ന്യൂഡൽഹി : കുട്ടിക്കാലത്തുണ്ടാകുന്ന വയറിളക്കം മൂലമുള്ള ശിശുമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'ദേശീയ സ്റ്റോപ്പ് ഡയേറിയ കാമ്പെയ്‌ൻ 2024' ആരംഭിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ . 5 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള കോ-പാക്കേജായി 2 ഒആര്‍എ്സ് പാക്കറ്റുകളും സിങ്കും മുൻകൂട്ടി നല്‍കുന്ന രണ്ട് മാസം നീളുന്ന ഡ്രൈവ് ആണ് കാമ്പെയ്‌നിൽ ഉൾപ്പെടുന്നത്.
'ഞങ്ങളുടെ ആരോഗ്യ പ്രവർത്തകർക്ക് രാജ്യത്തിന്‍റെ വിദൂര കോണുകളിൽ എത്താനും 220 കോടി ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകാനും കഴിയുമെങ്കിൽ, സ്റ്റോപ്പ് ഡയേറിയ കാമ്പെയ്‌നിലും നമ്മുട ആരോഗ്യ പ്രവർത്തകർക്ക് അതേ ശക്തമായ ഡെലിവറി സംവിധാനം സൃഷ്‌ടിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്' നദ്ദ പറഞ്ഞു.
'മിഷൻ ഇന്ദ്ര ധനുഷ്, റോട്ടവൈറസ് വാക്‌സിൻ, ഈ സ്റ്റോപ്പ് ഡയേറിയ കാമ്പെയ്‌ൻ എന്നിവ തമ്മിൽ സവിശേഷമായ ഒരു ബന്ധമുണ്ട്. ഞാൻ മുമ്പ് ആരോഗ്യമന്ത്രിയായിരിക്കെ ആരംഭിച്ചതാണ് ഈ പദ്ധതികളെല്ലാം. കേന്ദ്ര ഗവൺമെന്‍റിന്‍റെ വിവിധ പദ്ധതികള്‍ വയറിളക്കം മൂലമുള്ള ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും' അദ്ദേഹം പറഞ്ഞു.
2014ൽ ഇന്ത്യയാണ് ആദ്യമായി റോട്ടാവൈറസ് വാക്‌സിൻ അവതരിപ്പിച്ചതെന്ന് നദ്ദ എടുത്ത് പറഞ്ഞു. ദേശീയ ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്‌മാൻ ആരോഗ്യ മന്ദിർ ശൃംഖലയുടെ വിപുലീകരണം എന്നിവ രാജ്യത്ത് വയറിളക്കം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതില്‍ ഗണ്യമായ സംഭാവന നൽകിയതായും നദ്ദ പറഞ്ഞു.
'ഡയേറിയ കി റോക്തം, സഫായി ഔർ ഒആർഎസ് സെ രാഖേൻ അപ്‌നാ ധ്യാന്‍' കാമ്പെയ്‌നിന്‍റെ 2024ലെ മുദ്രാവാക്യം. സ്റ്റോപ്പ് ഡയേറിയ കാമ്പെയ്‌ൻ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ജൂൺ 30 വരെ തയ്യാറെടുപ്പ് ഘട്ടവും ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 പ്രചാരണ ഘട്ടവുമാണ്. 2024 വരെ കാമ്പെയ്‌ൻ തുടരും.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളുള്ള വീടുകളിൽ ആശാ പ്രവർത്തകർ ഒആർഎസ്, സിങ്ക് കോ-പാക്കേജുകൾ വിതരണം ചെയ്യുക, ആരോഗ്യ കേന്ദ്രങ്ങളിലും അംഗൻവാടി കേന്ദ്രങ്ങളിലും ഒആർഎസ്-സിങ്ക് കോർണറുകൾ സ്ഥാപിക്കുക, വയറിളക്ക നിയന്ത്രണത്തിനായുള്ള ബോധവത്കരണ ശ്രമങ്ങൾ ഊർജിതമാക്കുക എന്നിവയാണ് ഈ കാലയളവിലെ പ്രധാന പ്രവർത്തനങ്ങൾ.