മധുരം കഴിക്കാൻ കൊതിയുള്ളവരാണ് പലരും. എന്നാൽ അമിതമായി മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, ഉയർന്ന ട്രൈഗ്ലിസറൈഡ് തോത്, ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിന് പുറമെ ചർമ്മ പ്രശ്‌നങ്ങൾക്കും കേശ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം അകാല വർധക്യത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ മധുരത്തോടുള്ള ആസക്തി കുറയ്‌ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.
ശരീരത്തിൽ ജലാംശം നിലനിർത്തുക
ശരീരത്തിൽ ജലാംശത്തിന്‍റെ അഭാവം ഉണ്ടാകുമ്പോൾ മധുരം കഴിക്കാനുള്ള ത്വരയായി തെറ്റുധരിക്കപ്പെട്ടേക്കാം. അതിനാൽ മധുരത്തോട് ആർത്തി തോന്നുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
ആരോഗ്യകരമായ കൊഴുപ്പുകൾ
ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായുള്ള തോന്നൽ ഉണ്ടാക്കും.
സമയത്തിന് ഭക്ഷണം കഴിക്കുക
കൃത്യസയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരാതെയിരിക്കാൻ സഹായിക്കും. അതിനാൽ പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയ സന്തുലിതമായ ഭക്ഷണം സമയാസമയത്ത് മുടങ്ങാതെ കഴിക്കുക. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ ഗുണം ചെയ്യും.
ശരിയായ ഉറക്കം
മതിയായ ഉറക്കം ലഭ്യമാക്കേണ്ടത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ പ്രധാനമാണ്. ഉറക്കക്കുറവ് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കും. ഇത് മധുര പലഹാരങ്ങളോട് ആർത്തി തോന്നാൻ കാരണമാകും. അതിനാൽ നല്ല ഉറക്കം ഉറപ്പാക്കുന്നത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
പച്ചനിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാം
പച്ച ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് മധുരത്തോടുള്ള ആർത്തി ഇല്ലാതാക്കാൻ സഹായിക്കും.
അനാരോഗ്യകരമായ പാനീയങ്ങൾ ഒഴിവാക്കുക
അധികം മധുരം അടങ്ങിയ കോള, പെപ്‌സി തുടങ്ങിയ പാനീയങ്ങളുടെ ഉപയോഗം ഒഴിവാക്കുക. പകരം ധാരാളം വെള്ളം കുടിക്കാം.
വ്യായാമം
പതിവായുള്ള വ്യായാമം ഹാപ്പി ഹോർമോണുകൾ എൻഡോഫിൻ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് വ്യായാമം മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യം നിലനിർത്താനും ഗുണം ചെയ്യും.
സമ്മർദ്ദം ഒഴിവാക്കാം
സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കോർട്ടിസോളിന്‍റെ അളവ് വർദ്ധിക്കാൻ ഇടയാക്കും. ഇത് മധുരത്തോടുള്ള ആസക്തിയ്ക്കും വിശപ്പിനും കാരണമാകും. ഇത് അമിത വണ്ണത്തിന് ഇടയാക്കികയും ചെയ്യും. അതിനാൽ സമ്മർദ്ദം ഒഴിവാക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ