മുംബൈ : തന്‍റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം ആവശ്യപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം വിദ്യ ബാലന്‍ (Vidya Balan files complaint fake Instagram account). വ്യാജ അക്കൗണ്ട് നിര്‍മിച്ച ശേഷം ജോലി വാഗ്‌ദാനം ചെയ്‌ത് പണം ആവശ്യപ്പെടുകയായിരുന്നു. വിദ്യ ബാലന്‍റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിര്‍മിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള താരമാണ് വിദ്യ. റീല്‍സുകളും വിഡിയോകളും താരം നിരന്തരം പങ്കുവയ്‌ക്കാറുമുണ്ട്. തന്‍റെ പേര് ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് താരത്തിന്‍റെ പരാതി.
വിദ്യ ബാലന്‍റെ പരാതിയെ തുടര്‍ന്ന് ഖാര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസെടുക്കുകയായിരുന്നു. ഐടി ആക്‌ട് 66 (സി) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജ അക്കൗണ്ട് സംബന്ധിച്ച് വിദ്യയും സ്റ്റോറി പങ്കുവച്ചിരുന്നു.
അതേസമയം, ഹിറ്റ് ചിത്രം 'ഭൂല്‍ ഭുലയ്യ'യുടെ അടുത്ത ഭാഗത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. 2007 ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ഭൂല്‍ ഭുലയ്യയില്‍ വിദ്യ ചെയ്‌ത മഞ്ജുളിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്‌ത കാര്‍ത്തിക് ആര്യനാണ് വിദ്യയെ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. മൂന്നാം ഭാഗത്തിലും കാര്‍ത്തിക് ആര്യനാകും പ്രധാന വേഷത്തിലെത്തുക.
"ഭൂല്‍ ഭുലയ്യയിലേക്ക് മഞ്ജുളിക തിരിച്ചെത്തുന്നു" എന്നായിരുന്നു കാര്‍ത്തിക് ആര്യന്‍റെ പോസ്റ്റ്. ഭൂല്‍ ഭുലയ്യയുടെ ആദ്യ ഭാഗത്തിലെ വിദ്യയുടെ നൃത്ത രംഗങ്ങളും രണ്ടാം ഭാഗത്തിലെ കാര്‍ത്തിക് ആര്യന്‍റെ ചില രംഗങ്ങളും ചേര്‍ത്ത് എഡിറ്റ് ചെയ്‌ത വീഡിയോയ്‌ക്കൊപ്പമാണ് കാര്‍ത്തിക് ആര്യന്‍റെ പോസ്റ്റ്.
ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്‌ത അനീസ് ബസ്‌മി തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യം ഭാഗം സംവിധാനം ചെയ്‌തത് പ്രിയദര്‍ശനാണ്. ആദ്യ ഭാഗത്തില്‍ വിദ്യ ബാലനൊപ്പം അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയുമായിരുന്നു മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്‌തത്.
"ഭൂല്‍ ഭുലയ്യയ്ക്ക് എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടമുണ്ട്. അനീസിനെ പോലെ ക്രയേറ്റീവും കാര്‍ത്തികിനെ പോലെ കഴിവുമുള്ള ഒരു ടീമിലൂടെ ചിത്രം മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷം. ഹൊററിന്‍റെയും നര്‍മത്തിന്‍റെയും സമന്വയമായ ചിത്രം പ്രേക്ഷകര്‍ക്ക് തീച്ചര്‍ച്ചയായും നല്ലൊരു തിയേറ്റര്‍ എക്‌സ്‌പീരിയന്‍സ് ആരിക്കും" -ചിത്രത്തിന്‍റെ നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ പറഞ്ഞു. ദിപാവലി റിലീസായാണ് ഭൂല്‍ ഭുലയ്യ ഒരുങ്ങുന്നത്.
Also Read: കാത്തിരിപ്പിന്‍റെ നീളം കുറയുന്നു; 'ആടുജീവിതം' മാര്‍ച്ച് 28ന് എത്തും