ദുബായ്: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. അസർബൈജാൻ അതിർത്തിയിലുള്ള ജോൽഫ നഗരത്തിന് സമീപം ഹെലികോപ്‌ടര്‍ ഇടിച്ചിറക്കിയെന്നാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലൂടെ യാത്ര ചെയ്യുകയായിരുന്നു റൈസി. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്ക് പടിഞ്ഞാറ് മാറിയാണ് സംഭവം. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്ത് വിട്ടിട്ടില്ല.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥയും പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും കാരണം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടെത്താനായിട്ടില്ല. റെയ്‌സിയെ കൂടാതെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവരും ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
പ്രസിഡന്‍റ് റെയ്‌സിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ഇറാന്‍റെ ഫാർസ് ന്യൂസ് ഏജൻസി ആഹ്വാനം ചെയ്‌തത് പ്രദേശത്ത് കനത്ത മഴയും കാറ്റും ഉള്ളതായി റിപ്പോർട്ടുണ്ട്.
അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് റൈസി ഇന്ന് (19-05-2024) രാവിലെ അസർബൈജാനിൽ എത്തിയത്.
Also Read : ഗാസയിലെ അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേല്‍; 20 പേര്‍ കൊല്ലപ്പെട്ടു - Airstrike In Gaza Refugee Camp