സാധാരണയായി ഇപ്പോള്‍ എല്ലാവരിലും കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഒന്നാണ് പ്രമേഹം. എന്നാൽ ഇത് ബാധിക്കാതിരിക്കാൻ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ആയുർവേദ വിദഗ്‌ധനായ ദീക്ഷ ഭവസർ പറയുന്നത് ഇങ്ങനെ.
- ജീവിത ശൈലിയിൽ നിന്ന് അകലുന്നത്
ചിലർക്ക് ദിവസം മുഴുവൻ ജോലിക്ക് വേണ്ടി സമയം ചെലവഴിക്കേണ്ടി വരും. ആ സമയം വ്യായാമത്തിന് അവർ പ്രാധാന്യം നൽകുന്നില്ല. ഇത് പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നുവെന്ന് ദീക്ഷ ഭവസർ പറയുന്നു. ഒരു ദിവസം 40 മിനിറ്റ് എങ്കിലും വ്യായാമത്തിനും 20 മിനിറ്റ് പ്രാണായാമത്തിനും നീക്കിവയ്‌ക്കണമെന്ന് അദ്ദേഹം പറയുന്നു.
വ്യായാമത്തിനായി നടത്തം, സൈക്ലിങ്, യോഗ എന്നിവ തെരഞ്ഞെടുക്കുക. ഇത്തരത്തിലുള്ള പ്രവർത്തികളിലൂടെ ശരീരത്തിലെ രക്ത ചംക്രമണം മെച്ചപ്പെടുകയും ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ആവശ്യമായ ഓക്‌സിജൻ വിതരണം ചെയ്യാനും സാധിക്കും. കൃത്യമായ വ്യായാമത്തിലൂടെ ആവശ്യാനുസരണം ശരീരത്തില്‍ ഇൻസുലിൻ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഈ ആഹാര സാധനങ്ങൾ വേണ്ട
പഞ്ചസാര, മൈദ, ഗ്ലൂറ്റന്‍ എന്നിവ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാകും. പഞ്ചസാര, മൈദ, ഗ്ലൂറ്റന്‍ എന്നിവയ്‌ക്കൊപ്പം നട്‌സ് കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചാല്‍ അത് പ്രമേഹത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കും. ഇതിന് പകരമായി റാഗി പോലുള്ള ധാന്യങ്ങളും ചേമ്പ് പോലുള്ള കിഴങ്ങ് വര്‍ഗങ്ങളും പയറുവര്‍ഗങ്ങളും ധാരാളമായി ഉപയോഗിക്കാം. നട്‌സില്‍ തന്നെ അണ്ടിപ്പരിപ്പ് ഏറെ നേരം വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം കഴിക്കുന്നതാണ് ഉത്തമമെന്ന് ദീക്ഷ ഭവസർ പറയുന്നു.
- അത്താഴം എപ്പോൾ കഴിക്കണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുകൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നതെന്ന് എല്ലാവർക്കും അറിയാം. ഷുഗർ ലെവൽ കുറയ്ക്കാൻ അത്താഴം എത്രയും നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. സൂര്യാസ്‌തമയത്തിന് മുമ്പ് അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പറയപ്പെടുന്നുണ്ട്. ജോലി സമയം കാരണം ഇതിന് കഴിയുന്നില്ലെങ്കിൽ രാത്രി എട്ടുമണിക്കെങ്കിലും ഭക്ഷണം കഴിക്കണമെന്ന് വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നു.
- ഭക്ഷണത്തിന് ശേഷം എപ്പോൾ ഉറങ്ങണം
പലരും ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാന്‍ കിടക്കുന്നവരാണ്. എന്നാല്‍ അത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഭക്ഷണം കഴിച്ച് ഉടന്‍ കിടന്നുറങ്ങുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ വര്‍ധിപ്പിക്കും. ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉറങ്ങുന്നതാണ് ശരീരത്തിന് നല്ലതെന്ന് വിദഗ്‌ധര്‍ പറയുന്നത്.
- മരുന്ന് മാത്രം പോരാ
ചിലർ പ്രമേഹത്തെ വളരെ നിസാരമായി കാണുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് മരുന്നിനെ മാത്രം ആശ്രയിക്കുന്നത് അഭികാമ്യമല്ല. മരുന്നുകളുടെ അമിതമായ ഉപയോഗം കാലക്രമേണ കരളിനെയും വൃക്കയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ദർ പറയുന്നു. മരുന്ന് കഴിക്കുന്നതിനോടൊപ്പം ജീവിത രീതി കൃത്യമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.