കാസർകോട്: അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കാസർകോട്ടെ യുവാവ് മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു ആരോഗ്യ വകുപ്പ്. മുംബൈയിൽ ആയിരുന്ന യുവാവ് നാട്ടിൽ എത്തുമ്പോൾ തന്നെ പനിയും വിറയലും ഉണ്ടായിരുന്നു. അതിനാൽ നേരെ ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് കണ്ണൂരിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്‌ഠൻ(38) മരിച്ചത്. മണികണ്‌ഠന് മികച്ച ചികിത്സ നൽകിയിരുന്നെന്നു കാസർകോട് ഡിഎംഒ രാംദാസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. എന്നാൽ രോഗത്തെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം യുവാവിന് രോഗം ബാധിച്ചത് മുംബൈയിൽ നിന്നുമാണെന്നു കരുതുന്നതിനാൽ കേരള സർക്കാർ മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെടും. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്‌ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. പനിക്കൊപ്പം വിറയലും ഉണ്ടായിരുന്നു. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. രണ്ടാഴ്‌ചയോളം കാസർകോട് ഗവ ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് രോഗമുക്തി കൈവരിച്ചിട്ടുള്ളത് ലോകത്ത് തന്നെ ആകെ 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്‌തതോടെ ജാഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇതൊരു പകർച്ചവ്യാധിയല്ല.
മിക്കവാറും ജലാശയങ്ങളിൽ അമീബ കാണാം. വേനൽക്കാലത്ത് വെള്ളത്തിന്‍റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. നട്ടെല്ലിൽ നിന്നു സ്രവം കുത്തിയെടുത്ത് പി സി ആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകി തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്.
Also Read: അമീബിക് മസ്‌തിഷ്‌കജ്വര മരണം കാസർകോട്ടും ;മരിച്ചത് മുംബൈയില്‍ നിന്നെത്തിയ യുവാവ്