മലയാളത്തിന്‍റെ ആക്ഷന്‍ നായിക ആരാണെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഉത്തരമേ അന്നും ഇന്നുമുള്ളു. അത് വാണി വിശ്വനാഥ് ആണ്. പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് മലയാളികളെ ത്രസിപ്പിച്ച നടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വാണി വിശ്വനാഥ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്. അതിനുള്ള കാരണം വാണി ചെയ്‌ത കഥാപാത്രങ്ങള്‍ അത്രയ്‌ക്ക് മികച്ചതായിരുന്നു. ഒട്ടുമിക്ക സിനിമകളിലും നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളാണ് വാണിക്ക് ഏറെ ലഭിച്ചത്.
'മാന്നാര്‍ മത്തായി സ്‌പീക്കിംഗ്'. ഈ സിനിമ മലയാളികള്‍ക്ക് മറക്കാനേ കഴിയില്ല. കാരണം തുടക്കം മുതല്‍ അവസാനം വരെ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണിത്. മാത്രമല്ല വാണി വിശ്വനാഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്.
പിന്നീടങ്ങോട്ട് മലയാള നടിമാർക്കിടയിൽ എന്നും വലിയ സ്ഥാനം വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന ചിത്രത്തിന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ 'ദി കിങ്' എന്ന ചിത്രത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ ഡയലോഗിനെ കുറിച്ചുമൊക്കെ ഓര്‍ത്തെടുക്കുകയാണ് വാണി.
രഞ്ജി പണിക്കർ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു 'ദി കിങ്ങ്'. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ജില്ലാ കളക്‌ടർ ജോസഫ് അലക്‌സ് ഐ.എ.എസ് ആയാണ് മമ്മൂട്ടി എത്തിയത്. അസിസ്‌റ്റന്‍റ് കലക്‌ടര്‍ അനുരാ മുഖര്‍ജി ആയിട്ടായിരുന്നു വാണി വിശ്വനാഥിന്‍റെ വേഷം. ഈ ചിത്രത്തില്‍ മമ്മൂട്ടിയെ അടിക്കാന്‍ ഓങ്ങുന്ന ഒരു രംഗമുണ്ട്. ആ രംഗത്തില്‍ "ഇനി നിന്‍റെ കൈ ഒരാണിന്‍റെ നേരെയും ഉയരരുത്" എന്ന ഡയലോഗുണ്ട്. എന്നാല്‍ ഈ ഡയലോഗിന് ശേഷമാണ് തന്‍റെ കൈ ഉയരാന്‍ തുടങ്ങിയതെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.
തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ ഞാനവിടെ ഗ്ലാമർ വേഷങ്ങളാണവിടെ ചെയ്‌ത് കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്ന് തനിക്ക് അത്തരം കഥാപാത്രങ്ങൾ ലഭിച്ചെന്നും വാണി വിശ്വനാഥ് പറയുന്നു.
മമ്മൂട്ടിയോടൊപ്പം 'ദി കിങ്ങിന്' ശേഷം, 2001 ൽ ഇറങ്ങിയ ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഡാനിയിലും വാണി അഭിനയിച്ചിരുന്നു. ‘ടി.വി. ചന്ദ്രന്‍ സാര്‍ എന്നെ സൂസന്ന എന്ന സിനിമയിലേക്ക് വിളിക്കുന്നത് ഞാന്‍ അടിപിടി ചിത്രങ്ങള്‍ ചെയ്യുന്ന സമയത്താണ്. ഞാന്‍ ചെയ്‌താല്‍ ആ കഥാപാത്രം നന്നാവില്ലെന്ന തോന്നലില്‍ അന്ന് സാറിനോട് ആ സിനിമ ചെയ്യില്ലെന്ന് പറയാമെന്ന് കരുതിയിരുന്നു.
ഞാന്‍ ആ മാസം പടമില്ലാത്തത് കൊണ്ട് മുടി വെട്ടിയിരുന്നു. സാറിനെ കണ്ടപ്പോള്‍ ഇങ്ങനെയുള്ള മുടിയുള്ള ആളെയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ടി.വി. ചന്ദ്രന്‍ സാര്‍ എന്നോട് കാണിച്ച വിശ്വാസമാണ് സൂസന്ന എന്ന സിനിമ. അതിന് ശേഷമായിരുന്നു സാറിന്‍റെ തന്നെ ഡാനിയെന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ നെഗറ്റീവ് ഷേഡായിരുന്നു. സൂസന്നയില്‍ അഭിനയിച്ചതോടെ അദ്ദേഹത്തോടൊപ്പം ഏത് സിനിമയും ചെയ്യാമെന്ന വിശ്വാസം വന്നു. അതുകൊണ്ട് തന്നെയായിരുന്നു ഡാനിയില്‍ അഭിനയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നടൻ ബാബുരാജിനെ വിവാഹം ചെയ്‌ത ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്‌തപ്പോഴും മലയാളത്തിൽ സിനിമകളിൽ തിരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകിയിരുന്നു.
അതേ സമയം വീണ്ടും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ലെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും അതിലൂടെ തിരക്കാവുകയാണെങ്കിൽ ആകട്ടെ എന്നാണ് തനിക്കാഗ്രഹമെന്നും വാണി പറയുന്നു. സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും വാണി സംസാരിച്ചു. മാറി നിന്ന സമയത്ത് സിനിമയെ മിസ് ചെയ്‌തിട്ടില്ല. കാരണം അതിലും സന്തോഷമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോൾ അത് മിസാവില്ല. ദുഖമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോഴേ മിസ് ചെയ്യൂ. എന്‍റെ മക്കൾ എനിക്ക് സിനിമയേക്കാൾ കൂടുതൽ സന്തോഷം തന്നതാണെന്നും വാണി പറയുന്നു.
Also Read:മഹിമ നമ്പ്യാര്‍- അര്‍ജുന്‍ അശോകന്‍ ചിത്രം 'ബ്രോമന്‍സ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറക്കി