ജെറുസലേം: ഈജിപ്‌ത്, ഖത്തർ, യുഎസ് എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഹമാസുമായി ബന്ദി കരാർ (hostage deal) ചർച്ച ചെയ്യാൻ ഇസ്രയേൽ. കരാർ സംബന്ധിച്ച് അടുത്തയാഴ്‌ച വീണ്ടും ചർച്ച നടത്താൻ ഇസ്രയേൽ സമ്മതിച്ചതായി ഇസ്രയേലി സർക്കാർ ഉടമസ്ഥതയിലുള്ള കാൻ ടിവി ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തു.
റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്‌ച പാരീസിൽ നടന്ന യോഗത്തിൽ, ഇസ്രയേലി മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഡേവിഡ് ബാർണിയ ഒരു പുതിയ നിർദേശം അവതരിപ്പിച്ചു. യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്‌ടർ വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവർക്ക് മുൻപാകെയാണ് നിർദേശം അവതരിപ്പിച്ചത്.
വില്യം ബേൺസ്, ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരുമായുള്ള പാരീസ് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ശനിയാഴ്‌ച രാവിലെ ബാർണിയ ഇസ്രായേലിലേക്ക് മടങ്ങിയതായി ഇസ്രയേൽ സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ പങ്കാളിത്തത്തോടെ ഈജിപ്‌തും ഖത്തറും മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പ്രകാരം അടുത്തയാഴ്‌ച ചർച്ചകൾ തുടരുന്നതുമായി ബന്ധപ്പെട്ട് മൂവരും സംസാരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം മുൻ ചർച്ചകൾ സ്‌തംഭിപ്പിച്ച തർക്ക വിഷയങ്ങൾക്ക് യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്‌ടർ വില്യം ബേൺസ് സാധ്യമായ പരിഹാരങ്ങൾ മുന്നോട്ട് വച്ചതായി കാൻ ടിവി റിപ്പോർട്ട് ചെയ്‌തു. വരാനിരിക്കുന്ന ചർച്ചകൾ ഈജിപ്‌തും ഖത്തറും നയിക്കുമെന്നും അമേരിക്കയുടെ സജീവ പങ്കാളിത്തത്തോടെയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈജിപ്‌തിലെ ഗാസ മുനമ്പിൽ നേരത്തെ നടന്ന വെടിനിർത്തൽ ചർച്ചകൾ ഈ മാസമാദ്യം തകർന്നിരുന്നു.