ബെയ്‌റൂട്ട് (ലെബനൻ): 32 വർഷം സിറിയൻ ജയിലിൽ കഴിഞ്ഞ സുഹേൽ ഹംവിക്ക് ഇത് തീര്‍ത്തും അവിശ്വസിനീയ മുഹൂര്‍ത്തമാണ്. തിരികെ വീടണയാനാകുമെന്ന് സുഹേല്‍ ഒരിക്കലും കരുതിയിരുന്നതല്ല. സിറിയന്‍ ജയിലിലെ ഏകാന്ത വാസം, സ്വന്തം നാടോ വീടോ തെളിയാത്തത്രയും കൂരിരുട്ട് സുഹേലിന്‍റെ ഉള്ളില്‍ നിറച്ചിരുന്നു.
1992-ൽ, വടക്കൻ ലെബനനിലെ ചെക്ക പട്ടണത്തിൽ വ്യാപാരിയായി ജോലി ചെയ്യുകയായിരുന്നു സുഹേല്‍ ഹംവി. പട്ടണത്തില്‍ ഈദ് ഇൽ-ബർബറ ആഘോഷം നടക്കുന്ന രാത്രിയില്‍ (ഹാലോവീനിന് സമാനമായ ഒരു ആഘോഷം) ഒരു മനുഷ്യൻ സുഹേലിന്‍റെ വാതിൽക്കൽ മുട്ടി. സുഹേലിന്‍റെ പക്കല്‍ നിന്നും വിസ്‌കി വാങ്ങാൻ എത്തിയതായിരുന്നു അയാള്‍.
10 മാസം പ്രായമുള്ള മകൻ ജോർജിനെ ഭാര്യയെ ഏൽപ്പിച്ച് സുഹേല്‍ വിസ്‌കി എടുക്കാന്‍ കാറിന്‍റെ അടുത്തേക്ക് നടന്നു. വാഹനത്തിന് സമീപമെത്തിയപ്പോൾ ആളുകൾ നിറഞ്ഞ ഒരു കാർ സൈഡില്‍ വന്നു നിർത്തി സുഹേലിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് സുഹേല്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1976 മുതൽ 2005 വരെ നടന്ന സിറിയയുടെ ലെബനൻ അധിനിവേശ കാലത്ത് തടവിലാക്കപ്പെട്ട നൂറുകണക്കിന് ലെബനീസ് പൗരന്മാരിൽ ഒരാളാണ് സുഹേല്‍ ഹംവി. പതിറ്റാണ്ടുകളായി ഇദ്ദേഹം സിറിയൻ ജയിലുകളിൽ തടവില്‍ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് മറ്റ് തടവുകാര്‍ക്കൊപ്പം സുഹേലിനും അപ്രതീക്ഷിതമായി സ്വാതന്ത്ര്യം ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് അണയുന്ന ലെബനന്‍ പൗരന്മാരില്‍ താനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സുഹേല്‍ ഹംവിയെ ആ രാത്രി കാണാതായി എന്നല്ലാതെ യാതൊരു വിവരവും അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. 16 വർഷങ്ങൾക്ക് ശേഷം മാത്രമാണ് സുഹേല്‍ ഹംവി സിറിയയിൽ തടവിലാണ് എന്ന് ഭാര്യ അറിയുന്നത്. എന്നിട്ടും, തടങ്കലിൽ വച്ചതിന്‍റെ കാരണം അവര്‍ക്ക് അറിയില്ലായിരുന്നു.
പിന്നെയും നാല് വര്‍ഷം കഴിഞ്ഞു അദ്ദേഹത്തിന്‍റെ മേല്‍ ചുമത്തപ്പെട്ട കുറ്റം എന്താണെന്ന് അറിയാന്‍. 1990-ൽ അവസാനിച്ച, 15 വർഷം നീണ്ട ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ ഒരു മിലിഷ്യയായി പ്രവർത്തിച്ചിരുന്ന ക്രിസ്‌ത്യൻ രാഷ്‌ട്രീയ പാർട്ടിയായ ലെബനീസ് ഫോഴ്‌സിലെ അംഗമായതിനാലാണ് സുഹേല്‍ ഹംവിയെ തടങ്കലിലാക്കിയത് എന്നാണ് കുടുംബത്തിന് പിന്നീട് ലഭിച്ച വിവരം.
പാർട്ടി സിറിയൻ സൈന്യത്തിനെതിരെ പോരാടുകയും ലെബനനിൽ സിറിയയുടെ സൈനിക സാന്നിധ്യത്തെ എതിർക്കുകയും ചെയ്‌തിരുന്നു. ജയിലിലെ ചോദ്യം ചെയ്യലുകൾ നിഗൂഢമായിരുന്നു എന്ന് സുഹേല്‍ ഹംവി പറയുന്നു. 'അവർ എന്‍റെ പേര്, മാതാപിതാക്കളുടെ പേര്, വയസ്സ്, ഞാൻ എവിടെ നിന്നാണ് എന്ന് മാത്രമാണ് ചോദിച്ചത്.
അത്രയേ ഉണ്ടായിട്ടുള്ളൂ. തുടർന്ന് സെല്ലിലേക്ക് തിരിച്ചയക്കും. വക്കീലില്ല, ഒന്നുമില്ല. ആദ്യ വർഷങ്ങൾ സിറിയയിലെ കുപ്രസിദ്ധമായ സെയ്ദ്‌നയ ജയിലിലായിരുന്നു. പിന്നീട് മറ്റ് ഇടങ്ങളിലേക്കു മാറ്റി. ഒടുവിൽ ലതാകിയയിലെ ജയിലിലായി.
ഇരുമ്പഴികള്‍ക്കുള്ളില്‍ ആദ്യ നാളുകളില്‍ പീഡനം അനുഭവിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് വർഷങ്ങളോളം ഏകാന്ത തടവിലായിരുന്നു. ഒരു ചെറിയ സെല്ലിൽ തനിച്ചായിരുന്നു. മറ്റ് സെല്ലുകളിലായി ലെബനീസ്, പലസ്‌തീന്‍, ഇറാഖി തടവുകാരും ഉണ്ടായിരുന്നു.
2008-ൽ, ഭാര്യയ്ക്ക് ആദ്യമായി സുഹേലിനെ സന്ദർശിക്കാനായി. പിന്നീട് അവൾക്ക് വർഷത്തിലൊരിക്കൽ വന്ന് കാണാന്‍ കഴിഞ്ഞിരുന്നു എന്നും സുഹേല്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ജയിലിൽ ചെറിയ സംസാരം ഉണ്ടായിരുന്നു.
എന്നാല്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുമെന്ന് കരുതിയതേ ഉണ്ടായിരുന്നില്ല. വിമതർ ജയിലിലേക്ക് ഇരച്ചു കയറിയതും സെൽ ഗേറ്റുകൾ തച്ചുടച്ചതും സുഹേല്‍ വിവരിച്ചു.
ഞായറാഴ്‌ച അതിരാവിലെയോടെയാണ് ജയിലില്‍ വലിയ ഒച്ചപ്പാട് ഉണ്ടാകുന്നത്. കാവൽക്കാർ ആരുമില്ലെന്ന് കണ്ടതോടെ തടവുകാർ ബഹളം വെച്ചുതുടങ്ങി. ആദ്യത്തെ വാതിൽ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. വിമതർ ജയിലിലേക്ക് ഇരച്ചു കയറി.
സെൽ ഗേറ്റുകൾ തകര്‍ത്തു. ഗേറ്റുകൾ തുറക്കാൻ കഴിയാത്ത സെല്ലുകളുടെ മതില്‍ അവര്‍ തകര്‍ത്തു. മതിലുകൾക്കിടയിലൂടെ തടവുകാര്‍ പുറത്തേക്ക് ഇറങ്ങി. എങ്ങോട്ടെന്നില്ലാതെ തടവുകാര്‍ പുറത്തേക്ക് നടന്നു. ഞാനും അവരോടൊപ്പം നടന്നു. തെരുവില്‍ അപരിചിതർ ഞങ്ങള്‍ക്ക് ലെബനനിലേക്കുള്ള വഴി കാണിച്ചു തന്നു.
വടക്കൻ ലെബനനിലെ അരിഡ അതിർത്തി കടന്നാണ് സുഹേല്‍ ഹംവി സ്വന്തം രാജ്യത്തേക്ക് എത്തിയത്. അവിടെ അദ്ദേഹത്തിന്‍റെ കുടുംബം കാത്ത് നില്‍ക്കുകയായിരുന്നു. സുഹേല്‍ ഹംവിയെ സ്വീകരിക്കാമന്‍ അദ്ദേഹത്തിന്‍റെ രണ്ട് പേരക്കുട്ടികളുമുണ്ടായിരുന്നു. നിറകണ്ണുകളോടെ സുഹേല്‍ ഹംവി അവരെ കെട്ടിപ്പിടിച്ചത്. വീട്ടിലെത്തുമ്പോഴേക്കും അയല്‍ക്കാരും കുടുംബക്കാരുമെല്ലാം അവിടെ തടിച്ചുകൂടിയിരുന്നു. എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ വരവേറ്റു. വൈകാരിക നിമിഷങ്ങളാണ് സുഹേലിന്‍റെ വീട്ടില്‍.
സുഹേല്‍ ഹംവിക്കുള്ള വിരുന്ന് ഇനിയും എത്തുന്നതേയുള്ളൂ... അദ്ദേഹത്തിന്‍റെ ഏക മകന്‍ ജോര്‍ജ്. ഗള്‍ഫില്‍ എഞ്ചിനീയറായ ജോര്‍ജ് ഉടന്‍ നാട്ടിലെത്തുമെന്നാണ് സുഹേല്‍ അറിയിച്ചത്. സ്വാതന്ത്യത്തിന്‍റെ ലോകത്തിന് ഇത്രയധികം ഭംഗിയുണ്ടെന്ന് മനസിലാക്കുന്നതായി സുഹേല്‍ ഹംവി ആശ്വാസത്തോടെ പറയുന്നു.
Also Read: സിറിയയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാന്‍ ഐക്യരാഷ്‌ട്ര രക്ഷാ സമിതി