ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിലുളള (എൽഎസി) പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇന്ത്യയും ചൈനയും അഭിപ്രായങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്‌ച ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്നലെ ബീജിങ്ങിൽ നടന്ന ഇന്ത്യ- ചൈനയുടെ വർക്കിങ് മെക്കാനിസത്തിന്‍റെ 29-ാമത് യോഗത്തിലാണ് ഇരു രാജ്യങ്ങളുടെയും അതിർത്തി കാര്യങ്ങൾ (Working Mechanism for Consultation and Coordination on India–China Border Affairs) സംബന്ധിച്ചുളള തീരുമാനങ്ങൾ ഉണ്ടായത്. നിലവിലെ ഉഭയകക്ഷി കരാറുകൾക്കും പ്രോട്ടോക്കോളുകൾക്കും അനുസൃതമായി ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ നയതന്ത്ര, സൈനിക ഇടപാടുകൾ സമാധാനപരവും, സുഖമവും സ്ഥിരമായ സമ്പർക്കം പുലർത്താനും ഇരുപക്ഷങ്ങളും സമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു
ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച വിദേശകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി, ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബൗണ്ടറി ആന്‍റ് ഓഷ്യാനിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്‌ടർ ജനറൽ എന്നിവരാണ് യോഗത്തിന് നേതൃത്വം നൽകിയത്.
അതേസമയം കഴിഞ്ഞ വർഷം നവംബറിൽ ഡബ്ല്യുഎംസിസിയുടെ 28-ാമത് യോഗം ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ മേഖലയിലെ എൽഎസിയിലെ സ്ഥിതിഗതികൾ ഇരുപക്ഷവും അവലോകനം ചെയ്‌തിരുന്നു.
ശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കിഴക്കൻ ലഡാക്കിൽ പൂർണമായ വിച്ഛേദനം നേടാനുമായി ആഴത്തിലുള്ള ചർച്ചകൾ നടന്നിരുന്നെന്ന് വിദേശകാര്യമന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം സാങ്‌നാൻ (അരുണാചലിനെ ചൈന വിളിക്കുന്ന പേര്) എക്കാലത്തും തങ്ങളുടെതെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ പൂർണമായും തളളി.
അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇന്ത്യയുടെ വികസന പരിപാടികളിൽ നിന്നും അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിന്നുമുളള പ്രയോജനങ്ങൾ നേടുന്നത് തുടരുമെന്ന് മാർച്ച് 19 ന് വിദേശകാര്യ മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.