ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ വ്യായാമം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വണ്ണം കുറച്ച് ഫിറ്റായിരിക്കാൻ വേണ്ടിയാണ് പലരും പതിവായി വ്യായാമത്തിൽ ഏർപ്പെടുന്നത്. ചിലർ വീട്ടിൽ നിന്ന് തന്നെ വ്യായാമം ചെയ്യുമ്പോൾ മറ്റു ചിലർ ജിമ്മുകളെ ആശ്രയിക്കുന്നു. എന്നാൽ വ്യായാമം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാണ് വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പ്. വ്യായാമ സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ഏറെ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ. പ്രത്യേകിച്ച് സ്ത്രീകൾ ബ്രാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ഏത് ബ്രാ തെരഞ്ഞെടുക്കണം
വ്യായാമം ചെയ്യുമ്പോൾ സ്‌തനങ്ങളുടെ ആകൃതി നല്ല രീതിയിൽ നിലനിർത്താൻ സ്പോർട്‌സ് ബ്രാ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വ്യായാമങ്ങൾക്കനുസരിച്ചാണ് ബ്രാ തെരഞ്ഞെടുക്കേണ്ടത്. ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ സെമി സ്പോർട്‌സ് ബ്രാ ധരിക്കുന്നതാണ് ഉത്തമം. അതേസമയം കഠിനമായ വ്യായാമം ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഫുൾ സ്പോർട്‌സ് ബ്രാ തന്നെ വേണം ധരിക്കാൻ.
വ്യായാമം ചെയ്യുമ്പോൾ സ്‌തനങ്ങൾക്ക് ചലനം സംഭവിക്കുകയും ഇത് പല സ്‌ത്രീകളിലും വേദന അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. എന്നാൽ സ്പോർട്‌സ് ബ്രാ ധരിച്ച് വ്യായാമം ചെയ്യുമ്പോൾ ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ മാറിടത്തിന് നല്ല ആകൃതി നൽകാനും വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പതിവായി സ്പോർട്ട് ബ്രാ ധരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ അത് ഒഴിവാക്കുക. കാരണം സ്ഥിരമായി സ്‌പോർട്‌സ് ബ്രാ ധരിക്കുന്നവരിൽ രക്തയോട്ടം കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ വ്യായാമം ചെയ്യുമ്പോൾ മാത്രമേ സ്പോർട്‌സ് ബ്രാ ധരിക്കാവൂ. സ്പോർട്‌സ് ബ്രാ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊന്ന് നിങ്ങളുടെ സൈസിനെക്കാൾ ഒരു സൈസ് കുറഞ്ഞത് വേണം തെരഞ്ഞെടുക്കാൻ. മാത്രമല്ല നിങ്ങളുടെ സ്‌തന വലിപ്പത്തിന് കൃത്യമായി യോജിച്ചത് തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വ്യായാമം ചെയ്യുമ്പോൾ ഇറുകിയ ബ്രാ തന്ന വേണം ധരിക്കാൻ. എന്നാൽ പതിവായി ഇറുകിയ ബ്രാ ഉപയോഗിക്കുമ്പോൾ മാറിടത്തിൽ നിറ വ്യത്യാസം ഉണ്ടാകാൻ കാരണമാകും. കൂടാതെ ഇറുകിയ ബ്രാ സ്‌തനാർബുദം വരെ ഉണ്ടാകാൻ കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. അതിനാൽ സ്പോർട്‌സ് ബ്രാ വ്യായാമം ചെയ്യുമ്പോൾ മാത്രം ധരിക്കുന്നതാണ് ഉത്തമം.