ബീജിങ്: കിഴക്കന്‍ ലഡാക്കിലെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്ന് ചൈനയുടെ സ്ഥിരീകരണം. അടുത്തിടെയായി സൈനിക-നയതന്ത്ര മാര്‍ഗങ്ങളിലൂടെ നടന്ന ആശയവിനിമയത്തിലൂടെയാണ് ഇന്തോ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ധാരണയുണ്ടായതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഒരു പ്രമേയമുണ്ടാക്കിയിട്ടുണ്ട്. ഈ പ്രമേയം നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നും ലിന്‍ ജിയാന്‍ കൂട്ടിച്ചേർത്തു. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റഷ്യയിലെ കസാനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന് പിങും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുമോ എന്ന ചോദ്യത്തിന്- കൂടുതല്‍ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ നാല് വര്‍ഷമായി ഇരുരാജ്യത്തെയും സൈനികര്‍ തുടരുന്ന പട്രോളിങിനാണ് അന്ത്യമായിരിക്കുന്നത്.
2020ജൂണില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് ഏഷ്യന്‍ മേഖലയിലെ രണ്ട് അതികായര്‍ തമ്മിലുള്ള ഈ ശീതയുദ്ധത്തിന് തുടക്കമായത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സൈനിക സംഘര്‍ഷമായിരുന്നു 2020 ല്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായത്.