ന്യൂഡല്‍ഹി : രാജ്യത്തെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നു എന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് നല്‍കിയ ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വനേസ ഡഗ്നാക്ക് ഇന്ത്യ വിട്ടു (French journalist Vanessa Dougnac leaves India). ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളായ ലാ ക്രോയിക്‌സ്, ലെ പോയിന്‍റ്, സ്വിസ് പത്രം ലെ ടെംപ്‌സ്, ബെല്‍ജിയം പത്രമായ ലെ സോയര്‍ എന്നിവയുടെ സൗത്ത് ഏഷ്യന്‍ ലേഖികയായിരുന്നു വനേസ. കണ്ണീരോടെയാണ് താന്‍ ഇന്ത്യ വിടുന്നത് എന്നായിരുന്നു വനേസയുടെ പ്രതികരണം.
വനേസയ്‌ക്ക് ഇന്ത്യയില്‍ തുടരാന്‍ ആവശ്യമായ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു (French journalist Vanessa Dougnac OCI card issues). എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഫലത്തിനായി കാത്തിരിക്കാനാകില്ല എന്നായിരുന്നു വനേസ പ്രതികരിച്ചത്.
വനേസയുടെ വാക്കുകള്‍ : കണ്ണീരോടെയാണ് ഞാൻ ഇത് എഴുതുന്നത്. 25 വർഷം മുമ്പ് വിദ്യാർഥിയായി വന്ന, 23 വർഷം പത്രപ്രവർത്തകയായി ജോലി ചെയ്‌ത ഇന്ത്യ, ഇന്ന് ഞാൻ വിടുകയാണ്. ഞാൻ വിവാഹം കഴിച്ചതും എൻ്റെ മകനെ വളർത്തിയതും ഞാൻ എൻ്റെ വീട് എന്ന് വിളിക്കുന്നതുമായ സ്ഥലം.
ഇന്ത്യ വിടുന്നത് എൻ്റെ താത്‌പര്യ പ്രകാരമല്ല. ഇന്ത്യ ഗവൺമെൻ്റ് എന്നെ നിർബന്ധിച്ച് പറഞ്ഞുവിടുകയാണ്. പതിനാറ് മാസം മുമ്പ്, ആഭ്യന്തര മന്ത്രാലയം ഒരു പത്രപ്രവർത്തകയെന്ന നിലയിൽ ജോലി ചെയ്യാനുള്ള എൻ്റെ അവകാശം നിഷേധിച്ചു, കാരണങ്ങളോ ന്യായീകരണങ്ങളോ നൽകാതെയും കേൾക്കാതെയും. അതിനുശേഷം, ഈ ഏകപക്ഷീയമായ നടപടിയുടെ വിശദീകരണത്തിനോ അവലോകനത്തിനോ വേണ്ടിയുള്ള എൻ്റെ ആവർത്തിച്ചുള്ള അഭ്യർഥനകളോട് മന്ത്രാലയം ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം, എൻ്റെ ലേഖനങ്ങൾ 'ദുരുദ്ദേശ്യപരമാണെന്നും', 'ഇന്ത്യയുടെ പരമാധികാരത്തിൻ്റെയും അഖണ്ഡതയുടെയും താത്‌പര്യങ്ങൾക്ക് എതിരാണെന്നും' ആരോപിച്ച് എനിക്ക് ഒരു നോട്ടിസ് അയച്ചു. കൂടാതെ എൻ്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കാതിരിക്കാൻ മതിയായ കാരണം ബോധിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. എൻ്റെ ലേഖനങ്ങൾ പ്രകോപനപരവും സമാധാനത്തിന് ഭംഗം വരുത്തുന്നതുമാണെന്നും നോട്ടിസിൽ അവകാശപ്പെട്ടിരുന്നു.
ഇനി ഇവിടെ എനിക്ക് എന്‍റെ ജോലി ചെയ്യാൻ കഴിയില്ല. സ്റ്റേറ്റിന്‍റെ താത്‌പര്യങ്ങൾ മുൻവിധികളാക്കി അന്യായമായി എനിക്കുമേൽ കുറ്റങ്ങൾ ആരോപിക്കുകയാണ്. എനിക്ക് ഇന്ത്യയിൽ ജീവിക്കാനും ഉപജീവനമാർഗം കണ്ടെത്താനും കഴിയില്ലെന്ന് വ്യക്തമായി. വിവിധ ഫോറങ്ങൾക്ക് മുമ്പിൽ ഞാൻ ഈ ആരോപണങ്ങൾക്കെതിരെ പോരാടുകയാണ്, നിയമ നടപടികളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്നാൽ അതിൻ്റെ ഫലത്തിനായി കാത്തിരിക്കാൻ എനിക്ക് കഴിയില്ല.
എൻ്റെ ഒസിഐ സ്റ്റാറ്റസുമായി ബന്ധപ്പെട്ട നടപടികൾ എന്നെ തകർത്തു. പ്രത്യേകിച്ചും ഇപ്പോൾ ഒസിഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വിയോജിപ്പ് തടയാനുള്ള ഇന്ത്യൻ ഗവൺമെൻ്റിൻ്റെ വിപുലമായ ശ്രമത്തിൻ്റെ ഭാഗമായി ഞാൻ അവയെ കാണുന്നു. ഞാൻ ജോലി മാറണമെന്ന് അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു. പക്ഷേ, ഞാൻ ഒരു പത്രപ്രവർത്തകയാണ്, ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഒരു തൊഴിലാണ് പത്രപ്രവർത്തനം, തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ കാരണം അത് ഉപേക്ഷിക്കാൻ എനിക്ക് സമ്മതമല്ല.
പിന്തുണ അറിയിച്ച എല്ലാ വ്യക്തികൾക്കും സുഹൃത്തുക്കൾക്കും പത്രപ്രവർത്തക സമൂഹത്തിലെ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയിൽ ഒരു പത്രപ്രവർത്തകയായി ഞാൻ ചെലവഴിച്ച അസാധാരണമായ 23 വർഷത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഉപഭൂഖണ്ഡത്തില്‍ ഉടനീളമുള്ള സാഹസികമായ ഇടപെടലുകൾ നിറഞ്ഞ ഒരു പ്രവർത്തനകാലായിരുന്നു ഞാനിവിടെ നയിച്ചത്, കൂടാതെ ഇന്ത്യന്‍ ചരിത്രത്തിൻ്റെ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷ്യം വഹിക്കാൻ എനിക്ക് അവസരം ലഭിച്ചു.
ഫ്രഞ്ച് സംസാരിക്കുന്ന എൻ്റെ വായനക്കാരുമായി ഈ രാജ്യത്തിൻ്റെ സങ്കീർണതയും സമ്പന്നതയും പങ്കിടാൻ ആഗ്രഹിക്കുന്ന ഒരു വിദേശ ലേഖികയായിരിക്കുക എന്നത് ഒരു പദവിയും ബഹുമതിയും ആയിരുന്നു. ജനങ്ങളുടെ ഊഷ്‌മളതയും ഈ അപാരമായ രാജ്യത്തിന്‍റെ സൗന്ദര്യവും സംബന്ധിച്ച എൻ്റെ ഓർമ്മകൾ എനിക്ക് വിലപ്പെട്ടതാണ്. ഡൽഹി എൻ്റെ പ്രിയപ്പെട്ട നഗരമായിരുന്നു, ഇവിടെയാണ് എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഞാൻ ജീവിച്ചത്. ഇപ്പോൾ ഈ നഗരത്തോട് വിടപറയുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്നെങ്കിലുമൊരു ദിവസം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.