ജോലി സമ്മർദം, ക്ഷീണം, ഉത്കണ്‌ഠ, ഉറക്കമില്ലായ്‌മ എന്നിവ ആളുകളിൽ പൊതുവെ തലവേദനയുണ്ടാക്കാറുണ്ട്. എന്നാൽ മിക്കരുടെയും ഉറക്കം കെടുത്തുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിൽ ഒന്നാണ് മൈഗ്രേൻ. സാധാരണ കാണപ്പെടുന്ന തലവേദയിൽ നിന്ന് വ്യത്യസ്‌തമായി മണിക്കൂറുകളോ ദിവസങ്ങളോ നിങ്ങളെ അലട്ടുന്ന രോഗാവസ്ഥയാണ് ഇത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേൻ അധികമായി കണ്ടുവരുന്നത്. ഈ രോഗത്തിന് പൂർണമായ പ്രതിവിധി ഇല്ലെങ്കിലും ഭക്ഷണ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മൈഗ്രേനിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ മൈഗ്രേൻ കുറയ്ക്കുന്നതിന് ഏതുതരം ഭക്ഷണമാണ് തെരഞ്ഞെടുക്കേണ്ടത് ? പഠനം എന്താണ് പറയുന്നത്? അറിയാം...
ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണെന്ന് പ്രശസ്‌ത ഡയറ്റീഷ്യൻ ഡോ ശ്രീലത പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി സംസ്‌കരിച്ച ഭക്ഷണങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഉയർന്ന അളവിലെ പഞ്ചസാര, കഫീൻ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ദിവസവും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തിലും ചില മുൻകരുതലുകൾ എടുക്കണം. അതിനായി പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് കുറഞ്ഞ അളവിലുള്ള എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ ശ്രീലത നിർദേശിക്കുന്നു.
മൈഗ്രേൻ ഉള്ളവർ കീറ്റോജെനിക് ഡയറ്റും മോഡിഫൈഡ് അറ്റ്കിൻസ് ഡയറ്റും പിന്തുടരുന്നത് നല്ല ഗുണം ചെയ്യുമെന്നാണ് ഡോ ശ്രീലത നൽകുന്ന നിർദേശം. ഈ രണ്ട് ഡയറ്റുകൾ പിന്തുടരുന്നവർക്ക് മൈഗ്രേൻ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ചില ആളുകളിൽ മൈഗ്രെയ്ൻ പൂർണ്ണമായും അകറ്റാനും ഇത് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു.
കെറ്റോജെനിക് ഭക്ഷണത്തിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന അളവിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്‌ടമാണ്. കൂടാതെ, ഈ ഭക്ഷണത്തിൽ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. മികച്ച ന്യൂറോ പ്രൊട്ടക്റ്റീവായും ഇത് പ്രവർത്തിക്കുമെന്ന് ഡോ ശ്രീലത വ്യക്തമാക്കുന്നു. മൈഗ്രെയ്ൻ തലച്ചോറുമായി ബന്ധപ്പെട്ട ഒരു രോഗമായതിനാൽ തന്നെ കെറ്റോജെനിക് ഡയറ്റ് പിന്തുടരുന്നത് ഇതിന്‍റെ തീവ്രത കുറയ്ക്കുകയും നല്ല സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മൈഗ്രേൻ കാരണം ബുദ്ധിമുട്ടുന്നവർ കെറ്റോജെനിക് ഭക്ഷണങ്ങൾ കഴിക്കുന്നത് മൈറ്റോകോൺഡ്രിയൽ പ്രവർത്തനം മികച്ച രീതിയിലാക്കാൻ സഹായിക്കും. കൂടാതെ തലച്ചോറിന്‍റെ ആരോഗ്യം മികച്ചതാക്കാനും ശരീരത്തിന് നല്ല പോഷകങ്ങൾ ലഭിക്കാനും കെറ്റോജെനിക് ഭക്ഷണങ്ങൾ ശീലമാക്കുന്നത് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല ഇത് മൈഗ്രെയ്ൻ ഉണ്ടാക്കുന്ന പ്രശ്‌ന ങ്ങൾ ഗണ്യമായി കുറയുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്ന് ഡോ ശ്രീലത കൂട്ടിച്ചേർത്തു.
ഗവേഷണം പറയുന്നത്?
മൈഗ്രേൻ ബാധിച്ച ആളുകൾ പതിവായി കൊഴുപ്പുള്ള മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. ഇത് എല്ലാമാസവും അനുഭവപ്പെടുന്ന തലവേദനയുടെ എണ്ണവും തീവ്രതയും കുറയ്ക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി; കഴിക്കേണ്ട വിധം ഇങ്ങനെ...