ടെൽ അവീവ് : ഇസ്രയേൽ സൈന്യം ഒരു മുതിർന്ന ഹമാസ് പ്രവർത്തകനെ വധിച്ചതായും 80 തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായും പ്രതിരോധ സേന ഇന്നലെ(മാർച്ച് 18) അറിയിച്ചു. ഗാസയിലെ അൽ-ഷിഫ ആശുപത്രി പരിസരത്ത് ഹമാസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഹമാസിൻ്റെ ഇൻ്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്‌ടറേറ്റ് മേധാവിയായ ഫൈഖ് മബൂഹിനെയാണ് ഇസ്രയേൽ സൈന്യം വധിച്ചത്.
മുതിർന്ന ഹമാസ് പ്രവർത്തകർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ റെയിഡിനു പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യം എത്തിയതോടെ മെഡിക്കൽ സെൻ്ററിനുള്ളിൽ നിന്ന് ഹമാസ് സംഘം വെടിയുതിർക്കുകയായിരുന്നു.
ഗാസ മുനമ്പിലെ ഹമാസ് ഭീകര പ്രവർത്തനങ്ങളെ ഏകോപിക്കുന്നവരിൽ ഒരാളായിരുന്നു മബൂഹ്. ഇയാൾ ഷിഫ ആശുപത്രിക്ക് സമീപം ആയുധങ്ങളുമായി ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചതിന് ശേഷം സമീപത്തുള്ള മുറിയിൽ നിന്ന് ആയുധശേഖരം കണ്ടെടുത്തു.
2010-ൽ ദുബായിൽ വച്ച് കൊല്ലപ്പെടുന്നതിന് മുമ്പ് മബൂഹിൻ്റെ സഹോദരൻ മഹ്മൂദും ഹമാസിനായി ആയുധങ്ങൾ ശേഖരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി പ്രതിരോധ സേന അറിയിച്ചു. മതൻ വിനോഗ്രഡോവ് ആണ് മരിച്ചത്.
ഹമാസിലെ ആയുധധാരികൾ വെടിയുതിർക്കുന്നതിന്‍റെയും ഇസ്രയേൽ സൈന്യത്തിന്‍റെ വാഹനത്തിന് നേരെ ബോംബിടുന്നതിന്‍റെയും ദൃശ്യങ്ങൾ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ 80 പേരെ അറസ്റ്റ് ചെയ്‌തതായും പ്രതിരോധ സേന അറിയിച്ചു.
അതേസമയം രോഗികളോ ആരോഗ്യ പ്രവർത്തകരോ ആശുപത്രി ഒഴിയേണ്ടതില്ലെന്നും, രോഗികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും സൈനികർ നൽകുന്നുണ്ടെന്നും പ്രതിരോധ സേന അറിയിച്ചു. ഗാസയിലെ 85% ആശുപത്രികളും ഹമാസും പലസ്‌തീൻ ഇസ്ലാമിക് ജിഹാദും തീവ്രവാദത്തിനായി ഉപയോഗിക്കുന്നതായി പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Also read: ഗാസയിലെ അൽ - ഷിഫ ആശുപത്രിയിൽ ഹമാസ് സാന്നിധ്യം; ഇസ്രയേൽ സൈനികർ നടപടി ആരംഭിച്ചു