നടനും എംഎൽഎയുമായ മുകേഷിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്ന് പീഡന പരാതി നൽകിയ നടി. രാജി വയ്‌ക്കാതെ പരമാവധി തൂങ്ങിക്കിടക്കാനുള്ള ശ്രമമാണ് മുകേഷ് നടത്തുന്നതെന്ന് നടി ഇടിവി ഭാരതിനോട് പറഞ്ഞു. താന്‍ ബ്ലാക്ക്‌മെയിൽ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മുകേഷ് അന്ന് പരാതി നല്‍കിയില്ലെന്ന് നടി ചോദിക്കുന്നു.
'രണ്ടു വർഷം മുമ്പ് ഞാൻ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന എംഎൽഎ എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ല? ഞാൻ ബ്ലാക്ക്‌മെയിൽ ചെയ്‌തതിൻ്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിടാമായിരുന്നില്ലേ? ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന മുകേഷിൻ്റെ ആരോപണം ശരിയല്ല. 2014ന് ശേഷം മുകേഷിനോട് സംസാരിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയെന്ന് വെറുതെ പറയുകയാണ്. ഇതിൽ കോടതി തീരുമാനിക്കട്ടെ.
നടന്‍മാർക്ക് ആരെങ്കിലും മെയിൽ അയക്കുമോ? അന്ന് ലാപ്‌ടോപ് ഉപയോഗിക്കാൻ പോലും മുകേഷിന് അറിയില്ലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ആര് സമർപ്പിച്ചാലും കോടതി അത് പരിഗണിക്കും. അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞത് കൊണ്ട് അയാൾ കുറ്റക്കാരൻ അല്ലാതാവുന്നില്ല. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ എല്ലാ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ഈ കേസിൽ സർക്കാരും, നിയമ സംവിധാനവും പ്രതിക്ക് അനുകുലമായി നിൽക്കില്ല. ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും. ജഡ്‌ജിയോട് എല്ലാ കാര്യങ്ങളും പറയും.
സത്യം ഉള്ളതിനാലാണ് പരാതിയുമായി ധൈര്യത്തോടെ ഇറങ്ങിയത്. തെളിവുകളെല്ലാം എൻ്റെ കയ്യിലുണ്ട്. എന്നെങ്കിലും ഒരവസരം കിട്ടിയാൽ ഇവരെയെല്ലാം പൊളിച്ചടക്കുമെന്ന് തീരുമാനിച്ചിരുന്നു. ജയസൂര്യയോടൊപ്പുള്ള ആദ്യ സിനിമയിൽ അയാളോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ കട്ട് ചെയ്‌ത് കളഞ്ഞു. അയാളോട് സഹകരിക്കാത്തതിലുള്ള പ്രതികാരമായിരുന്നു. ഈ സിനിമയുടെ സംവിധായകനോട് ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ എന്തോ തിരിമറി നടന്നിട്ടുണ്ടന്നാണ് അദ്ദേഹം പറഞ്ഞത്.
ജയസൂര്യയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്താൽ എന്തിനും റെഡിയാണ്, അല്ലെങ്കിൽ അയാൾ കൊന്നു കളയും. അയാളെ കണ്ടാൽ തന്നെ എനിക്ക് പേടിയായിരുന്നു. നിരവധി സിനിമകളിൽ എൻ്റെ അവസരം നിഷേധിക്കാൻ, ഞാൻ പരാതി ഉന്നയിച്ച നടന്‍മാരെല്ലാം ഒരു ഗ്രൂപ്പായി പ്രവർത്തിച്ചു. അമ്മയിൽ അംഗത്വം നൽകാതിരിക്കാൻ ഇവർ തന്നെയാണ് പ്രവർത്തിച്ചത്. പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പക്ഷേ മലയാള സിനിമ രംഗത്ത് നിന്ന്, നടിമാർ ഉൾപ്പടെ ആരും വിളിച്ചിട്ടില്ല.' -നടി പറഞ്ഞു.