ഹൈദരാബാദ് : ഒരേ സമയം ജോലിയും ജീവിതവും നന്നായി കൊണ്ടുപോകുക എന്നത് മിക്കവർക്കും പ്രയാസമേറിയതാണ്. ഇത് ആളുകളിൽ സമ്മർദ്ദം വർധിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാവും. എന്നാൽ പ്രൊഫഷനുകൾക്ക് അവരുടെ വ്യക്തിഗത ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകുകന്നതിനായി ഇതാ ഒരു മാർഗം പരിചയപ്പെടാം.
പ്രൊഫഷണൽ ജീവിതവും വ്യക്തിഗത ജീവിതവും സന്തുലിതമാക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ് 8-8-8 ടൈം മാനേജ്‌മെൻ്റ് റൂൾ. ഇത് പിന്തുടരുന്നതിലൂടെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നതിനു പുറമെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുന്നു. അറിയാം 8-8-8 റൂളിനെ കുറിച്ച് വിശദമായി.
എന്താണ് 8-8-8 നിയമം?
ഒരാൾക്ക് എങ്ങനെ അയാളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നതിനെ കാണിക്കുന്ന രീതിയാണിത്. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും സന്തുലിതമാക്കുന്നതിനുള്ള നല്ലൊരു തന്ത്രമായാണ് 8-8-8 റൂളിനെ അറിയപ്പെടുന്നത്. ഈ റൂളിന് കീഴിൽ ഒരു ദിവസത്തെ 24 മണിക്കൂറിനെ 8 മണിക്കൂർ വീതം മൂന്നായി തിരിച്ചിരിക്കുന്നു. എട്ട് മണിക്കൂർ ജോലി ചെയ്യുന്നതിനും അടുത്ത എട്ടുമണിക്കൂർ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാനും ഹോബികളിൽ ഏർപ്പെടാനും കണ്ടെത്തണം. ബാക്കിയുള്ള എട്ടുമണിക്കൂർ നന്നായി ഉറങ്ങുന്നതിനും വേണ്ടിയുള്ളതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് ഈ റൂൾ പിന്തുടരാവുന്നതാണ്.
എന്താണ് നേട്ടങ്ങൾ?
എല്ലാവർക്കും പിന്തുടരാൻ പ്രയാസമുള്ള രീതിയാണ് 8-8-8 റൂൾ. ഒരു വ്യക്തിയ്ക്ക് അയാളുടെ ആവശ്യങ്ങൾക്കനുസരിച്ച്, തന്‍റെ സമയത്തെ ചെറിയ ഭാഗങ്ങളായി തിരിച്ച് ഈ രീതി പരിശീലിക്കുന്നതിലൂടെ തീർച്ചയായും നല്ല ഫലം ലഭിക്കുന്നു. നിങ്ങളുടെ ജീവിതശൈലിയും ആരോഗ്യകരവും തൃപ്തികരവുമാക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണിത്. ഇത് നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ദൈനംദിന ജീവിതത്തിൽ ഒരു ശീലമാക്കിയാൽ പ്രധാനപ്പെട്ട ജോലികൾ അവഗണിക്കുകയുമില്ല. കൂടാതെ, ഏറെ നാളിത് ശീലമാക്കിയാൽ മികച്ച ഫലങ്ങൾ നേടാനും സാധിക്കും.
ഓരോ ജോലിക്കും പ്രത്യേക സമയം നീക്കിവക്കുന്നതിലൂടെ, വിനോദത്തിനും കുടുംബത്തിനും വേണ്ടി കണ്ടെത്തുന്ന സമയം വർദ്ധിപ്പിക്കാൻ കഴിയും. കൂടാതെ നിങ്ങളിൽ മൃദു കഴിവുകൾ വർദ്ധിപ്പിക്കാനും സർഗ്ഗാത്മകത മെച്ചപ്പെടുത്താനും സഹായിക്കും. ശരിയായ വിശ്രമം ലഭിക്കുന്നതിനാൽ ഉന്മേഷം അനുഭവപ്പെടും. ഇത് നിങ്ങളുടെ കരിയറിൽ മികവ് പുലർത്താനും സഹായിക്കും. മതിയായ ഉറക്കം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നല്ല ഉറക്കത്തിലൂടെ മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയുമെന്ന് പല പഠനങ്ങളും നേരത്തെ തെളിയിച്ചതാണ്.
നേരിടുന്ന തടസങ്ങൾ
ഈ നിയമം എല്ലാവർക്കും ജീവിതത്തിൽ പ്രയോഗിക്കുക അത്ര എളുപ്പമല്ല. ദിവസവും കൃത്യം എട്ട് മണിക്കൂർ സമയക്രമം ഉണ്ടാക്കുന്നതിനും ദിനചര്യമാക്കുന്നതിനും നിരവധി പ്രയാസങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റ് അസ്വസ്ഥതകളും പലപ്പോഴും നല്ല ഉറക്കത്തെ ബാധിക്കുന്നു. മാത്രമല്ല സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, മേലുദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദങ്ങളും ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നത്തിന് ബുദ്ധിമുട്ടുണ്ടാക്കാൻ കാരണമാകുന്നു. എന്നാൽ നിങ്ങൾ ഒരു കൃത്യമായ പ്ലാൻ തയ്യാറാക്കുകയും സമർപ്പണത്തോടെ ഈ റൂൾ പിന്തുടരാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്‌താൽ, ജീവിതത്തിന്‍റെ പല മേഖലകളിലും നിങ്ങൾക്ക് തീർച്ചയായും വിജയം നേടാൻ സാധിക്കും.
Also Read: ചോക്ലേറ്റ് ഇഷ്‌ടമാണോ? അറിയാം ഡാർക്ക് ചോക്ലേറ്റിന്‍റെ അത്ഭുതകരമായ ഗുണങ്ങള്‍