യാത്രകള്‍ മനുഷ്യന് എപ്പോഴും ആനന്ദകരമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഓരോ നാടിന്‍റെ വൈവിധ്യങ്ങളെ കുറിച്ചും അവിടെ സംസ്‌കാരത്തെ കുറിച്ചും ആചാരത്തെ കുറിച്ചും ഭൂപ്രകൃതിയെ കുറിച്ചുമെല്ലാം അറിയാനായി എത്രപേരാണ് ഓരോയിടങ്ങളിലേക്കും യാത്ര ചെയ്യുന്നതല്ലേ. യാത്രകളില്‍ നിന്ന് ലഭിക്കുന്ന പുതിയ അറിവുകള്‍ ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാമല്ലേ. മാത്രമല്ല ചിലരുടെ യാത്രകള്‍ മറ്റ് ചിലര്‍ക്ക് ഉപകാരവുമാവാറുണ്ടല്ലേ. ഇങ്ങനെയുള്ളവര്‍ ആളുകളുടെ മനസില്‍ പെട്ടെന്ന് തന്നെ ഇടം പിടിക്കും. അതുപോലെ യാത്രകൾ ചെയ്‌ത് ആളുകളുടെ മനസില്‍ ഇടം പിടിച്ച ഒരു യൂട്യൂബര്‍ ബ്ലോഗറുണ്ട് ഇങ്ങ് നമ്മുടെ കേരളത്തില്‍. മലപ്പുറം ജില്ലയിലെ ചേലേമ്പ്രക്കാരനായ ദില്‍ഷാദ്. തന്‍റെ 'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ ലോക സഞ്ചാരവും വിശേഷങ്ങളും അയാൾ മലയാളിക്ക് ഒരു കഥ പോലെ പറഞ്ഞു കൊടുത്തു. കഥ കേൾക്കാനും കാണാനും ഇഷ്‌ടമുള്ളവർ ഓരോ ദിവസവും ദിൽഷാദിനെ തിരഞ്ഞെത്തിയപ്പോൾ യൂട്യൂബ് ചാനലിന് എട്ടു ലക്ഷത്തിലധികം പ്രേക്ഷകരെ ലഭിച്ചു.
ഒട്ടേറെ രാജ്യങ്ങള്‍ ദില്‍ഷാദ് സന്ദര്‍ശിച്ചിട്ടുണ്ട്. തന്‍റെ കഴിഞ്ഞ ആഫ്രിക്കൻ യാത്രയിൽ ടാൻസാനിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ കുടിവെള്ളത്തിനായി അലയുന്ന ഒരു ജനതയെ ദില്‍ഷാദ് കണ്ടുമുട്ടി. ആ സംഭവം ദില്‍ഷാദിന്‍റെ മനസ് നോവിച്ചു. തന്‍റെ യൂട്യൂബ് വരുമാനം കൊണ്ട് ഉൾനാടൻ ഗ്രാമവാസികൾക്കായി നിരവധി കിണറുകൾ ദില്‍ഷാദ് നിർമ്മിച്ചു കൊടുത്തു. ഈ പ്രവര്‍ത്തി ലോകത്തിന് തന്നെ മാതൃകയായിരുന്നു. ഇപ്പോഴിതാ 12 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 30 ലധികം കിണറുകൾ നിർമ്മിക്കാനുള്ള ദൗത്യത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ് ദിൽഷാദ് ഇപ്പോൾ. ഈ പുണ്യപ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ടതോടെ മികച്ച പിന്തുണയാണ് കേരളത്തില്‍ നിന്നും ദില്‍ഷാദിന് ലഭിക്കുന്നത്. തന്‍റെ ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ദില്‍ഷാദ് ഇ ടിവി ഭാരതുമായി സംസാരിക്കുന്നു.
സാധാരണക്കാരന്‍
ഏതൊരു മലബാറുകാരനെ പോലെയും സാധാരണ ജീവിതം നയിച്ചു തുടങ്ങിയ ആളാണ് താൻ. ആദ്യം പ്രൈവറ്റ് ബസിലെ ഡ്രൈവർ ആയിരുന്നു. പിന്നീട് ട്രക്കുകൾ ഓടിക്കാൻ ആരംഭിച്ചു. ശേഷം ഒരു സാധാരണ മലയാളി ചിന്തിക്കും പോലെ മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കാൻ അറേബ്യൻ നാട് തെരഞ്ഞെടുത്തു. പ്രവാസ ജീവിതം മതിയാക്കി 2019 ലാണ് യൂട്യൂബില്‍ സജീവമാകാൻ തീരുമാനിക്കുന്നത്. അവിടെ നിന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 23 ലധികം രാജ്യങ്ങൾ ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. മരിക്കുന്നതിനു മുമ്പ് 100 രാജ്യങ്ങളിലൂടെ സഞ്ചരിക്കണമെന്നാണ് ആഗ്രഹം.
2021 ലാണ് ജീവിതത്തിന്‍റെ കാഴ്‌ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്ന ചില സംഭവവികാസങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയിൽ നിന്നും ബുള്ളറ്റ് ഓടിച്ച് ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കണമെന്ന പദ്ധതിയുമായി യാത്ര പുറപ്പെട്ടു. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. കുടിവെള്ളത്തിന്‍റെ ലഭ്യത കുറവ് സഞ്ചാരിയായ തന്നെയും ബാധിച്ചു.
ടാൻ സാനിയ അടക്കമുള്ള രാജ്യങ്ങളിലെ വെറ്റ്ലാൻഡുകൾ പോലും കടുത്ത വരൾച്ചയിൽ മരുഭൂമിക്ക് സമമായി മാറിയിരുന്നു. വെള്ളമില്ലാതെ നരകിക്കുന്ന ആ നാടുകളിലെ ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു സഹായം ചെയ്യണമെന്ന് അപ്പോൾ തന്നെ തീരുമാനിക്കുകയുണ്ടായി. ഇനിയൊരു യാത്ര ആഫ്രിക്കയിലേക്ക് സംഭവിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു നാട്ടിൽ ഒരു കിണർ പണിഞ്ഞു കൊടുക്കണമെന്ന് തീരുമാനിച്ചു. മൂന്ന് വർഷങ്ങൾക്കുശേഷം വീണ്ടും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചതോടെ ഈ യാത്രയിൽ തന്‍റെ ഒരു മാസത്തെ യൂട്യൂബ് വരുമാനം കൊണ്ട് എവിടെയെങ്കിലും ഒരു കിണർ പണിയണമെന്ന് ഉറപ്പിച്ചു.
നാട്ടിലെ 15,000 ദിനം 20,000 ത്തിനും രൂപയ്ക്കിടയിലാണ് ഒരു കിണർ പണിയാൻ വേണ്ടി വന്നത്. കെനിയ, ടാൻസനിയ, മുസാബിക്, സാമ്പിയ തുടങ്ങിയ രാജ്യങ്ങളിലായി ഇപ്പോൾ 12 ലധികം കിണറുകൾ പണിഞ്ഞു നൽകുന്നതിന് ദൈവകൃപ കൊണ്ട് സാധിച്ചു. പതിമൂന്നാമത്തെ കിണറിന്‍റെ പണി ഇപ്പോൾ പുരോഗമിക്കുകയാണ്. 12 രാജ്യങ്ങളിലായി മുപ്പതിലധികം കിണറുകൾ പണിഞ്ഞ് നൽകണമെന്നാണ് ഉദ്ദേശം. തന്‍റെ ദൗത്യത്തിന്‍റെ ഉദ്ദേശശുദ്ധി മനസിലായതോടെ പലയിടങ്ങളിൽ നിന്നും ഇപ്പോൾ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ വീഡിയോ യൂട്യൂബ് വ്ലോഗുകളായി പോസ്‌റ്റ് ചെയ്യുന്നുമുണ്ട്.
ഭക്ഷണവും വെള്ളവും പ്രതീക്ഷിക്കുന്ന ജനങ്ങള്‍
എല്ലാവരും സംശയം ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു നാട്ടിൽ ഒരു കിണർ പണിയാൻ തീരുമാനിച്ചാൽ നിയമപരമായ തടസങ്ങൾ ഉണ്ടാകില്ലേ എന്ന്? തീർച്ചയായും എല്ലാ നാട്ടിലും അത്തരം നിയമപരമായ തടസങ്ങൾ ഉണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ഒരു അന്യരാജ്യക്കാരൻ കിണർ നിർമ്മിക്കാനായി സന്നദ്ധതയോടെ എത്തുകയാണെങ്കിൽ നേരിടേണ്ടി വരാവുന്ന നൂലാമാലകൾ ഒന്നും തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇല്ല. അവർ പല രാജ്യങ്ങളിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചു നിൽക്കുന്നവരാണ്. നാട് കാണാൻ എത്തുന്ന സഞ്ചാരികളിൽ നിന്നുപോലും ഭക്ഷണം, വെള്ളം, വസ്ത്രം ഇവയൊക്കെ പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ പിന്നെ നമ്മൾ അവിടെ ഒരു കിണർ നിർമ്മിച്ചുകൊടുത്താൽ വലിയ കാര്യമായിട്ടാകും അവർ ആ സഹായത്തെ സ്വീകരിക്കുക. യൂണിസെഫ് അടക്കമുള്ള ആഗോള സംഘടനകൾ നിരവധി സഹായങ്ങൾ ഇത്തരം രാജ്യങ്ങൾക്ക് ചെയ്‌തു കൊടുക്കുന്നുണ്ട്. പലതും ജനങ്ങളിലേക്ക് എത്താറില്ല എന്നുള്ളതാണ് വാസ്‌തവം. കിണർ നിർമ്മിക്കുക എന്നത് ചാരിറ്റി ആണെങ്കിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ഗവൺമെന്‍റില്‍ നിന്ന് പെർമിഷൻ വാങ്ങേണ്ടതുണ്ട്. ഇത്തരം ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നതിന് എല്ലാ രാജ്യങ്ങളിലെ ഗവൺമെന്‍റുകളില്‍ നിന്നും അനുമതി വാങ്ങേണ്ട കാര്യവുമില്ല.
കുടിവെള്ളം കണ്ടെത്തേണ്ടത് സ്‌ത്രീകളുടെ കടമ
കിണർ കുഴിക്കുന്നതിന് സർക്കാർ ഭൂമി തിരഞ്ഞെടുക്കണോ സ്വകാര്യഭൂമി തെരഞ്ഞെടുക്കണമോ എന്ന തരത്തിലുള്ള ചിന്തയെന്നും ആഫ്രിക്കയിൽ വേണ്ട. നമ്മുടെ നാട് പോലെയല്ല ആഫ്രിക്കൻ രാജ്യങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പല ഭൂപ്രദേശങ്ങളും സ്വകാര്യമാണോ സർക്കാരിന്‍റേതാണോ എന്ന് പോലും ആർക്കും അറിയില്ല.
കുടിവെള്ളത്തിനായി കിലോമീറ്ററോളം യാത്ര
ആ നാടുകളിലെ സ്ത്രീജനങ്ങൾ കിലോമീറ്ററുകളോളം ജലത്തിനുവേണ്ടി യാത്ര ചെയ്യും. വറ്റിവരണ്ട പുഴയിൽ കുഴികൾ ഉണ്ടാക്കിയാണ് പലപ്പോഴും ജലം ശേഖരിക്കുന്നത് തന്നെ. ഒരു ഗ്രാമം മുഴുവൻ ജലദൗർലഭ്യം അനുഭവപ്പെട്ടാലും അവർക്കതൊരു പ്രശ്‌നമല്ല. കാരണം ചെറുപ്പകാലം മുതൽക്ക് തന്നെ അവർ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. നമ്മുടെ നാട്ടിൽ കോർപ്പറേഷൻ പൈപ്പിൽ നിന്ന് വെള്ളം വന്നില്ലെങ്കിൽ തൊട്ടടുത്ത വീട്ടിൽ പോയി ജലം ശേഖരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതുവരെ ചെയ്‌തു കൊടുത്തതും ഇനി ചെയ്യാനിരിക്കുന്ന 10 കിണറുകളും തന്‍റെ യൂട്യൂബ് വരുമാനം കൊണ്ട് മാത്രമാണ് നിർമ്മിക്കുന്നത്. ഇനി ഒരു വർഷം ആഫ്രിക്കയിൽ തുടരാൻ തന്നെയാണ് തീരുമാനം. സാധാരണ കിണർ നിർമ്മിക്കാൻ 15,000 മുതൽ 20,000 ഇന്ത്യൻ രൂപയാണ് ചിലവാകുക. ഒരു മാസത്തിൽ ഒരു കിണർ എന്ന പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. പൊതുവേ പല ആഫ്രിക്കൻ രാജ്യങ്ങളിലെയും ഗ്രാമങ്ങളിൽ പത്തോ ഇരുപതോ വീടുകൾ മാത്രമാണ് ഉണ്ടാവുക. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ജല ദൗർലഭ്യം ഉള്ള മേഖല കണ്ടെത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ആഘോഷത്തിന്‍റെ നൃത്തം
സാധാരണ കിണറുകളും ബോർവെല്ലുകളും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നു. ഒരു ആഫ്രിക്കൻ ഗ്രാമത്തിലെ കിണർ നിർമ്മാണം പൂർത്തിയായാൽ പിന്നെ അവിടത്തുകാർക്ക് ആഘോഷമാണ്. തന്നെ അവരുടെ ആളായി അവർ അംഗീകരിക്കും. വെള്ളം ലഭിച്ചാൽ പിന്നെ ഗ്രാമവാസികൾ ഒന്നടങ്കം നൃത്തം ചെയ്യാൻ ആരംഭിക്കും. പരമ്പരാഗത നൃത്ത രൂപമാണ് അവർ പിന്തുടരുന്നത്. ചില ഗോത്രങ്ങൾ നൃത്തം ചെയ്യുന്നതിന് പകരം നിർത്താതെ കയ്യടിച്ചു കൊണ്ടിരിക്കും. ചില ഗോത്ര വിഭാഗക്കാർ കൊരവയിടും.