ടെല്‍ അവീവ് (ഇസ്രയേല്‍) : ഇസ്രയേല്‍ ബുധനാഴ്‌ച നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്‌ട്രീയ നേതാവ് ഇസ്‌മയില്‍ ഹനിയയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേനയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഹമാസ് സൈനിക സെല്‍ കമാന്‍ഡര്‍ അമീര്‍ ഹനിയ, ഹമാസ് സൈനിക പ്രവര്‍ത്തകരായ മുഹമ്മദ്, ഹസീം ഹനിയ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗാസയില്‍ വച്ചാണ് മൂവരെയും ഐഎഎഫ് വിമാനം ആക്രമിച്ചത്. കൊല്ലപ്പെട്ട മൂവരും ഹമാസ് രാഷ്‌ട്രീയ നേതാവ് ഇസ്‌മയില്‍ ഹനിയയുടെ മക്കാളാണ് എന്ന് ഐഡിഎഫ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ചു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഷാതി അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഹനിയയുടെ നാല് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അതേസമയം, മാധ്യമങ്ങളോട് സംസാരിക്കവേ തന്‍റെ മൂന്ന് മക്കളും നാല് കൊച്ചുമക്കളും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്‌മയില്‍ ഹനിയയും സ്ഥിരീകരിച്ചു. തങ്ങളുടെ കുടുംബങ്ങളെ ഇസ്രയേല്‍ സൈന്യം ലക്ഷ്യം വച്ചാല്‍ തിരിച്ചടിക്കുമെന്നും ഇസ്‌മയില്‍ ഹനിയ വ്യക്തമാക്കി.
തന്‍റെ കുടുംബത്തിലെ 60ഓളം പേര്‍ ഇതിനോടകം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹനിയ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മക്കളും മരുമക്കളും കൊച്ചുമക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.