ഇസ്‌ലാമാബാദ്: മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, ഭാര്യ ബുഷ്‌റ ബീബിക്കും 14 വര്‍ഷം തടവ്. തോഷഖാന അഴിമതിക്കേസിലാണ് കോടതി വിധി. 787 മില്യൺ (പാകിസ്ഥാൻ രൂപ) പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഇമ്രാന്‍ ഖാന് വിലക്കുണ്ട്. പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെയാണ് വിധി വന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്‍ ഖാന്‍റെ പേരിലുള്ള കേസ്. പാകിസ്ഥാനിലെ ഭരണാധികാരികൾ, നിയമ നിർമാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്‍റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്.
എന്നാല്‍ തനിക്ക് ലഭിച്ച സമ്മാനങ്ങൾ തോഷഖാനയിലേക്ക് നല്‍കാതെ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്‌തത്. ഇമ്രാൻ ഖാൻ അധികാരത്തിലിരിക്കെ അറബ് രാഷ്ട്രങ്ങളിൽ സന്ദർശിച്ചപ്പോൾ ലഭിച്ച വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ അടച്ചു. പിന്നീട് ഇത് വൻ ലാഭത്തിൽ മറിച്ചുവിറ്റുവെന്നാണ് ആരോപണം.
2018-ൽ ഇമ്രാൻ ഖാൻ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പാകിസ്ഥാൻ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവർത്തകൻ നൽകിയ അപേക്ഷയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത് (Former Pakistani Prime Minister Imran Khan And Wife Gets 14-Year Prison Sentence In Third Conviction).
തുടര്‍ന്ന് 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്ഥാൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്‌തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇമ്രാന്‍ഖാനും ഭാര്യയും ചേര്‍ന്ന് 108 സമ്മാനങ്ങള്‍ സ്വീകരിച്ചതായി കണ്ടെത്തുകയായിരുന്നു.
അതേസമയം വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍റെ അഭിഭാഷകൻ ബാബർ അവാൻ രംഗത്തെത്തി. തങ്ങളുടെ അഭിഭാഷക സംഘത്തിന്‍റെ വാദത്തിനായി കാത്തുനില്‍ക്കാതെ ജഡ്‌ജി മുൻ പ്രധാനമന്ത്രിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിടുക്കത്തിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍റെ അടിസ്ഥാന മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതിന് ഇമ്രാൻ ഖാനെയും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെയും ഔദ്യോഗിക രഹസ്യ നിയമപ്രകാരം പാകിസ്ഥാൻ പ്രത്യേക കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോഷാഖാന കേസിലെ വിധി.