പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി, കെ, ഒമേഗ ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ നെയ്യിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിലും ഇന്ത്യൻ പാചകത്തിലും നൂറ്റാണ്ടുകളായി നെയ്യ് ഉപയോഗിച്ച് വരുന്നു. ഹൃദയം, മസ്‌തിഷ്‌കം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണമാണ് നെയ്യ്. ഇതിലെ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് ഓക്‌സിഡേറ്റീവ് മെഡിസിൻ ആൻഡ് സെല്ലുലാർ ലോംഗ്വിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി. എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നെയ്യ് സഹായിക്കും. പതിവായി നെയ്യ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനം
ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ നെയ്യ് വളരെയധികം സഹായിക്കും. ദഹനം വേഗത്തിലാക്കാനും ഇത് ഗുണം ചെയ്യും. അതിനാൽ രാവിലെ വെറും വയറ്റിൽ ഒരു സ്‌പൂൺ നെയ്യ് കഴിക്കുന്നത് നല്ലതാണ്.
കുടലിന്‍റെ ആരോഗ്യം
നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടേറ്റ് കുടൽ പാളിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും മലബന്ധ പ്രശ്‌നങ്ങൾ അകറ്റാനും നെയ്യ് ഫലപ്രദമാണ്. പോഷകങ്ങളെ ആഗിരണം ചെയ്യാനും നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
രോഗപ്രതിരോധ ശേഷി
ആൻ്റി ഓക്‌സിഡൻ്റും ആൻ്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വിറ്റാമിൻ എ, വിറ്റാമിൻ ഇ, ബ്യൂട്ടിറേറ്റ് എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ഇതിലെ ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അണുബാധകളെ ചെറുക്കാനും സഹായിക്കും. നെയ്യ് വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ചര്‍മ്മത്തിന്‍റെ ആരോഗ്യം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നെയ്യ്. ചർമ്മം ഈർപ്പമുള്ളതാക്കാനും ചുളിവുകൾ, നേർത്ത വരകൾ എന്നിവ അകറ്റി ചർമ്മം തിളക്കമുള്ളതായി നിലനിർത്താനും ഇത് സഹായിക്കും. ഇതിൽ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനും ഗുണം ചെയ്യും.
ശരീരഭാരം നിയന്ത്രിക്കും
കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന തെർമോജെനിസിസ് നെയ്യിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം നിയന്ത്രിക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും സഹായിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും നെയ്യ് ഗുണം ചെയ്യുമെന്ന് കൺസൾട്ടൻ്റ് ഡയറ്റീഷ്യൻ ജയശ്രീ ബാനിക് പറയുന്നു.
കണ്ണിൻ്റെ ആരോഗ്യം
വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് നെയ്യ്. ഇത് കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്‌ച നിലനിർത്താനും സഹായിക്കും. രാത്രികാലങ്ങളിൽ കാഴച കുറയുന്ന അവസ്ഥ, മാക്യുലർ ഡീജനറേഷൻ ഉൾപ്പെടെയുള്ള നേത്ര രോഗങ്ങൾ തടയാനും നെയ്യ് ഫലം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ കഴിക്കാം ഈ സൂപ്പർഫുഡ്