ഗാസ: ഹമാസിന്‍റെ മുഖ്യ സൂത്രധാരനും തലവനുമായ യഹിയ സിന്‍വാര്‍ ഗാസയിൽ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് യഹിയ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആകാനുള്ള സാധ്യതയുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഹമാസ് തലവൻ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ഹമാസ് തലവനെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. യഹിയ സിൻവാർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് റാഫയിൽ വച്ച് അദ്ദേഹത്തെ വധിച്ചത്. തിന്മയ്ക്ക് ഇസ്രയേല്‍ വൻ തിരിച്ചടി നല്‍കി. ഇത് ഗാസയിലെ യുദ്ധത്തിന്‍റെ അവസാനമല്ലെന്നും തുടക്കമാണെന്നും നെതന്യാഹു പറഞ്ഞു.
Yahya Sinwar is dead.
— Benjamin Netanyahu - בנימין נתניהו (@netanyahu) October 17, 2024
He was killed in Rafah by the brave soldiers of the Israel Defense Forces.
While this is not the end of the war in Gaza, it's the beginning of the end. pic.twitter.com/C6wAaLH1YW
വലിയൊരു നേട്ടമാണ് യഹിയയുടെ മരണമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചത്. ഒക്‌ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കും ക്രൂരതയ്ക്കും ഉത്തരവാദിയായ കൂട്ടക്കൊലയാളി യഹ്‌യ സിൻവാറിനെ ഐഡിഎഫ് സൈനികർ കൊലപ്പെടുത്തിയെന്ന് കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു
ലോകത്തിനും ഇസ്രയേലിനും വളരെ നല്ലൊരു ദിവസമെന്ന് അമേരിക്ക
ലോകത്തിനും ഇസ്രയേലിനും വളരെ നല്ലൊരു ദിവസമാണ് ഇതെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം. ഹമാസ് നേതാക്കളെ നിർദാക്ഷിണ്യം പിന്തുടരാൻ അമേരിക്കൻ ഇന്‍റലിജൻസ് ഇസ്രയേൽ പ്രതിരോധ സേനയെ സഹായിച്ചെന്നും ബൈഡൻ പറഞ്ഞു. ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇസ്രയേലിന് എല്ലാ അവകാശവുമുണ്ട്.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്‍റെ സൂത്രധാരനാണ് കൊല്ലപ്പെട്ടത്. എത്ര കാലമെടുത്താലും ലോകത്തെവിടെയും ഒരു തീവ്രവാദികൾക്കും നീതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു. 2011 ൽ ഒസാമ ബിൻ ലാദനെ വധിച്ചതിന് സമാനാണ് ഹമാസ് തലവന്‍റെ കൊലപാതകമെന്നും, തന്‍റെ ഇസ്രയേലി സുഹൃത്തുക്കൾക്ക് ഇത് ആശ്വാസത്തിന്‍റെയും ഓർമ്മപ്പെടുത്തലിന്‍റെയും ദിവസമാണെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു.
ആരാണ് കൊല്ലപ്പെട്ട ഹമാസ് തലവൻ:
1962 ൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് യഹിയ സിൻസാര്‍ ജനിച്ചത്, ഈ പ്രദേശം ഈജിപ്ഷ്യൻ നിയന്ത്രണത്തിലായിരുന്നു. ഇസ്രയേല്‍ എന്ന രാജ്യത്തിന്‍റെ രൂപീകരണത്തിനിടയിൽ അറബികളെ വൻതോതിൽ വംശീയ ഉന്മൂലനം ചെയ്‌ത പലസ്‌തീൻ നക്ബ ("ദുരന്തം") കാലത്ത് 1948 ൽ സയണിസ്‌റ്റ് ശക്തികൾ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ അഷ്‌കെലോണിൽ നിന്ന് പുറത്താക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1980 കളുടെ തുടക്കത്തിൽ സിൻവാർ മുസ്‌ലിം ബ്രദർഹുഡിൽ സജീവമായിരുന്നു, ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ കോളേജ് വിദ്യാർഥിയായിരിക്കെ ഇസ്രയേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്‌റ്റ് ചെയ്യപ്പെട്ടു. ഹമാസിന്‍റെ ആഭ്യന്തര സുരക്ഷാ സേനയായ അൽ മജ്‌ദ് സ്ഥാപിച്ചത് സിൻവാര്‍ ആയിരുന്നു. ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ-ഖസാം ബ്രിഗേഡ്‌സ് സ്ഥാപിച്ചതും സിൻവാറായിരുന്നു.
കൊലപാതകക്കുറ്റം ആരോപിച്ച് 1988 ൽ സിൻവാറിനെ ഇസ്രയേൽ പ്രതിരോധ സേന അറസ്‌റ്റ് ചെയ്‌തു. 22 വര്‍ഷക്കാലം ഇസ്രയേലിന്‍റെ തടവറയിലായിരുന്നു സിൻവാര്‍. പിന്നീട് മാനുഷിക പരിഗണനയെന്ന പേരില്‍ ഇസ്രയേല്‍ സേന സിൻവാറിനെ വിട്ടയച്ചു.
ശേഷം, കഴിഞ്ഞ ഓഗസ്‌റ്റില്‍ ഇസ്‌മായിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവാർ ഹമാസ് തലവനായത്. കഴിഞ്ഞ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു.
Read Also: പുതിയ ഹമാസ് തലവനെയും വധിച്ചു? യഹ്‌യ സിൻവറിനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന