കഴിഞ്ഞ ദിവസമാണ് തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്‌ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) എന്ന രോഗം ഉണ്ടെന്ന് നടൻ ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കവെ ആയിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും തനിക്ക് 41-ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അതിന് സാധ്യതയില്ലെന്നും ഫഹദ് പറഞ്ഞിരുന്നു.
എന്താണ് യഥാർഥത്തിൽ എഡിഎച്ച്ഡി എന്ന രോഗാവസ്ഥ? ഫഹദ് ഫാസിൽ മാത്രമാണോ ഈ രോഗാവസ്ഥ നേരിടുന്ന ചലച്ചിത്ര താരം?
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട്, സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്‌ടിവിറ്റി ഡിസോഡർ. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ 'ഹൈപ്പര്‍ ആക്‌ടിവിറ്റി' എന്നിവ ചേര്‍ന്നുള്ള ഒരു രോഗാവസ്ഥയാണിത്. അപൂര്‍വമായാണ് മുതിര്‍ന്നവരിൽ ഇത് കണ്ടുവരാറ്. കുട്ടിയായിരിക്കുമ്പോൾ തന്നെ കണ്ടെത്തിയാലും ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളുടെ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിക്കാറുണ്ട്.
ചലച്ചിത്ര - കായിക- സംഗീത ലോകത്ത് നിന്നുള്ള ലോകപ്രശസ്‌തരായ താരങ്ങൾ എഡിഎച്ച്ഡി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖരായ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
ജോണി ഡെപ്പ് (Johnny Depp)
2020 ജൂലൈയിൽ, കോടതി രേഖകളാണ് നടൻ ജോണി ഡെപ്പിന് എഡിഎച്ച്ഡിയും മൂഡ് ഡിസോർഡറും ഉണ്ടെന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തിയത്.
എമ്മ വാട്‌സൺ (Emma Watson)
ഹാരി പോട്ടർ സിനിമകളിലെ ഒരു 11കാരിയിൽ നിന്ന് ആത്മവിശ്വാസമുള്ള സ്‌ത്രീയും ഒപ്പം മികവുറ്റ നടിയുമായുള്ള എമ്മ വാട്‌സന്‍റെ വളർച്ച ഏവരും കണ്ടതാണ്. എമ്മ വാട്‌സണും എഡിഎച്ച്ഡി രോഗാവസ്ഥ നേരിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. താരം ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ അവർ എഡിഎച്ച്ഡിക്ക് മരുന്ന് കഴിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാർക്ക് റുഫലോ (Mark Ruffalo)
കുട്ടിക്കാലത്ത് എഡിഎച്ച്ഡി, ഡിസ്ലെക്‌സിയ, ഡിപ്രഷൻ എന്നിവ മാർക്ക് റുഫലോ നേരിട്ടിരുന്നു. "എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് ഗ്രേഡ് സ്‌കൂൾ ആയിരുന്നു - വളരെ വിചിത്രവും അതുല്യവുമായിരുന്നു അക്കാലം. ഇന്ന് എൻ്റെ ചെറുപ്പത്തോട് ഞാൻ പറയും, എല്ലാത്തിനും സഹായമുണ്ടെന്നും കൈകാര്യം ചെയ്യാനും മറികടക്കാനും വഴികളുണ്ടെന്നും'- മാർക്ക് റുഫലോയുടെ വാക്കുകൾ.
ഗ്രെറ്റ ഗെർവിഗ് (Greta Gerwig)
ലേഡി ബേർഡ്, ലിറ്റിൽ വിമൻ, ബാർബി തുടങ്ങിയ പ്രശസ്‌ത സിനിമകളുടെ സംവിധായികയും തിരക്കഥാകൃത്തും നടിയുമായ ഗ്രെറ്റ ഗെർവിഗ് ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ എഡിഎച്ച്ഡി രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. 'എനിക്ക് എപ്പോഴും വലിയ ഉത്സാഹം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും താൽപ്പര്യമായിരുന്നു. ശരിക്കും സജീവമായ ഭാവനയും വളരെ ആഴത്തിലുള്ള വികാരങ്ങളും എനിക്കുണ്ടായിരുന്നു. ഞാൻ വികാരാധീനനായിരുന്നു'- ഗ്രെറ്റ ഗെർവിഗിന്‍റെ വാക്കുകൾ.
ഹോവി മാന്‍റൽ (Howie Mandel)
ഗെയിം ഷോ ഹോസ്റ്റും ഹാസ്യനടനുമായ ഹോവി മാന്‍റൽ തനിക്ക് എഡിഎച്ച്ഡി, ഒസിഡി, മൂഡ് ഡിസോർഡർ, ഉത്‌കണ്‌ഠ എന്നിവയുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്‍റെ ഹിയർ ഈസ് ദ ഡീൽ: ഡോണ്ട് ടച്ച് മീ! എന്ന പുസ്‌തകത്തിൽ ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പോരാട്ടങ്ങളെക്കുറിച്ചും മുതിർന്നവരിലെ രോഗനിർണയങ്ങളെക്കുറിച്ചും പറയുന്നു. തൻ്റെ കഥ പങ്കുവെക്കുമ്പോൾ, അത് മറ്റുള്ളവർക്ക് പ്രചോദനം നൽകുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ.
ബാരി കിയോഗൻ (Barry Keoghan)
ഐറിഷ് നടൻ ബാരി കിയോഗൻ തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് സംശയിച്ചിരുന്നു, എന്നാൽ ഇരുപതുകളുടെ അവസാനത്തിൽ വരെ രോഗനിർണയം നടത്തിയിരുന്നില്ല. "ഈ രോഗം മുതിർന്നവരിൽ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്യേണ്ട കാര്യമാണെന്ന് എസ്‌ക്വയർ മാഗസിനിനോട് കിയോഗാൻ പറഞ്ഞിരുന്നു. നിരൂപക പ്രശംസ നേടിയ ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ, സാൾട്ട്ബേൺ, ദ കില്ലിംഗ് ഓഫ് എ സേക്രഡ് ഡീർ, ഡൺകിർക്ക് എന്നീ സിനിമകളിലെ താരമായ ബാരി കിയോഗൻ തൻ്റെ രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് മരുന്നുകൾ കഴിച്ചിരുന്നതായാണ് വിവരം.
ലില്ലി അലൻ (Lily Allen)
ദി ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് നടിയും ഗായികയും ഗാനരചയിതാവുമായ ലില്ലി അലൻ എഡിഎച്ച്ഡി സ്ഥിരീകരിച്ചതായി തുറന്നുപറഞ്ഞത്. ഇവരുടെ സഹോദരനായ നടൻ ആൽഫി അലനും എഡിഎച്ച്ഡി രോഗാവസ്ഥയുണ്ട്. താൻ അമേരിക്കയിലായതിനാൽ മാത്രമാണ് രോഗനിർണയം നടത്തിയതെന്നും ഇംഗ്ലണ്ടിനെക്കാൾ കൂടുതൽ അവർ ഈ കാര്യങ്ങൾ അൽപ്പം ഗൗരവമായി എടുക്കുന്നുണ്ടെന്നും ലില്ലി അലൻ പറഞ്ഞിരുന്നു.
ആൽഫി അലൻ (Alfie Allen)
ഗെയിം ഓഫ് ത്രോൺസിലെ തിയോൺ ഗ്രേ എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്‌തനായ ഇംഗ്ലീഷ് നടനാണ് ആൽഫി അലൻ. കുട്ടിക്കാലത്ത് തന്നെ ഇദ്ദേഹത്തിന് എഡിഎച്ച്ഡി ഉണ്ടെന്ന് കണ്ടെത്തി. "സ്‌കൂളിൽ 10 സെക്കൻഡിൽ കൂടുതൽ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തനിക്ക് പ്രശ്‌നമുണ്ടായിരുന്നു എന്ന് 2007ൽ ദ ഇൻഡിപെൻഡൻ്റിനോട് അലൻ പറഞ്ഞിരുന്നു.
റെനി റാപ്പ് (Renee Rapp)
മീൻ ഗേൾസ് ബ്രോഡ്‌വേ, ദി സെക്‌സ് ലൈവ്‌സ് ഓഫ് കോളജ് ഗേൾസ് എന്നീ പരമ്പരകളിലൂടെ പ്രശസ്‌തയായ നടിയും ഗായികയുമായ റെനി റാപ്പ് എഡിഎച്ച്‌ഡിയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ റെനി രോഗനിർണയം നടത്തിയിരുന്നില്ല. 'അത് എന്താണെന്ന് എനിക്ക് അറിയുമായിരുന്നില്ല , മനസിലാവുകയും ചെയ്‌തില്ല. പക്ഷേ അതെന്താണെന്ന് ഇപ്പോൾ എനിക്കറിയാം, ഞാൻ ഇത് ശരിക്കും ഇഷ്‌ടപ്പെടുന്നു'- റെനി റാപ്പിന്‍റെ വാക്കുകൾ ഇങ്ങനെ.
നീന്തലിലെ റെക്കോഡ് ചാമ്പ്യൻ മൈക്കൽ ഫെൽപ്‌സിന് 9-ാം വയസിലാണ് എഡിഎച്ച്ഡി സ്ഥിരീകരിച്ചത്. എക്കാലത്തെയും മികച്ച അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ്, ക്യാപ്റ്റൻ അണ്ടർപാൻ്റ്‌സ് ആൻഡ് ഡോഗ് മാൻ സീരീസിൻ്റെ സ്രഷ്‌ടാവും എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ഡേവ് പിൽക്കിക്കും കുട്ടിക്കാലത്ത് എഡിഎച്ച്ഡി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓസ്‌കാർ ജേതാവായ ഡോക്യുമെൻ്ററി സംവിധായകൻ ഡാനിയൽ റോഹർ താൻ എഡിഎച്ച്‌ഡിയെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.
മറൂൺ 5-ൻ്റെ പ്രധാന ഗായകനായും ജനപ്രിയ ടിവി ഷോ 'ദ വോയ്‌സി'ലെ വോക്കൽ കോച്ചുമായ ലെവിൻ തനിക്ക് എഡിഎച്ച്ഡി ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്നെ എഡിഎച്ച്ഡി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രാമി അവാർഡ് ജേതാവായ റെക്കോർഡിംഗ് ആർട്ടിസ്റ്റ് വില്യം (will.i.am), നാല് തവണ സൂപ്പർ ബൗൾ ചാമ്പ്യനും സ്പോർട്‌സ് അനലിസ്റ്റും കമൻ്റേറ്ററുമായ ടെറി ബ്രാഡ്‌ഷാ, ഫ്രീക്‌സ് ആൻഡ് ഗീക്ക്‌സ്, ഡോസൺസ് ക്രീക്ക്, കൂഗർ ടൗൺ, ഗേൾസ് തുടങ്ങിയ ടിവി ഷോകളിലൂടെ പേരുകേട്ട ഫിലിപ്‌സ്, നടൻ ചാന്നിംഗ് ടാറ്റം, ന്യൂയോർക്ക് ജെറ്റ്സിനായി കളിക്കുന്ന സാക്ക് വിൽസൺ എന്നിവരും എഡിഎച്ച്ഡി രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്.
ALSO READ: കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ?