ഇസ്‌ലാമാബാദ് (പാകിസ്ഥാന്‍) : കശ്‌മീരി കവിയും മാധ്യമപ്രവര്‍ത്തകനുമായ അഹമ്മദ് ഫര്‍ഹാദ് ഷായെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് പ്രതിരോധ സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടി ഇസ്‌ലാമാബാദ് ഹൈക്കോടതി. ജസ്റ്റിസ് മൊഹ്‌സിന്‍ അക്തര്‍ കയാനിയുടേതാണ് നടപടി. ബുധനാഴ്‌ചയാണ് അഹമ്മദ് ഫര്‍ഹാദ് ഷായെ വീട്ടില്‍ നിന്ന് സുരക്ഷ ഏജന്‍സികള്‍ കടത്തിക്കൊണ്ടു പോയത്.
ഷായെ ഉടന്‍ മോചിപ്പിക്കണമെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍, അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഷായെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിക്കവെയാണ് ഷായെ ഉടന്‍ കണ്ടെത്തണമെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ജമീല്‍ സഫറിനോട് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പ്രതിരോധ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഷായുടെ ഭാര്യയ്‌ക്ക് വേണ്ടി അഭിഭാഷകരായ ഇമാന്‍ സൈനബ് മസാരി, ഹാദി അലി ചാത്ത എന്നിവര്‍ കോടതിയില്‍ ഹാജരായി. എസ്‌എസ്‌പി സഫര്‍, അസിസ്റ്റന്‍റ് അറ്റോര്‍ണി ജനറല്‍ ഉസ്‌മാന്‍ റസൂല്‍ ഘുമാന്‍ തുടങ്ങിയവരും ഹാജരായിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരോധാന കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള പോസിറ്റീവ് പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്ന് വിസ്‌താരത്തിനിടെ ജസ്റ്റിസ് കയാനി എസ്‌എസ്‌പിയോട് ആരാഞ്ഞു. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്‌ത മിസിങ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
നിര്‍ബന്ധിത തിരോധാനങ്ങള്‍ക്കെതിരെ നിയമനിര്‍മാണം കൊണ്ടുവരണമെന്നും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും കോടതി പ്രതികരിച്ചു. 'ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ കാണാതാകുന്നു, ഇവരില്‍ കൂടുതലും മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ആണ്. എഎസ്‌ഐ സെക്‌ടര്‍ കമാന്‍ഡറും പ്രതിരോധ സെക്രട്ടറിയും വിഷയത്തില്‍ ഇടപെട്ട് പരിഹരിക്കണം. പ്രതിരോധ സെക്രട്ടറിയ്‌ക്ക് സാധിക്കില്ലെങ്കില്‍ വിഷയം മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും' -കോടതി പറഞ്ഞു.
വിഷയത്തില്‍ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്‍റെ ബന്ധപ്പെട്ട മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രതിരോധ സെക്രട്ടറിയ്‌ക്ക് കോടതി നിര്‍ദേശം നല്‍കിയത്. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. അതേസമയം വിഷയത്തില്‍ കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഷ്‌ട്രീയ നേതാവ് മുസ്‌തഫ നവാസ് ഖോഖര്‍ പറഞ്ഞു.