യൂറോപ്പിലും അമേരിക്കയിലും ഭീതിപടർത്തുകയാണ് സ്ലോത്ത് ഫീവർ. ഒറോപൗഷെ വൈറസ് മൂലം ഉണ്ടാകുന്ന ഈ അപൂർവ രോഗം ലോകമെമ്പാടും വലിയ ഭീഷണിയാവുകയാണ്. രോഗം ബാധിച്ച് ഇതിനോടകം ബ്രസീലിൽ രണ്ട് പേർ മരിച്ചതായി സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ ബ്രസീൽ, ക്യൂബ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സ്ഥിതി സങ്കീർണമാണ്. കഴിഞ്ഞ 8 മാസത്തിനിടെ മൊത്തം 8000 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് മാസം ആദ്യം സിഡിസിയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) സ്ലോത്ത് ഫീവറിനെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ എന്താണ് സ്ലോത്ത് ഫീവറെന്ന് പലർക്കും അറിയില്ല. ഈ രോഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഡോ നന്ദകുമാർ.
എന്താണ് സ്ലോത്ത് ഫീവർ?
ഒറോപൗച്ചെ എന്ന വൈറസാണ് സ്ലോത്ത് ഫീവർ ഉണ്ടാകുന്നത്. മിഡ്‌ജസ്, ഈച്ച തുടങ്ങീ ചെറിയ പ്രാണികൾ വഴിയാണ് വൈറസ് പടരുന്നത്. ഡെങ്കി, ചിക്കുൻഗുനിയ, സിക വൈറസ് എന്നീ രോഗങ്ങളുടെ സമാനമായ ലക്ഷണങ്ങളാണ് സ്ലോത്ത് ഫീവറിനും കണ്ടുവരുന്നത്. സ്ലോത്ത് എന്നാൽ അനങ്ങാത്ത കരടി എന്നാണ് അർത്ഥം. 1955-ൽ സ്ലോത്ത് കരടികളിലാണ് ഒറോപൗഷെ വൈറസ് ആദ്യമായി കണ്ടെത്തിയത്. ആമസോൺ മേഖല, പെറു, അർജന്‍റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, തൊണ്ടവേദന, വിറയൽ, ശരീരവേദന, സന്ധി വേദന, ക്ഷീണം, ചുണങ്ങു എന്നിവയാണ് സ്ലോത്ത് പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം, അടിവയറ്റിൽ വേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ അപൂർവമായി കണ്ടുവരാറുണ്ട്. അതേസമയം രോഗത്തെ പ്രതിരോധിക്കാനായി പ്രത്യേക വാക്‌സിനോ കൃത്യമായ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധയേറ്റ ഒരാളിൽ മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങും. രോഗം മൂർച്ഛിക്കുന്നതിനു മുൻപേ ചികിത്സ ഉറപ്പാക്കുക.
ഗർഭിണികളിലെ അപകടസാധ്യത
വൈറസ് ബാധിച്ചവരിൽ 60 % പേരും ഏഴ് ദിവസത്തിനുള്ളിൽ രോഗമുക്തരാകാറുണ്ട്. എന്നാൽ ഗർഭിണികളിൽ രോഗം ബാധിച്ചാൽ കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നു. ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന രോഗമാണ് സ്ലോത്ത് ഫീവർ.
ചികിത്സ
നിലവിൽ പ്രത്യേക മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല. സ്ലോത്ത് ഫീവർ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സഞ്ചാരികളെയാണ്. കൊതുക്, ഈച്ച, ചെറിയ പ്രണികൾ എന്നിവയുടെ കടിയേൽക്കാതിരിക്കുന്നതിലൂടെ രോഗത്തെ ചെറുക്കാൻ സാധിക്കും. അതേസമയം രോഗം അപകടകരമാകാനുള്ള സാധ്യത കുറവാണ്. പൊതുവെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ നൽകുന്നത്. രോഗിയ്ക്ക് നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത് തടയുന്നതിനായി ധാരാളം വെള്ളം കുടിക്കണം.
അതേസമയം ഇന്ത്യയിൽ പ്രതിരോധ നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. വിദേശത്തു നിന്ന് വരുന്ന വിദേശികളെ പരിശോധനയ്ക്ക് വിധേയരാക്കുകയും പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ജലാംശം നിലനിർത്തുക, പനി ഗുളികകൾ കഴിക്കുക, ധാരാളം വിശ്രമിക്കുക എന്നിവ വൈറസ് ബാധയിൽ നിന്നുള്ള സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുന്നു.
Also Read: ഡെങ്കിപ്പനി പടരുന്നു: ശ്രദ്ധിക്കണം ഈ ലക്ഷണങ്ങളെ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ