ലോകത്തുടനീളമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 2-ാം തീയതി ലോക നാളികേര ദിനമായി ആചരിക്കുന്നു. കേരവൃക്ഷത്തിന്‍റെ ഗുണങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക, തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക എന്നിങ്ങനെ ഇതിന്‍റെ സമഗ്ര വികസനമാണ് നാളികേര ദിനത്തിന്‍റെ പ്രധാനം ലക്ഷ്യം.
2009 മുതലാണ് നാളികേര ദിനം ആചരിക്കാൻ ആരംഭിച്ചത്. പ്രധാനമായും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പാസേജിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് (എ പി സി സി) നാളികേര ദിനത്തെ ശ്രദ്ധേയമാക്കിയത്. 1988 ൽ നാളികേരത്തിന് വൻ വിലയിടിവുണ്ടായതിനെ തുടർന്ന് കർഷകർ ദുരിതത്തിലായിരുന്നു. തടുർന്ന് നാളികേരം കൃഷി ചെയ്യാൻ ആരും തന്നെ മുന്നോട്ടു വരാത്ത സാഹചര്യവും ഉടലെടുത്തു. ഇതോടെ വിളയുടെ ഉത്പാദനവും ബന്ധപ്പെട്ട വ്യവസായവും ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി. തുടർന്നാണ് വിള സംരക്ഷിക്കുന്നതിനായി സെപ്റ്റംബർ 2 ന് ലോക നാളികേര ദിനമായി ആചരിക്കാൻ എ പി സി സി തീരുമാനിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉല്‌പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കേരളം, തമിഴ്‍നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് നാളികേരം കൂടുതലായി ഉല്‌പാദിപ്പിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ഉല്‌പാദനം നടക്കുന്ന സംസ്ഥാനം കേരളവുമാണ്. മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നാളികേരം. പൊതുവെ നാളികേര ചേർത്ത ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് കേരളീയർ. തെങ്ങ് വൈവിധ്യമാർന്ന ഒരു ഫലവൃക്ഷമായതിനാൽ തന്നെ നിരവധി ഉപയോഗമാണ് ഇതുകൊണ്ടുള്ളത്. പൂക്കുല, ഇളനീർ, തേങ്ങാ, തേങ്ങാ വെള്ളം, ചിരട്ട, തൊണ്ട്, ചകിരി, ഓല, തടി തുടങ്ങി ഈ വിള പലതരത്തിൽ മനുഷ്യന് ഉപയോഗപ്പടുന്നവയാണ്.
തേങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ തേങ്ങ വളരെയധികം സഹായിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
അമിത ഭാരം ഒഴുവാക്കാൻ സ്വാധീനം ചെലുത്തുന്നു.
തേങ്ങയിൽ അടങ്ങിയിട്ടുള്ള അയേൺ, കോപ്പർ എന്നിവ ചുവന്ന രക്താണുക്കളെ ഉല്‌പാദിപ്പിക്കാൻ സഹായിക്കുന്നു.
തേങ്ങയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളത്. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവ ധാരാളവുമുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്താനും ഫലപ്രദമാണ്.
ചർമം സംരക്ഷിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ചർമത്തിലെ നേർത്ത വരകൾ, വീക്കം, ചുളിവുകൾ എന്നിവ അകറ്റാൻ ഇത് സഹായിക്കുന്നു
കണ്ണിനു ചുറ്റുമുള്ള ഡാർക്ക് സർക്കിൾ കുറയ്ക്കാൻ ഇത് ഉത്തമമാണ്.
അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.
ദഹനം മെച്ചപ്പെടുത്താൻ തേങ്ങ ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കുടലിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ കൂടുതൽ അളവിൽ തേങ്ങയിൽ ഉള്ളതിനാൽ ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.