ശൈത്യകാലം ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആകുലപ്പെടുന്ന കാലം കൂടിയാണിത്. തണുപ്പ് കാലത്ത് ചർമ്മ പ്രശ്‌നങ്ങൾ വർധിച്ചു വരാറുണ്ട്. അതിനാൽ ശാരീരികാരോഗ്യം പോലെ തന്നെ ചർമ്മത്തിന്‍റെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മ പ്രശ്‌നങ്ങൾ ചെറുക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനുമായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ കലവറയാണ് സിട്രസ് പഴങ്ങൾ. പതിവായി ഇവ കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്താൻ സഹായിക്കുന്ന കൊളാജൻ ഉത്പാദനത്തെ വിറ്റാമിന് സി പ്രോത്സാഹിപ്പിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. അതിനാൽ ഓറഞ്ച്, മുന്തിരിപ്പഴം, നാരങ്ങ തുടങ്ങിയ പഴങ്ങൾ സിട്രസ് ഡയറ്റിൽ ഉൾപ്പെടുത്തുക.
മാതളനാരങ്ങ
വിറ്റാമിൻ എ, സി, ഇ, ധാതുക്കൾ, പോളിഫെനോൾസ്, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് മാതളനാരങ്ങ. ഇത് സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കൊളാജൻ്റെ തകർച്ച തടയാനും സഹായിക്കുമെന്ന് ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രകോപനം തടയാനും ഗുണം ചെയ്യും.
ആപ്പിൾ
ആപ്പിളിൽ ആൻ്റി ഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഇതിലെ ക്വെർസെറ്റിൻ എന്ന സംയുക്തം അകാല വാർദ്ധക്യത്തിനും മുഖക്കുരു, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
കിവി
വിറ്റാമിൻ സി, ഇ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ നല്ലൊരു ഉറവിടമാണ് കിവി. ഇവ കൊളാജൻ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും സഹായിക്കുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നു. ഇതിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താനും കിവി സഹായിക്കും. അതിനാൽ കിവി പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.
സ്ട്രോബെറി
സ്ട്രോബെറിയിൽ വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും സമ്പന്നമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായിക്കും. കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും സ്ട്രോബെറി ഗുണകരമാണ്. ചർമ്മത്തിലെ ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഇല്ലാതാക്കാനും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും സ്ട്രോബെറി ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ശൈത്യകാലത്തെ ചർമ്മ പ്രശ്‌നങ്ങൾ തടയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ