ശരീര സൗന്ദര്യം സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. കറുത്ത് ഇടതൂര്‍ന്ന മുടിയാണ് എല്ലാവരുടെയും സ്വപ്‌നം. എന്നാല്‍ ആഗ്രഹം പോലെ ഇത് എല്ലാവരിലും സാധ്യമാകണമെന്നില്ല. ആഗ്രഹത്തിനൊത്ത് മുടി വളരാനും അതിന്‍റെ സംരക്ഷണത്തിനുമായി വിവിധ തരം എണ്ണകളും ഷാംപൂവും കണ്ടിഷനറുകളുമെല്ലാം ഉപയോഗിക്കുന്നവരാണ് മിക്കവരും.
വില കൂടിയ എണ്ണ ഉപയോഗിക്കുന്നവരും കുറവല്ല. മുടിയുടെ സംരക്ഷണത്തിനായി എത്ര എണ്ണ പുരട്ടിയാലും മുടി വരണ്ടതാകാറുണ്ട്. അതിനൊപ്പം തന്നെ അമിതമായി മുടി കൊഴിച്ചിലും ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മള്‍ പുരട്ടുന്ന എണ്ണയോ ഷാംപൂവോ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ഇവ എപ്പോഴും മാറ്റി പരീക്ഷിക്കുന്നവരാണ് മിക്കവരും.
മുടിക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണത്തെ കുറിച്ച് വിദഗ്‌ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് മുടിയെ ഇത്തരത്തില്‍ ബാധിക്കുന്നത്. എന്നാല്‍ ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ മാത്രമല്ല മറിച്ച് ഹൈപ്പോതൈറോയിഡ് ഉള്ളവരിലും അതുപോലെ ചിലരില്‍ ആര്‍ത്ത വിരാമ സമയത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
അമിതമായ മുടി കൊഴിച്ചിലോ വരള്‍ച്ചയോ ഉണ്ടെങ്കില്‍ ശാരീരിക അവസ്ഥ കൂടി കണക്കിലെടുത്ത് വേണം അതിന് പരിഹാരം കാണാന്‍. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യാനുള്ള മരുന്നുകളോ ഭക്ഷണങ്ങളോ കഴിക്കണം. വൈദ്യ സഹായം തേടിയതിന് ശേഷം മാത്രമെ ഇത്തരം മരുന്നുകള്‍ കഴിക്കാവൂ. അതല്ലെങ്കില്‍ അത് മറ്റ് രോഗങ്ങള്‍ക്ക് കാരണമാകും.
ഇതുകൂടാതെ ഇടയ്‌ക്കിടയ്‌ക്ക് കുളിക്കുന്നവരിലും ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കുന്നവരിലും സ്‌ട്രെയിറ്റണിങ് ചെയ്യുന്നവരിലും സമാന പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അമിതമായ രാസവസ്‌തുക്കളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. വെയിലത്തുള്ള നിരന്തര യാത്രകളും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
മുടി സംരക്ഷിക്കണം... ശ്രദ്ധിക്കേണ്ടത്:
- മുടി കഴുകി വൃത്തിയാക്കുമ്പോള്‍ അമിതമായി ഷാംപൂ ഉപയോഗിക്കാതിരിക്കുക.
- സള്‍ഫേറ്റ്, സിലിക്കണ്‍ എന്നിവ ഇല്ലാത്ത ഷാംപൂ വേണം തെരഞ്ഞെടുക്കാന്‍.
- ഹെയര്‍ സ്റ്റൈലിങ്ങിന് ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ആള്‍ക്കഹോള്‍ കണ്ടന്‍റ് ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക.
- ഇത്തരം പദാര്‍ഥങ്ങള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ആവശ്യം കഴിഞ്ഞ് ഉടന്‍ തന്നെ കഴുകി കളയണം.
- മുടി സോഫ്റ്റാവാന്‍ കണ്ടീഷനര്‍ വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്നത് വസ്‌തുക്കള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുക.
- കെമിക്കലുകള്‍ ഒന്നുമില്ലാത്ത വീട്ടില്‍ ലഭ്യമാകുന്ന വസ്‌തുക്കള്‍ കൊണ്ടുള്ള ഹെയര്‍ പാക്ക് ഉപയോഗിക്കുക.
- വാഴപ്പഴം, തൈര്, തേന്‍ എന്നിവ കൊണ്ട് ഹെയര്‍പാക്ക് ഉണ്ടാക്കാവുന്നതാണ്.
- ആഴ്‌ചയില്‍ 2 തവണ ഇത് ഉപയോഗിക്കാം.
- ജോജോബ ഓയില്‍, ബദാം ഓയില്‍, കോക്കനട്ട് ഓയില്‍ എന്നിവ പുരട്ടി മസാജ് ചെയ്‌ത് രാവിലെ കഴുകി കളയുന്നതും മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.