വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നവംബർ 13 ന് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡന്‍റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ. അധികാര കൈമാറ്റത്തിന്‍റെ ഭാഗമായാണ് ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. ഇതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ട്രംപിന്‍റെ നടപടികള്‍ ഔപചാരികമായി ആരംഭിക്കും. ബൈഡനും ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും.
'പ്രസിഡന്‍റ് ബൈഡന്‍റെ ക്ഷണപ്രകാരം, പ്രസിഡന്‍റ് ബൈഡനും നിയുക്ത പ്രസിഡന്‍റ് ട്രംപും ബുധനാഴ്‌ച രാവിലെ 11 മണിക്ക് ഓവൽ ഓഫിസിൽ കൂടിക്കാഴ്‌ച നടത്തും,' എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ഒരു പ്രസ്‌താവനയില്‍ അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റും പുതിയ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്‌ച പതിറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കയുടെ പാരമ്പര്യമാണ്.
ഓവൽ ഓഫിസിൽ വച്ചാണ് കൂടിക്കാഴ്‌ച നടക്കുക. രാജ്യത്തിന്‍റെ സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ ബൈഡൻ ട്രംപിന് കൈമാറും. സ്ഥാനമൊഴിയുന്ന പ്രഥമ വനിതയും, പുതിയ പ്രഥമ വനിതയും തമ്മിലും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയുടെ 47ാം പ്രസിഡന്‍റായാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. 2017 ജനുവരി 20 മുതൽ നാല് വർഷക്കാലം അമേരിക്കയുടെ 45ാമത് പ്രസിഡന്‍റായിരുന്നു ട്രംപ്. അധികാര കൈമാറ്റ നടപടികളുമായി ബന്ധപ്പെട്ട് കൃത്യമായ അറിവോടെയാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്. ഒരു തവണ തോൽവി അറിഞ്ഞ ശേഷം, തുടർച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
അമേരിക്കയുടെ 22ാമത്തെയും 24ാമത്തെയും പ്രസിഡന്‍റ് ആയ ഡെമോക്രാറ്റിക് പ്രതിനിധി ഗ്രോവെർ ക്ലീവലാന്‍റ് ആണ് ഇത്തരം നേട്ടം കൈവരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്. 1885 ൽ പ്രസിഡന്‍റായ ഗ്രോവെർ ക്ലീവലാന്‍റ് 1893 ൽ വീണ്ടും അധികാരത്തിലെത്തിയിരുന്നു.
Read Also: ട്രംപിനെ കൊലപ്പെടുത്താൻ ഇറാന്‍റെ ഗൂഢാലോചന; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു