ലണ്ടൻ: ഡാർക്ക് വെബിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സൈറ്റുകൾ സൃഷ്‌ടിച്ച് മോഡറേറ്റ് ചെയ്‌ത ബ്രിട്ടീഷ് മെക്കാനിക്കിന് 16 വർഷം തടവ് (Boss of Indian-origin staffer behind child abuse site jailed in UK). 28 കാരനായ നഥാൻ ബേക്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യൻ വംശജനായ ജീവനക്കാരന്‍റെ സഹായത്തോടെയാണ് ഇയാൾ സൈറ്റുകൾ സൃഷ്‌ടിച്ചിരുന്നത്. ഇംഗ്ലണ്ടിലെ ചെസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. നാഷണൽ ക്രൈം ഏജൻസി നടത്തിയ അന്വേഷണത്തിലാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈറ്റിൻ്റെ മൂന്ന് മോഡറേറ്റർമാരിൽ ഒരാളായ പ്രതി പിടിയിലായത്.
കഴിഞ്ഞ വർഷം ഇയാളുടെ ജീവനക്കാരിൽ ഒരാളായ സൈക്യാട്രിസ്റ്റായ കബീർ ഗാർഗ് (33) എന്നയാളെ യുകെ കോടതി ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ഗാർഗിനെക്കൂടാതെ, ഏകദേശം 29 സ്റ്റാഫ് അംഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും ബേക്കിനായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സൈറ്റിൻ്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിനും അത് സുഗമമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കുന്നതിനും അവരോടൊപ്പം പ്രവർത്തിച്ചു.
അനെക്‌സിന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ് ബേക്ക്. ആഗോളതലത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് എളുപ്പമാക്കാൻ ഇയാൾ പ്രവർത്തിച്ചുവെന്ന് എൻസിഎ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഡാനിയൽ വേവെൽ പറഞ്ഞു.
നിലവിൽ അനെക്‌സിന്‍റെ പ്രവർത്തനം സജീവമല്ല. കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമം ഉൾപ്പെടെ ഏറ്റവും തീവ്രമായ രീതിയിലുള്ള ദുരുപയോഗ സാമഗ്രികൾ പങ്കുവയ്ക്കാനും ചർച്ച ചെയ്യുന്നതിനും കൂടി ലോകത്തുടനീളം 90,000 പേരാണ് അനെക്‌സ് ഉപയോഗിച്ചിരുന്നത്.