ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റൈഫിൽ ക്ലബ്ബ്'. ഡിസംബർ 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനോടടുക്കുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
റാപ്പ് സംഗീത ലോകത്തെ തരംഗമായ ഹനുമാൻകൈൻഡും 'റൈഫിൽ ക്ലബ്ബില്‍' അഭിനയിക്കുന്നുണ്ട്. സുപ്രധാന വേഷത്തിലാണ് ചിത്രത്തില്‍ ഹനുമാൻകൈൻഡ് എത്തുന്നത്. 'റൈഫിൽ ക്ലബ്ബി'ന്‍റെ ഭാഗമാകുമ്പോഴും ലോക സംഗീത പ്രേമികളെ കീഴടക്കിയ അദ്ദേഹത്തിന്‍റെ 'ബിഗ് ടൗഗ്‌സ്' എന്ന ആൽബം റിലീസ് ചെയ്‌തിട്ടില്ല. എങ്കിലും പൊന്നാനിയിലുള്ള സൂരജ് ചെറുകാട്, ഹനുമാൻകൈൻഡ് എന്ന പേരിൽ പ്രശസ്‌തനാണ്.
ഇപ്പോഴിതാ ഹനുമാൻകൈൻഡിനെ കുറിച്ചുള്ള രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിഷ്‌ണു അഗസ്ത്യ. 'ആർഡിഎക്‌സ്' എന്ന സിനിമയില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അഭിനേതാവാണ് വിഷ്‌ണു. 'റൈഫിൽ ക്ലബ്ബില്‍' ഗോഡ്ജോ എന്ന ശക്‌തമായ കഥാപാത്രത്തെയാണ് വിഷ്‌ണു അവതരിപ്പിക്കുന്നത്.
റൈഫിൾ ക്ലബ്ബ് വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നതിനിടെയാണ് ഹനുമാൻകൈൻഡിന്‍റെ ഫുട്ബോൾ പ്രേമത്തെ കുറിച്ചുള്ള രസകരമായ സംഭവം വിഷ്‌ണു വെളിപ്പെടുത്തിയത്.
"ഹനുമാൻകൈൻഡിന് മലയാളം സംസാരിക്കാൻ അറിയാം. പക്ഷേ അത്ര ഫ്ലുവെന്‍റല്ല. 'റൈഫിൾ ക്ലബ്ബി'ൽ അദ്ദേഹം അഭിനയിക്കാൻ എത്തുമ്പോൾ പുള്ളിയുടെ വിഖ്യാത ആൽബമായ 'ബിഗ് ടൗഗ്‌സ്' റിലീസ് ചെയ്‌തിരുന്നില്ല. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഹനുമാൻകൈൻഡുമായി നല്ല സൗഹൃദം സൃഷ്‌ടിക്കാൻ സാധിച്ചു. റൈഫിൾ ക്ലബ്ബ് സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് മിക്ക ഫോണിനും കവറേജ് ഉണ്ടായിരുന്നില്ല. ഒരു ഫോൺ വിളിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു.
ഹനുമാൻ കൈൻഡ് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ആഴ്‌സണൽ എഫ്‌സിയുടെ കടുത്ത ആരാധകനാണ്. ആഴ്‌സണൽ എഫ്‌സിയുടെ ഒരു കളി പോലും അദ്ദേഹം വിട്ടു കളയില്ല. ഷൂട്ടിംഗ് നടക്കുന്നൊരു ദിവസം ആഴ്‌സണൽ എഫ്‌സിയുടെ മാച്ച് ഉണ്ടായിരുന്നു. ആ പ്രദേശത്ത് ഇന്‍റര്‍നെറ്റിന്‍റെ പൊടിപോലും ലഭ്യമല്ല. പക്ഷേ എന്‍റെ ഫോണിൽ ഉപയോഗിച്ചിരുന്ന സിമ്മിന് അത്യാവശ്യം അവിടെ കവറേജ് ലഭിച്ചിരുന്നു.
കളി കാണാൻ പറ്റാത്തതിലുള്ള വിഷമം പലപ്പോഴും ഹനുമാൻകൈൻഡ് എന്നോട് പ്രകടിപ്പിച്ചു. അസ്വസ്ഥനായിരുന്ന ഹനുമാൻകൈൻഡിന് ഞാൻ എന്‍റെ ഫോൺ വച്ചു നീട്ടി. പുള്ളി ഹാപ്പി. ആഴ്‌സണൽ എഫ്‌സിയുടെ കളി കണ്ടില്ലെങ്കിൽ പുള്ളി വല്ലാതെ അസ്വസ്ഥനാകും. ഷൂട്ടിംഗ് ഉണ്ടായിരുന്ന സമയത്ത് ആ സീസണിലെ ആഴ്‌സണൽ എഫ്‌സിയുടെ എല്ലാ മാച്ചും ഹനുമാൻകൈൻഡ് എന്‍റെ ഫോണിലൂടെയാണ് കണ്ടത്." -വിഷ്‌ണു അഗസ്ത്യ പറഞ്ഞു.
ഹനുമാൻകൈൻഡിനെ കുറിച്ച് നടി സുരഭി ലക്ഷ്‌മിയും മുമ്പൊരിക്കല്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. ഹനുമാൻകൈൻഡിന്‍റെ ടീത്ത് ക്യാപ്പ് ഓർണമെന്‍റിനെ കുറിച്ചാണ് സുരഭി പറഞ്ഞത്. ഹനുമാൻകൈൻഡിന്‍റെ ടീത്ത് ക്യാപ്പ് ഓർണമെന്‍റ് രസമായിരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ അത് പല്ലിൽ നിന്നും ഊരി സുരഭിയുടെ കയ്യിൽ കൊടുത്തു.
സുരഭി ലക്ഷ്‌മി പറയുന്ന മലബാർ പഴഞ്ചൊല്ലുകളൊക്കെ ഹനുമാൻകൈൻഡ് ഫോണിൽ റെക്കോർഡ് ചെയ്‌തെടുത്തിരുന്നു. അടുത്ത റാപ്പിൽ ഉപയോഗിക്കാനാണോ ഇതൊക്കെ റെക്കോർഡ് ചെയ്തെടുക്കുന്നതെന്ന് ചോദിക്കുമ്പോള്‍, ചിലപ്പോൾ അങ്ങനെ സംഭവിക്കും എന്നായിരുന്നു ഹനുമാൻ കൈൻഡ് മറുപടി പറഞ്ഞിരുന്നത്.