കൊളമ്പസ്: മാനസിക പിരിമുറുക്കം എന്നത് മാനസികാരോഗ്യത്തിന്‍റെ ഭാഗം മാത്രമായി കരുതുന്നവരാണ് നമ്മൾ. എന്നാൽ ഇത് ശാരീരികാരോഗ്യത്തിന്‍റെ കൂടി ഭാഗമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിട്ടുമാറാത്ത സമ്മർദ്ദം വലിയ ശാരീരിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാമെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്. ഇത് മെറ്റബോളിക് സിൻഡ്രോമിന്‍റെ ഭാഗമായി ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകാം(Research Claims That Stress Has A Chance To Increase Inflammation In Body).
ജീവിതശൈലിയും ജനിതകശാസ്‌ത്രവുമല്ലാതെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായ പല ഘടകങ്ങളും മെറ്റബോളിക് സിൻഡ്രോം എന്ന രോഗത്തിന്‍റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കണക്കാക്കുന്നു.
മാനസിക സമ്മർദത്തെ നിയന്ത്രിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ മാനസിക ആരോഗ്യത്തോടൊപ്പം ശാരീരികാരോഗ്യവും മെച്ചപ്പെടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മാനസിക സമ്മർദം നിയന്ത്രിക്കുക എന്നത് ആരോഗ്യ വിദഗ്‌ദരുടെ സഹായമില്ലാതെ നമുക്ക് തന്നെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതുമാണെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അധ്യാപകൻ ജസ്‌മീത് ഹേയ്‌സ് പറഞ്ഞു.
മെറ്റബോളിക് സിൻഡ്രോം ഉള്ള ആളുകൾക്ക് ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളായ വയറിലെ അമിത കൊഴുപ്പ്, ഉയർന്ന രക്തസമ്മർദ്ദം, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ ഉയർന്ന അളവ്, ട്രൈഗ്ലിസറൈഡിന്‍റെ ഉയർന്ന അളവ് തുടങ്ങിയവ കാണുന്നു.
യുഎസിലെ എഴുത്തുകാരൻ സവാന ജുർഗൻസ് 648 പേരെ പങ്കെടുപ്പിച്ച് മെറ്റബോളിക് സിൻഡ്രോമും ശരീരത്തിൽ രൂപപ്പെടുന്ന വീക്കങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ സർവ്വെ നടത്തിയിരുന്നു. വീക്കമുണ്ടാകുന്നതും സമ്മർദവും തമ്മിൽ ബന്ധമുണ്ടെന്നും, വീക്കം മെറ്റബോളിക് സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും, സമ്മർദ്ദം മെറ്റബോളിക് സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന ഫലമാണ് ലഭിച്ചത്.