റഷ്യ- യുക്രെയ്‌ന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. തെക്കുകിഴക്കൻ യുക്രെയ്‌നില്‍ സ്ഥിതി ചെയ്യുന്ന റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോറീഷ്യ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റിന് (ZNPP) കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റാണ് സപോറീഷ്യ.
ലോകത്തിലെ ഏറ്റവും വലിയ 10 പ്ലാന്‍റുകളുടെ കൂട്ടത്തിലും ഇതു ഉള്‍പ്പെടുന്നുണ്ട്. 2022 മുതലാണ് പ്ലാന്‍റ് റഷ്യൻ നിയന്ത്രണത്തിലായത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നേരത്തെയും പ്ലാന്‍റിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍ ഞായറാഴ്‌ചയുണ്ടായ ആക്രമണത്തില്‍ പ്ലാന്‍റിന്‍റെ കൂളിങ് ടവറുകളിലൊന്നില്‍ വന്‍ തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംഘര്‍ഷത്തില്‍ പ്ലാന്‍റിന് സംഭവിക്കുന്ന ഏറ്റവും വലിയ കേടുപാടാണിതെന്ന് പ്ലാന്‍റ് ഡയറക്‌ടര്‍ യെവ്ജീനിയ യാഷിന പറഞ്ഞു.
പരസ്‌പരം പഴിചാരി റഷ്യയും യുക്രെയ്‌നും : റഷ്യയും യുക്രെയ്‌നും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചത് മുതല്‍ തന്നെ ലോകം ഏറെ ആശങ്കയോടെയായിരുന്നു സപോറീഷ്യയെ ഉറ്റുനോക്കിയത്. പ്ലാന്‍റിന് എന്തെങ്കിലും സംഭവിച്ചാല്‍ ലോകത്തിന് വലിയ കോട്ടമാകും ഇതുണ്ടാക്കുക. ഇക്കാരണത്താല്‍ തന്നെ ഇപ്പോഴുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇതേവരെ റഷ്യയോ യുക്രെയ്‌നോ തയ്യാറായിട്ടില്ല.
Enerhodar. We have recorded from Nikopol that the Russian occupiers have started a fire on the territory of the Zaporizhzhia Nuclear Power Plant.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 11, 2024
Currently, radiation levels are within norm. However, as long as the Russian terrorists maintain control over the nuclear plant, the… pic.twitter.com/TQUi3BJg4J
പിന്നില്‍ യുക്രെയ്‌നാണെന്നാണ് റഷ്യയുടെ വാദം. യുക്രെയ്‌ന്‍റെ സായുധ സേനയാണ് പവര്‍പ്ലാന്‍റ് ലക്ഷ്യം വച്ചതെന്ന് ഡയറക്‌ടര്‍ യെവ്ജീനിയ യാഷിന ആരോപിച്ചു. കാമികേസ് ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വൊളോദിമർ സെലെൻസ്‌കി ആരോപിച്ചിരിക്കുന്നത്. പ്ലാന്‍റില്‍ നിന്നും പുക ഉയരുന്നതിന്‍റെ വീഡിയോ സെലെൻസ്‌കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
'ആക്രമണത്തിന് പിന്നില്‍ റഷ്യയാണ്. സപോറീഷ്യ ഉപയോഗിച്ച് അവര്‍, യുക്രെയ്‌നെയും ലോകത്തെ തന്നെയും ഭീഷണിപ്പെടുത്തുകയാണെ'ന്നാണ് സെലെൻസ്‌കി പറയുന്നത്. പക്ഷെ, യുക്രെയ്‌ന്‍റേത് 'ആണവ തീവ്രവാദം' എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഇതിന് മറുപടി നല്‍കിയത്.
ചെർണോബിൽ നടുക്കുന്ന ഓര്‍മ : ആക്രമണവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ ചൂടുപിടിക്കുമ്പോള്‍, ലോകത്തിന് ഏറ്റവും ആശ്വാസകരമായ കാര്യം പവർ സ്റ്റേഷന് ചുറ്റും റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് ഇരുപക്ഷവും പ്രതികരിച്ചതാണ്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റുകള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ ലോകത്തെ എത്രത്തോളം കീഴ്‌മേല്‍ മറിക്കുമെന്ന ചെർണോബിൽ അടക്കമുള്ള ദുരന്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതാണ്. യുക്രെയ്‌നെയും ലോകത്തെയും തെല്ലൊന്നുമല്ല അതു നടക്കിയത്.
ALSO READ: ആ ക്രൂരതയ്‌ക്ക് 79 ആണ്ട്; ഉണങ്ങാത്ത മുറിവായി നാഗസാക്കി - NAGASAKI DAY 2024
1986 ഏപ്രില്‍ 26 -ന് യുക്രെയ്‌നിലെ ചെര്‍ണോബില്‍ പാന്‍റില്‍ നടന്നത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബിനേക്കാള്‍ 400 മടങ്ങ് അധിക റേഡിയേഷനാണ് ദുരന്തം ഉണ്ടാക്കിയത്. പ്ലാന്‍റ് നിന്നിരുന്നിടം അടുത്ത 20,000 വര്‍ഷത്തേക്ക് വാസ യോഗ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിയൊരു ആണവ ദുരന്തം ലോകത്തിന് തന്നെ താങ്ങാവുന്നതിലും അപ്പുറത്താവും. അതിനാല്‍ സപോറീഷ്യ സുരക്ഷിതമാവേണ്ടതുണ്ട്.