാബാദിൽ വെച്ച് അവർ സുമോ ഉപേക്ഷിച്ച് ജീപ്പ് വാടകയ്‌ക്കെടുത്തു. ഭീകരാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും ഏഴ് അർദ്ധസൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രതികാര നടപടിയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ സുരക്ഷാ സേന വധിച്ചു.