വാഷിങ്ടണ്‍ : തിങ്കളാഴ്‌ച നടക്കുന്ന അയോധ്യ പ്രതിഷ്‌ഠ ആഘോഷമാക്കാനൊരുങ്ങി അമേരിക്കയിലെ ഹൈന്ദവ വിശ്വാസ സമൂഹവും(Ayodhya Pran prathishta). അമേരിക്കയില്‍ എമ്പാടുമായുള്ള ക്ഷേത്രങ്ങളില്‍ ഈയാഴ്ച ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും (US temples Celebrations).
550 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ രാമ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നത് നഗരവാസികള്‍ക്ക് ആകെ ആഹ്‌ളാദം പകരുന്നുവെന്നും ലോകമെമ്പാടുമുള്ള നൂറ് കോടിയിലേറെ വരുന്ന ഹിന്ദുക്കള്‍ക്ക് ഇത് സന്തോഷ നിമിഷമാണെന്നും അമേരിക്കയിലെ ഹിന്ദു സര്‍വകലാശാല അധ്യക്ഷന്‍ കല്യാണ വിശ്വനാഥന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിന്‍റെ നിത്യ സ്മാരകമായ അയോധ്യ തകര്‍ച്ചയ്ക്കും അവഗണനയ്ക്കും ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്നും അദ്ദേഹം തന്‍റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടി (VHP Organizes various programmes) .
തിങ്കളാഴ്ചയാണ് അയോധ്യയില്‍ പ്രതിഷ്‌ഠാ ചടങ്ങുകള്‍. അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അയോധ്യയില്‍ പ്രതിഷ്‌ഠ നടക്കുന്നത്. വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണിത്. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഇത് ആഘോഷമാക്കുകയാണെന്നും ടെക്സസിലെ സീതാരാം ഫൗണ്ടേഷന്‍റെ കപില്‍ശര്‍മ്മ പറഞ്ഞു. ഇവരുടെ ഹൂസ്റ്റണിലെ ക്ഷേത്രത്തിലും പ്രതിഷ്‌ഠയോട് അനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സുന്ദരകാണ്ഡ പാരായണം സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. ഇതിന് പുറമെ ഹവനം, ശ്രീരാമപട്ടാഭിഷേകം എന്നിവയും നടക്കും. കൂടാതെ ഘോഷയാത്രയും പ്രസാദമൂട്ടും ഉണ്ടാകും. അയോധ്യയില്‍ നിന്നുള്ള പ്രസാദവും മണ്ണും വിതരണം ചെയ്യും. അയോധ്യയില്‍ നിന്ന് ഇതിനായി പ്രത്യേകം എത്തിച്ചവയാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ മേരിലാന്‍ഡ് ഗവര്‍ണര്‍ വ്യൂസ് മൂര്‍ പങ്കെടുക്കും. ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആഘോഷത്തില്‍ പാകിസ്ഥാന്‍ വംശജരും പങ്കെടുക്കും.
ലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് പൂവണിയുന്നതെന്ന് അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്ത് അംഗം അമിതാഭ് മിത്തല്‍ പറഞ്ഞു. അമേരിക്കയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്ത് ആണ്. ആയിരത്തിലേറെ ക്ഷേത്രങ്ങളാണ് അമേരിക്കയിലെമ്പാടുമായി ഉള്ളത്. എല്ലായിടത്തും ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ ഡിസിയിലെ വിഎച്ച്പി ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ കാര്‍ റാലി, ശ്രീരാമപൂജ, സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മേരിലാന്‍ഡിലെ ഹൈസ്കൂളിലാണ് പരിപാടികള്‍ നടക്കുന്നത്. ഇരുപതിലേറെ നഗരങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് കാര്‍ റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ബേ മേഖലയില്‍ 600ലേറെ കാറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്കോയിലും രാമഭക്തര്‍ കാര്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മൊബൈല്‍ ട്രക്കുകളിലൊരുക്കിയ രാമന്‍റെ ഛായാചിത്രങ്ങളുടെ അകമ്പടിയോടെയാണ് റാലി. രാമന്‍റെ അപദാനങ്ങളും പരിപാടിയില്‍ മുഴങ്ങുമെന്ന് ദീപ്തി മഹാജന്‍ പറഞ്ഞു.
വിഎച്ച്പി അമേരിക്കയുടെ വിവിധയിടങ്ങളില്‍ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്‌സമയ പ്രക്ഷേപണം നടത്താനായി സ്ഥലങ്ങള്‍ വാടകയ്ക്ക് എടുത്തിയിട്ടുണ്ട്. ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ്ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളിലാണ് കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പ്രതിഷ്ഠാ വേളയില്‍ സോണി ശ്രീമദ് രാമായണം ടൈം സക്വയറില്‍ പ്രദര്‍ശിപ്പിക്കും.