ഹൈദരാബാദ്: നഗരത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഗാന്ധി, ഒസ്‌മാനിയ, നിലൂഫർ, പനി തുടങ്ങിയ ആശുപത്രികളിൽ ദിവസേന നിരവധി രോഗികളാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നത്. ഈ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം നൽകുകയാണ് ആരോഗ്യ വിദഗ്‌ധർ. ഡെങ്കിപ്പനി ബാധിച്ചയാളിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് സാധാരണയാണ്. എന്നാൽ പ്ലാസ്‌മ ചോർച്ചയുണ്ടാകുന്നത് ഡെങ്കി പനിയുടെ ഏറ്റവും അപകടകരമായ ലക്ഷണമാണ്.
പ്ലാസ്‌മ ചോർച്ചയ്ക്ക് കാരണമാകുന്നതെങ്ങനെ ?
ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമാകുന്നത് പ്ലാസ്‌മ ചോർച്ചയുണ്ടാകുമ്പോഴാണ്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതെലിയത്തിൽ ഡെങ്കി വൈറസ് വീക്കം ഉണ്ടാക്കുകയും ഇത് രക്തക്കുഴലുകളുടെ ഭിത്തിയിൽ വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ വിടവുകളിലൂടെ ചുറ്റുമുള്ള ടിഷ്യൂകളിലേക്ക് പ്ലാസ്‌മ ചോർച്ചയുണ്ടാകാൻ കാരണമാകുന്നു. ഈ അവസ്ഥ രോഗത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
കഠിനമായ വയറുവേദന, ഛർദ്ദി, കണ്ണ് കാല് എന്നിവയ്ക്ക് ചുറ്റും കാണപ്പെടുന്ന നീർവീക്കം, ഉയർന്ന അളവിൽ ഹെമറ്റോക്രിറ്റ് (രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അനുപാത അളവ്), പൾസും രക്തസമ്മർദ്ദവും കുറയുക, കൈകാലുകളിലെ തണുപ്പ് എന്നിവയാണ് പ്ലാസ്‌മ ചോർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഇത് ഹെമറാജിക് ഷോക്ക് സിൻഡ്രോമിലേക്ക് നയിക്കും.
വിദഗ്‌ധർ നൽകുന്ന നിർദേശം
ഡെങ്കിപ്പനി ബാധിച്ചാൽ പരിഭാന്തരാകേണ്ടതില്ല പകരം ശ്രദ്ധ പുലർത്തുകയാണ് വേണ്ടതെന്ന് മുതിർന്ന ഡോക്‌ടർ രാജാ റാവു പറഞ്ഞു. ഡെങ്കിപ്പനിയെ അശ്രദ്ധയോടെ നേരിട്ടാൽ അസുഖം മാരകമായേക്കാം. അതേസമയം ഡെങ്കിപ്പനിയ്ക്ക് പ്രത്യേക മരുന്നുകളൊന്നും ഇല്ലെങ്കിലും പാരസെറ്റമോൾ ഉപയോഗിച്ച് പനി നിയന്ത്രിക്കാം. ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങളുടെ അളവ് വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഡെങ്കിപ്പനി ബാധിച്ചയാളുകളിൽ ശരാശരി 10% പേർക്ക് പ്ലാസ്‌മ ചോർച്ച കണ്ടുവരുന്നു. അതിനാൽ പ്ലാസ്‌മ ചോർച്ചയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടുക.
Also Read: ഓറൽ കോളറ വാക്‌സിൻ ട്രയൽ വിജയകരം; 'ഹിൽക്കോൾ' പുറത്തിറക്കി ഭാരത് ബയോടെക്