ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യമുള്ള കാലമാണല്ലോ ഇത്. ആരോഗ്യം നിലനിർത്താൻ പല വഴികളും പരീക്ഷിക്കുന്നവർക്കിടയിൽ 9-1 നിയമം ട്രെൻഡിങ് ആയിരിക്കുകയാണ്. എന്നാൽ ഭൂരിപക്ഷം പേർക്കും 9-1 നിയമം എന്താണെന്നും എങ്ങനെ ചെയ്യണമെന്നും അറിയില്ല എന്നതാണ് സത്യം.
സന്തുലിതമായ ഒരു ജീവിതശൈലിയാണ് 9:1 റൂൾ അടിസ്ഥാനപരമായി ലക്ഷ്യം വയ്‌ക്കുന്നത്. 9:1 റൂൾ പ്രകാരം 90 ശതമാനവും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സമതുലിതമായ ജീവിതശൈലിയിലാണ്. ബാക്കിയുള്ള 10% മറ്റ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
സാധാരണയായി ആരോഗ്യ സംരക്ഷണത്തിനും ശരീരഭാരം കുറയ്‌ക്കുന്നതിനും നമ്മൾ പിന്തുടരുന്ന കർക്കശമായ ഡയറ്റിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് 9-1 റൂൾ. എന്നാൽ ജീവിതത്തിന് അടുക്കും ചിട്ടയും കൈവരിക്കാനും ഇതു ഉതകും. 9-1 നിയമം പ്രകാരം ആരോഗ്യ സംരക്ഷണത്തിനായി നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ പിന്തുടരണമെന്ന് നോക്കാം...
9: ദിവസവും 9000 ചുവടുകൾ നടക്കുക. എങ്കിൽ ശരീരത്തിലെ പേശികൾ ബലപ്പെടും.
8: ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ആവശ്യമായ അളവിൽ ശരീരത്തിൽ വെള്ളമെത്തുന്നത് ചർമ സൗന്ദര്യം വർധിപ്പിക്കും.
7: കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. ഇത് മാനസികാരോഗ്യത്തിനും ഉന്മേഷത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
6: രാവിലെയോ വൈകുന്നേരമോ ആറ് മിനിറ്റ് ധ്യാനം ചെയ്യുക, ഇത് മനസിന്‍റെ ഏകാഗ്രത വർധിപ്പിക്കും. ഉന്മേഷദായകമാക്കും.
5: ഫ്രഷ് ഫ്രൂട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും ചെറിയ അളവിൽ ദിവസത്തിൽ അഞ്ച് തവണകളിലായി കഴിക്കുന്നത് ശീലമാക്കുക.
4: സ്‌ക്രീനിൽ നോക്കുമ്പോൾ ഇടവേളകൾ എടുക്കുക. മണിക്കൂറിൽ നാല് തവണകളിലായി ഒരു മിനിറ്റ് നേരം കണ്ണടയ്‌ക്കുക.
3: കാലിയായ വയറ്റിൽ എല്ലായ്‌പ്പോഴും ഭക്ഷണം കഴിക്കരുത്. ഡയറ്റിങ്ങിൻ്റെ പേരിൽ ഭക്ഷണം കഴിക്കാതിരിക്കരുത്. രാവിലെ ലളിതമായ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, രാത്രി നേരത്തെ ലഘുവായ അത്താഴം എന്നിവ ശീലമാക്കുക.
2: ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം. എങ്കിൽ മാത്രമേ ഭക്ഷണം ദഹിക്കുകയും സുഖമായി ഉറങ്ങാൻ സാധിക്കുകയുമുള്ളു.
1: ഓട്ടം, സൈക്ലിങ്, നീന്തൽ, യോഗ, നൃത്തം ഇതിൽ ഏതെങ്കിലും വ്യായാമം എല്ലാ ദിവസവും നിർബന്ധമായും ചെയ്യുക.
Also Read: മരുന്നുകൊണ്ട് മാറാത്തത് പാട്ടുകൊണ്ട് മാറ്റാം; വിഷാദത്തിന് സംഗീതം മറുമരുന്നെന്ന് പഠനം