അമിതവണ്ണം, പൊണ്ണത്തടി എന്നിവ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. ശരീരഭാരം വർധിക്കുന്നത് പല ഗുരുതര രോഗങ്ങൾക്കും കാരണമായേക്കും. എന്നാൽ ചില രോഗങ്ങളുടെ ഭാഗമായും അമിതവണ്ണം ഉണ്ടാകാം. അനാരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ശരീരഭാരം വർധിക്കുന്നതിന്‍റെ പ്രധാന കാരണങ്ങൾ. സമ്മർദ്ദം, അമിതമായ മദ്യപാനം, ഉറക്കകുറവ് എന്നിവയും തടി കൂടുന്നതിന് ഇടയാക്കും. അതിനാൽ തന്നെ തടി കുറച്ച് ശരിയായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ജിമ്മിൽ പോകാതെ, സ്ട്രിക്റ്റ് ഡയറ്റ് പിന്തുടരാതെ ഉറങ്ങി വണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ ?
ഉറക്കക്കുറവ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ
രാത്രി ഉറങ്ങി പകൽ സമയത്ത് ഉണർന്നിരിക്കുന്ന ജീവിയാണ് മനുഷ്യൻ. അതിനാൽ രാത്രി ഏറെ വൈകിയുള്ള ഉറക്കം ശരീരത്തിൽ ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് ഉണ്ടാകാൻ കാരണമാകും. ഇത് വേദന ഉണ്ടാക്കുന്നവ ആയിരിക്കണമെന്നില്ല. എന്നാൽ ശരീരത്തിലെ പ്രധാന അവയവങ്ങളായ പാൻക്രിയാസ്, ലിവർ തുടങ്ങിയവയിൽ നീർക്കെട്ട് ഉണ്ടാക്കും.
ഉറക്കക്കുറവ് ഹൃദയത്തെയും സാരമായി ബാധിക്കും. സിർകാഡിയൻ റിഥം എന്നറിയപ്പെടുന്ന "ബോഡി ക്ലോക്കിൽ" ഉണ്ടാകുന്ന തടസം ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. താരതമ്യേന ആരോഗ്യം അൽപ്പം കുറവുള്ള ഒരാളിൽ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. രാത്രി ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ഏകാഗ്രത കുറവ്, ഉന്മേഷക്കുറവ് എന്നിവയ്ക്ക് കാരണമാകും.
അതേസമയം തുടർച്ചയായി നാല് ദിവസം വരെ ഉറക്കകുറവ് നേരിട്ടാൽ പാൻക്രിയാസിന്‍റെ പ്രവത്തനത്തെ ബാധിക്കുകയും ഇന്സുലിന് റെസിസ്റ്റൻസ് ഉണ്ടാക്കുകയും ചെയ്യും. ഇത് പ്രമേഹ സാധ്യത വർധിക്കാനും ഇടയാകും. രാത്രി ശരിയായ ഉറക്കം കിട്ടാതെ വന്നാൽ പിറ്റേന്ന് പലർക്കും മലബന്ധ പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.
അമിത വിശപ്പുണ്ടാക്കും
ഉറക്കം കുറഞ്ഞാൽ വിശപ്പ് നിയന്ത്രിക്കുന്ന ഗ്രെനിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാകും. ഇത് അമിത വിശപ്പിന് കാരണമാകും. രാത്രിയിൽ ഏറെ വൈകിയിട്ടും ഉറങ്ങാതിരുന്നാൽ എന്തെങ്കിലും കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കും. ഉറക്കം കുറയുന്നതിന് അനുസരിച്ച് ശരീരഭാരം വർധിക്കാനുള്ള സാധ്യതയും കൂടും. 10 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് പൊണ്ണത്തടിയുണ്ടാകാനുള്ള ഒരു പ്രധാന കാരണവും ഉറക്കക്കുറവാണ്.
നേരത്തെ ഉറങ്ങാനായി ചെയ്യേണ്ടത്
കൃത്യസമയത്ത് ഉറക്കം വരാത്തതാണ് മിക്ക ആളുകളുടെയും പ്രശ്‌നം. എന്നാൽ നേരത്തിന് ഉറങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണ് നോക്കാം
- വൈകീട്ട് കുളിക്കുകയോ മേൽകഴുകുകയോ ചെയ്യുക.
- 8 മണിയ്ക്ക് മുൻപ് അത്താഴം കഴിക്കുക.
- അത്താഴത്തിന് ശേഷം അൽപം നടക്കാം.
- ഉറങ്ങാൻ പോകുന്നതിന്‍റെ ഒരു മണിക്കൂർ മുൻപ് മുതൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
- മനസിന് പ്രയാസമുണ്ടാക്കുന്ന ചിത്രങ്ങൾ, ശബ്‌ദങ്ങൾ എന്നിവ മുറിയിൽ നിന്ന് എടുത്തു മാറ്റുക.
- ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ ഉപയോഗം ഒഴിവാക്കുക.
- പാട്ട് കേൾക്കുകയോ പുസ്‌തകം വായിക്കുകയോ ചെയ്യാം.
- ഉച്ചകഴിഞ്ഞുള്ള കാപ്പി കുടി ഒഴിവാക്കാം.
- മദ്യപനം, പുകവലി എന്നിവ ഒഴിവാക്കാം.
Also Read : ഈ മൂന്ന് പാനീയങ്ങൾ കുടിച്ചോളൂ, ശരീരഭാരം കുറയ്ക്കാം ഈസിയായി