നെയ്‌റോബി: കെനിയയില്‍ വിദ്യാലയത്തിന്‍റെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ പതിനേഴ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
അപകടകാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്‌ച രാത്രിയാണ് ന്യേരി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡാര്‍ഷ പ്രൈമറിയില്‍ തീപിടിത്തമുണ്ടായതെന്നും പൊലീസ് വക്താവ് റസീല ഒന്യാന്‍ഗോ പറഞ്ഞു. പതിനാല് വയസുവരെ പ്രായമുള്ള കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്.
പത്തിനും പതിനാലിനുമിടയില്‍ പ്രായമുള്ള 150 ആണ്‍കുട്ടികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ന്യേരി കൗണ്ടി കമ്മീഷണര്‍ പയസ് മുരുഗു പറഞ്ഞു. കെട്ടിടത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും തടി കൊണ്ട് നിര്‍മ്മിച്ചതാണ്. അത് കൊണ്ട് തന്നെ തീ അതിവേഗം പടര്‍ന്നു. രാജ്യത്തിന്‍റെ പ്രധാനമേഖലയിലുള്ള വിദ്യാലയത്തില്‍ 824 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്ക് ഭാഗത്തായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് തടി കൊണ്ടുള്ള നിര്‍മ്മിതികളാണ് ഏറെയും. കനത്ത മഴ മൂലം പാതകളില്‍ ചെളി നിറഞ്ഞിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്ന് ന്യേരി കൗണ്ടി ഗവര്‍ണര്‍ മുതാഹി കഹിഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആധിയോടെ കാത്ത് നില്‍ക്കുന്ന രക്ഷിതാക്കളെക്കൊണ്ട് വിദ്യാലയ പരിസരം നിറഞ്ഞിരുന്നു.
വാര്‍ത്ത ഏറെ വേദനാജനകമാണെന്ന് പ്രസിഡന്‍റ് വില്യം റൂത്തോ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്ന് താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ബോര്‍ഡിംഗ് സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന് വൈസ് പ്രസിഡന്‍റ് റിഗാത്തി ഗച്ചാഗുവ നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം കെനിയയിലെ ബോര്‍ഡിംഗ് സ്കൂളുകളില്‍ തീപിടിത്തം നിത്യസംഭവമായി മാറിയിരിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗവും കുട്ടികളുടെ ബാഹുല്യവും ഇതിന് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘമായ യാത്രകള്‍ ഒഴിവാകുന്നതിലൂടെ പഠിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം കിട്ടുമെന്ന് കരുതിയാണ് മിക്ക രക്ഷിതാക്കളും കുട്ടികളെ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ നിര്‍ത്തുന്നത്.
ജീവിത സാഹചര്യങ്ങള്‍, വര്‍ദ്ധിച്ച പഠന ഭാരം എന്നിവയ്‌ക്കെതിരെ കുട്ടികള്‍ നടത്തുന്ന പ്രതിഷേധങ്ങളും ചിലപ്പോള്‍ തീപിടിത്തത്തിലേക്ക് നയിക്കാറുണ്ട്. നെയ്റോബിയില്‍ 2017ല്‍ ഒരു വിദ്യാര്‍ഥി കൊളുത്തിയ തീയില്‍ പത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.
2001ലാണ് രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ തീപിടിത്തം ഒരു വിദ്യാലയത്തില്‍ ഉണ്ടായത്. മചാകോസ് കൗണ്ടയിലെ ഒരു ഡോര്‍മിറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 67 വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞു. ഡോര്‍മിറ്ററികളില്‍ മതിയായ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
രണ്ട് വശത്തും വാതിലുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടയില്‍ ഒരു അടിയന്തര വാതിലും സജ്ജമാക്കണം. ജനാലകള്‍ക്ക് ഗ്രില്ലുകള്‍ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ ഇതിലൂടെ സാധിക്കണം. തീയണക്കല്‍ സംവിധാനങ്ങളും അലാറവും സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.
Also Read: കോഴിക്കോട് അറപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു -