വിജയ് ആരാധകർ മാത്രമല്ല, തമിഴ് സിനിമാലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗോട്ട്' വിനായക ചതുർഥിയോട് അനുബന്ധിച്ച് ഈ വർഷം സെപ്റ്റംബർ 5-ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ഈ സിനിമയിലെ ആദ്യഗാനം പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിലെ 'വിസിൽ പോട്' എന്ന പാട്ടാണ് ഫസ്റ്റ് സിംഗിൾ ആയി അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തത്. വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്‌മൽ എന്നിവർ തകർത്താടുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിജയ് തന്നെയാണ് ഈ തകർപ്പൻ ഗാനം ആലപിച്ചിരിക്കുന്നതും. യുവൻ ശങ്കർ രാജയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ടി- സീരീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനോടകം 1.71 കോടിയിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഏതായാലും തിയേറ്ററിൽ വൻ ഓളം സൃഷ്‌ടിക്കാൻ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പ്. റിലീസ് തീയതിക്ക് പിന്നാലെ ഫസ്റ്റ് സിംഗിളും എത്തിയതോടെ വിജയ് ആരാധകർ ആഘോഷത്തിമിർപ്പിലാണ്.
ഈദ് ദിനത്തിലാണ് 'ദി ഗോട്ടി'ന്‍റെ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടത്. വിജയ് ഇരട്ട വേഷത്തിലാണ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, വൈഭവ് എന്നിവരും 'ഗോട്ടി'ൽ സുപ്രധാന വേഷങ്ങളിലുണ്ട്. തൃഷ കാമിയോ റോളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കൽപ്പാത്തി എസ് അഘോരത്തിന്‍റെ എജിഎസ് എന്‍റർടെയിൻമെന്‍റാണ് മുമ്പ് 'ദളപതി 68' എന്നറിയപ്പെട്ടിരുന്ന ഈ സിനിമയുടെ നിർമാണം. 'ചെന്നൈ 600028', 'മാനാട്', അജിത് കുമാറിൻ്റെ 'മങ്കാത്ത' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു സയൻസ് ഫിക്ഷൻ സിനിമയാണെന്നും പറയപ്പെടുന്നു. 'ഗോട്ടി'നായി തിരക്കഥ എഴുതിയതും സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ്.
സിദ്ധാർഥ് നൂനിയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സിനിമയുടെ ഛായാഗ്രാഹകണൻ. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് വെങ്കട് രാജനുമാണ്. ആക്ഷന് വളരെയേറെ പ്രധാന്യമുള്ള ഈ സിനിമയുടെ സംഘട്ടന സംവിധാനം നിർവഹിച്ചത് ദിലീപ് സുബ്ബരായനാണ്.
അതേസമയം സിനിമയുടെ ഷൂട്ടിങ്ങിനായി വിജയ് കേരളത്തിലെത്തിയതും വലിയ വാർത്തയായിരുന്നു. നീണ്ട 14 വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് എത്തിയ വിജയ്‌ക്ക് വമ്പൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ആയിരുന്നു ഈ സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനുകൾ.
ALSO READ: ഇനി 'ഗോട്ടി'ന്‍റെ വിളയാട്ടം; തിയേറ്ററുകൾ കീഴടക്കാൻ വിജയ്‌യുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' വരുന്നു