നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ വിത്ത്. നാരുകളാൽ സമ്പുഷ്‌ടമായ മത്തങ്ങ വിത്ത് പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ആന്‍റി -ഓക്‌സിഡന്‍റുകൾ, ഫൈറ്റോകെമിക്കൽസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധശേഷി മെച്ചപ്പെടുത്താനും വൈറൽ അണുബാധ അകറ്റാനും സഹായിക്കും. പുരുഷന്മാരിൽ കാണപ്പെടുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകൾ വളരെയധികം ഗുണം ചെയ്യുന്നു.
ഹൃദയാരോഗ്യം
പല ആന്‍റി -ഓക്‌സിഡന്‍റുകൾ, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്‌ഫറസ്, വിറ്റാമിൻ എ, ബി, സി, ഡി, ബി 12 എന്നീ പോഷകങ്ങളുടെ ഒരു കലവറയാണ് മത്തങ്ങ വിത്തുകൾ. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വൃക്കകളുടെ പ്രവർത്തനം
വിവിധ ആൻ്റി -ഓക്‌സിഡൻ്റുകൾ, ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്‌ടമായ മത്തങ്ങ വിത്തുകൾ കിഡ്‌നിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ദിവസേന മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തടയുന്നു
പ്രായമായ പുരുഷന്മാരിൽ മൂത്രശങ്ക അനുഭവപ്പെടാറുണ്ട്. ഇതിന്‍റെ പ്രധാന കാരണം പ്രമേഹത്തോടൊപ്പം പ്രോസ്റ്റേറ്റ് ഗ്രന്ഥി (പുരുഷ പ്രത്യുത്പാദന സംവിധാനത്തിലെ ഒരു പ്രധാന അവയവം) യിലുണ്ടാകുന്ന വീക്കമാണെന്ന് ആരോഗ്യ വിദഗ്‌ദർ പറയുന്നു. ഇത് പ്രോസ്റ്റേറ്റ് ക്യാൻസറിന് സാധ്യത വർധിപ്പിക്കുന്നു. എന്നാൽ സ്ഥിരമായി മത്തങ്ങ വിത്തുകൾ കഴിക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
2014-ൽ ജർമ്മൻ റിസർച്ച് ആക്‌ടിവിറ്റീസ് ഓൺ നാച്ചുറൽ നെഫ്രോളജി (GRANU) നടത്തിയ പഠനത്തിൽ ദിവസവും മത്തങ്ങ വിത്തുകൾ കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി ആരോഗ്യത്തോടെ ഇരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. 50 നും 80 നും ഇടയിൽ പ്രായമുള്ള 1,431 പുരുഷന്മാരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മത്തങ്ങ വിത്ത് നല്ലൊരു പ്രതിവിധിയാണ്. ദിവസവും മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നു. ഒരു സ്‌പൂൺ മത്തങ്ങ വിത്ത് കഴിക്കുന്നത് വിശപ്പ് അകറ്റാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ അകറ്റാനും ഗുണം ചെയ്യുന്നു. പ്രമേഹമുള്ള ആളുകൾ ദിവസവും ഒരു സ്‌പൂൺ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ഇതിനുണ്ട്. കൂടാതെ രാത്രിയിൽ ഉറക്കമില്ലാത്തവരും മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കാനും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും മത്തങ്ങ വിത്ത് വളരെയധികം സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: പ്രമേഹം നിയന്ത്രിക്കാം, മരുന്നില്ലാതെ... അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍ മാത്രം മതി!