തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന തടസങ്ങള്‍ പലപ്പോഴും പക്ഷാഘാതത്തിന് (സ്‌ട്രോക്ക്) കാരണമാകാറുണ്ട്. പക്ഷാഘാതം ഒരു വലിയ പ്രശ്‌നമാണ്. ജീവിതത്തില്‍ ഒരിക്കല്‍ ഇതുണ്ടായാല്‍ ചിലപ്പോള്‍ ജീവിത അവസാനം വരെയും ഇതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. തലച്ചോറിലെ തടസങ്ങള്‍ കാരണം രക്തക്കുഴലുകള്‍ പൊട്ടുമ്പോള്‍ അത് ശരീരത്തിലെ വിവിധ അവയവങ്ങളെയും ബാധിക്കും.
മാതാപിതാക്കള്‍ക്ക് പക്ഷാഘാതമുണ്ടായിട്ടുണ്ടെങ്കില്‍ അത് മക്കള്‍ക്കും ബാധിക്കാന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ 3 മടങ്ങ് കൂടുതലാണ് മക്കളിലും ഇതിനുള്ള സാധ്യത. അതിനാല്‍ ഈ റിസ്‌ക് ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ശരീരത്തിലുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പക്ഷാഘാതത്തിനുള്ള വലിയ കാരണം. ഇത്തരത്തിലുള്ളവരില്‍ 80 വയസിന് മുമ്പ് തന്നെ സ്‌ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ളവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷാഘാതം ഒഴിവാക്കാന്‍:
- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കഴിക്കുക.
- ഭക്ഷണം ക്രമപ്പെടുത്തുക.
- കൃത്യമായി വ്യായാമം ചെയ്യുക.
- ഇടവേളകളില്‍ ബിപി പരിശോധിക്കുക.
കൊളസ്‌ട്രോളും വലിയ വില്ലനാകും: ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് അധികരിച്ചാലും പക്ഷാഘാതത്തിന് സാധ്യതയുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ രക്തക്കുഴലുകളിലുണ്ടാക്കുന്ന തടസമാണ് ഇതിന് കാരണം. അമിതമായ കൊളസ്‌ട്രോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാകാറുണ്ട്. മാത്രമല്ല കൊഴുപ്പ് അമിതമായി അടിയുകയും ചെയ്യും.
ഇത് രക്തത്തിന്‍റെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും തുടര്‍ന്ന് രക്തക്കുഴല്‍ പൊട്ടുന്നതിനും കാരണമാകുന്നു. തലച്ചോറിലെ രക്ത കുഴലുകളില്‍ അടക്കം കൊളസ്‌ട്രോള്‍ കാരണം തടസങ്ങള്‍ ഉണ്ടാകും. ഈ രക്ത കുഴലുകള്‍ പൊട്ടുമ്പോഴാണ് ശരീരത്തിലെ മറ്റ് അവയവങ്ങളെയെല്ലാം ബാധിക്കുക.
പ്രമേഹവും നിയന്ത്രണത്തിലാക്കണം: പ്രമേഹവും പക്ഷാഘാതത്തിന് കാരണമാകുന്ന വില്ലനാണ്. അമിതമായ പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് പക്ഷാഘാത സാധ്യത വർധിപ്പിക്കും. പ്രമേഹമുള്ളവരിൽ ഉയർന്ന രക്തസമ്മർദ്ദം കാണപ്പെടുന്നു. ഇവ രണ്ടും കൂടിച്ചേരുന്നത് പക്ഷാഘാതത്തിനുള്ള സാധ്യതയെ ഇരട്ടിയാക്കുന്നുണ്ട്.
പുകവലിയും മയക്ക് മരുന്നും അപകടകാരി: പലതരം ശാരീരിക പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നതാണ് പുകവലി. അമിതമായ പുകവലി പക്ഷാഘാതത്തിന് കാരണമാകും. ശരീരത്തില്‍ മറ്റ് അപകട ഘടകങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും പുകവലി കാരണം ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടായേക്കാം.
അതിനാല്‍ പുകവലി ശീലമുള്ളവര്‍ ഉടന്‍ തന്നെ അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. മയക്ക് മരുന്ന് ഉപയോഗിക്കുന്നവരിലും സമാന സ്ഥിതിയാണുള്ളത്. ഓരോ തവണ മയക്ക് മരുന്ന് ഉപയോഗിക്കുമ്പോഴും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിച്ച് വരികയാണ്. ചിലരുടെ ശരീരത്തിലെ രക്തക്കുഴലുകള്‍ ബലഹീനമായിരിക്കും. അത്തരക്കാരില്‍ വേഗത്തില്‍ സ്‌ട്രോക്ക് സംഭവിക്കാം.
രക്ത കുഴലുകളിലെ തടസം കാരണം അവ തടിച്ച് വരികയും പിന്നീട് പൊട്ടുകയും ചെയ്യും. വളരെ ചെറിയ രക്തക്കുഴലുകള്‍ക്കാണ് പൊട്ടല്‍ സംഭവിക്കുന്നതെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകണമെന്നില്ല. എന്നാല്‍ വലിയ രക്തക്കുഴലുകള്‍ക്കാണ് പൊട്ടലുണ്ടാകുന്നതെങ്കില്‍ ശസ്‌ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ക്ക് വിധേയമാകേണ്ടിവരും.