ന്യൂഡല്‍ഹി: മുറിവുകള്‍ കെട്ടാന്‍ പ്രകൃതി സൗഹൃദ ബാന്‍ഡേജുമായി ഗവേഷകര്‍. വാഴനാരില്‍ നിന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്(Eco-Friendly Wound Dressing).
ലോകത്ത് ഏറ്റവും കൂടുതല്‍ വാഴകൃഷി ചെയ്യുന്ന രാജ്യമായ ഇന്ത്യയില്‍ വാഴക്കുല വെട്ടിക്കഴിഞ്ഞാല്‍ വന്‍തോതില്‍ വാഴപ്പിണ്ടി ഉപയോഗശൂന്യമാകുന്നുണ്ട്. കാര്‍ഷിക മാലിന്യമായ വാഴപ്പിണ്ടി പരിസ്ഥിതി സൗഹൃദമായ ബാന്‍ഡേജായി മാറ്റിയിരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഒരു സംഘം ശാസ്‌ത്രജ്ഞര്‍. കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആട്ടോണമസ് ഗവേഷണ കേന്ദ്രമാണിത്. വാഴനാരിനെ ബയോ പോളിമറുകളായ ചിറ്റോസാനും ഗുവാര്‍ ഗമ്മും ഉപയോഗിച്ചാണ് ആന്‍റി ഓക്‌സിഡന്‍റ് വസ്‌തുക്കളാക്കി മാറ്റിയിരിക്കുന്നത്(Banana Fibre).
പ്രൊഫ.ദേവാശിഷ് ചൗധരിയും വിരമിച്ച പ്രൊഫ. രാജലക്ഷ്മി ദേവിയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഐഎഎസ്‌എസ്ടി ഡീക്കന്‍ സര്‍വകലാശാലയിലെ സംയുക്ത പിഎച്ച്ഡി ഗവേഷക മൃദുസ്മിത ബര്‍മാനും പഠന സംഘത്തിലുണ്ടായിരുന്നു. ഔഷധ ഗുണമുള്ള ചില മരങ്ങളില്‍ നിന്നെടുത്ത കറകളും ഇതില്‍ ആന്‍റിബാക്ടീരിയല്‍ ഏജന്‍റുകളായി ഉപയോഗിച്ചിരിക്കുന്നു. പ്രാദേശികമായി ലഭ്യമായതും പ്രകൃതിയില്‍ നിന്നുള്ളതുമായ വിഭവങ്ങളാണ് ഇവയ്ക്കായി ഉപയോഗിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. നിര്‍മ്മാണ പ്രക്രിയ വളരെ ലളിതവും ചെലവ് കുറഞ്ഞതും വിഷരഹിതവുമാണ് എന്ന പ്രത്യേകതയുമുണ്ട്(Institute of Advanced Study in Science and Technology).
കര്‍ഷകര്‍ക്കും ഏറെ ഗുണമുണ്ടാക്കുന്ന പദ്ധതിയാണിത്. ഇതിന് പുറമെ വാഴക്കൃഷി മൂലമുണ്ടാകുന്ന പരിസ്ഥിതി മാലിന്യ പ്രശ്നത്തിനും ഇതൊരു പരിഹാരമാണ്. ഏതായാലും മുറിവുണക്കല്‍ രംഗത്ത് പുതിയൊരു പാതയാണ് ഈ കണ്ടെത്തല്‍ തുറന്ന് നല്‍കിയിരിക്കുന്നത്. ബയോമെഡിക്കല്‍ രംഗത്തും ഇതൊരു പുതിയ വഴിത്തിരിവാണെന്ന് പ്രൊഫ.ചൗധരി അവകാശപ്പെട്ടു. ഇതുവരെയുള്ള പഠനത്തിന്‍റെ വിശദാംശങ്ങള്‍ ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ മാക്രോമോളിക്യൂളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഇതിന് ശാസ്്‌ത്രസമൂഹം നല്‍കുന്ന പ്രാധാന്യം കൂടിയാണ് വ്യക്തമായിരിക്കുന്നത്.