തിരുവനന്തപുരം : ഇന്ന് ലോക ആസ്ത്മ ദിനം. പ്രതിവര്‍ഷം 760 ദശലക്ഷം പേര്‍ ആസ്‌ത്മ രോഗികളാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷം തോറും ഏകദേശം 4,50,000 പേരാണ് ആസ്ത്മ രോഗം ബാധിച്ച് മരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടും ആസ്ത്മയെ കുറിച്ച് ശരിയായ അവബോധമില്ലാത്തവര്‍ ഇന്നും സമൂഹത്തിലുണ്ട്. ആസ്ത്മയെ ഫലപ്രദമായ രീതിയില്‍ നേരിടാനുള്ള വഴികള്‍ വിശദീകരിക്കുകയാണ് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ് ഡോ. സോഫിയ സലീം മാലിക്.
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങള്‍ കാരണം ചിലരുടെ ശ്വാസനാളത്തിന്‍റെ സങ്കോചം കാരണം ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം പ്രയാസം ഏറെ നാളുകള്‍ നിലനില്‍ക്കും. വിട്ടുമാറാത്ത ഇത്തരം ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് ആസ്‌ത്മ. ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധമാണ് ആസ്ത്മയ്ക്ക് കാരണം.
വീടിനുള്ളിലെയോ പുറത്ത് നിന്നോ ഉള്ള പൊടി, വീട്ടിലെ ചെറു പ്രാണികള്‍, പൂമ്പൊടികള്‍, പ്രാണികള്‍, പക്ഷികളുടെ വിസര്‍ജ്യം, ഫംഗസ്, തീവ്രമായ താപനില, ചിരി, വ്യായാമം, ചില മരുന്നുകള്‍ എന്നിവയാണ് ഇതുവരെ ശാസ്ത്രീയമായി ആസ്ത്മയക്ക് കാരണമായി കണ്ടെത്തിയിട്ടുള്ളത്.
ആസ്ത്മയുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം? : ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ച് ഇറുകുന്ന പോലെ തോന്നുക, രാത്രിയിലെ ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് ആസ്ത്മയുടെ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം പൂര്‍ണമായും ആസ്ത്മയുടേതാകണമെന്നില്ലെന്ന് ഡോ.സോഫിയ പറയുന്നു. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയും ആസ്‌തമ തിരിച്ചറിയാന്‍ സാധിക്കും.
ബ്രോങ്കോഡൈലേറ്റര്‍ മരുന്ന് കഴിക്കുന്നതിനും മുമ്പും ശേഷവുമാണ് ശ്വാസകോശ പ്രവര്‍ത്തന പരിശോധന നടത്തുക. പീക്ക് ഫ്ലോ മീറ്റര്‍ (Peak Flow Meter), ബ്രോങ്കിയല്‍ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test), അലര്‍ജി പരിശോധന (Allergy Test), ബ്രീത്ത് നൈട്രിക് ഓക്സൈഡ് ടെസ്റ്റ് (Breath Nitric Oxide Test), കഫത്തിലെ ഇസിനോഫില്‍ അളവ് (Measuring Sputum Eosinophil Counts) എന്നീ പരിശോധന രീതികളിലൂടെയും ആസ്ത്മ കണ്ടെത്താനാകും.
ആസ്ത്മയ്ക്ക് പരിഹാരമെന്ത്? : ആസ്ത്മ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാകില്ല. എന്നാല്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. റെസ്‌ക്യൂ അല്ലെങ്കില്‍ റിലീവര്‍ മരുന്നുകളും കണ്‍ട്രോളര്‍ മരുന്നുകളുമാണവ.
ബ്രോങ്കോഡൈലേറ്ററുകളും സ്റ്റിറോയിഡുകളും അടങ്ങിയ മരുന്നുകളാണ് ഇവ രണ്ടും. ബാക്‌ടീരിയ അണുബാധകള്‍ മൂലം ആസ്ത്മ ബാധിക്കുമ്പോള്‍ ഓക്‌സിജനും ആന്‍റിബയോട്ടിക്കുകളും അടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെട്ട പരിചരണമാണ് ആവശ്യം.
രോഗികള്‍ ശ്രദ്ധിക്കേണ്ടത് : പുകവലി ഉപേക്ഷിക്കുക, ഡോക്‌റുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുക, പ്രതിരോധ കുത്തിവയ്പ്പായ ഫ്‌ളു വാക്‌സിന്‍ (Flu Vaccine) കൃത്യമായെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗത്തിന് ആശ്വാസം ലഭിക്കും. ആസ്ത്മയെ ഫലപ്രദമായി സമൂഹത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇന്‍റര്‍ നാഷണല്‍ റെസ്‌പിറേറ്ററി കൂട്ടായ്‌മകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ.സോഫിയ സലീം മാലിക് പറയുന്നു.