കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകളെടുക്കണമെന്നും നിര്‍ദേശം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്‌ടറുടെ അടുത്തെത്തി ചികിത്സ തേടുകയും ചെയ്യണം.
കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം അകത്ത് കടക്കാത്തവിധം പൊതിഞ്ഞു സൂക്ഷിക്കുകയും വേണം.കയ്യുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന സമയം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം.
സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. സ്‌പൈറൊക്കീറ്റ്‌സ് വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലമാണ് എലിപ്പനി ഉണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന ഈ രോഗാണു ജലവുമായി സമ്പര്‍ക്കമുണ്ടാകുന്നവരുടെ ശരീരത്തില്‍ പ്രവേശിക്കുകയും അവര്‍ രോഗബാധിതര്‍ ആവുകയും ചെയ്യും. പനി, തലവേദന, മൂത്രത്തിലെ നിറവ്യത്യാസം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍.
പ്രതിരോധ മാര്‍ഗങ്ങള്‍:
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
- ശരീരത്തില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങാതിരിക്കുക.
- ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഗം ബൂട്ടുകള്‍, കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.
- ഭക്ഷണ സാധനങ്ങളും വെള്ളവും എലി മൂത്രവും വിസര്‍ജ്യവും കലരാത്ത രീതിയില്‍ മൂടിവയ്ക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.
- പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സ പാടില്ല.
Also Read: പക്ഷിപനി ബാധിച്ച് ലോകത്തിലെ ആദ്യ മനുഷ്യ മരണം; ഉറവിടം വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന