ഉര്‍വ്വശി ഗര്‍ഭിണിയായിരുന്ന സമയത്തെ സിനിമ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഉര്‍വ്വശി തന്‍റെ മകളെ പ്രസവിക്കുന്നതിന് ഒരാഴ്‌ച മുമ്പ് വരെ സിനിമയില്‍ അഭിനയിച്ചിരുന്നു. ഇക്കാര്യം ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ മകളെ പ്രസവിക്കുന്നതിന് ഒരാഴ്‌ച മുമ്പ് വരെ ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും അതില്‍ ഡപ്പാന്‍കൂത്ത് ഡാന്‍സ് കളിച്ചുവെന്നും ഉര്‍വ്വശി പറയുന്നു.
'ഞാന്‍ മോളെ പ്രവസവിക്കുന്നതിന് ഒരാഴ്‌ച മുമ്പ് ഡപ്പാന്‍കൂത്ത് ഡാന്‍സ് വരെ ചെയ്‌തു. സത്യമാണ് പറയുന്നത്. തമിഴ് സിനിമയിലായിരുന്നു. എന്‍റെ കൂടെ അഭിനയിച്ച പ്രഭു, റോജ തുടങ്ങിയവരൊക്കെ 'അയ്യോ മാഡം', 'അതൊക്കെ ചെയ്യണോ' എന്ന് ചോദിച്ചു. ഇരുന്ന് എഴുന്നേല്‍ക്കുന്ന തരത്തിലുള്ള ഡപ്പാന്‍കൂത്താണ്. ആ സിനിമയുടെ ക്ലൈമാക്‌സില്‍ ജീപ്പില്‍ പോയി മലമുകളില്‍ നിന്ന് ഉരുണ്ട് വീഴുന്ന സീന്‍ ഒക്കെയുണ്ട്. അവരെല്ലാം കൂടി പറഞ്ഞ് എന്നെ ആ സീനില്‍ നിന്ന് ഒഴിവാക്കി.
അവിടവിടെ എന്‍റെ ക്ലോസപ്പെക്കെ ഇട്ട് മാച്ച് ചെയ്‌തെടുത്തു. അല്ലെങ്കില്‍ ഞാന്‍ ആ സീനും പോയി വര്‍ക്ക് ചെയ്‌തേനെ. അത് നമ്മുടെ സാഹചര്യമാണ്. പിന്നെ ഏറ്റുപോയ പടം തീര്‍ക്കേണ്ടേ? അപ്പോള്‍ എനിക്ക് അത് തോന്നിയിട്ടില്ല. ഇപ്പോഴും അതുപോലെ തന്നെ. ഞാന്‍ ഉത്തമപുത്രന്‍ എന്ന പടം ഡബ്ബ് ചെയ്‌തു. കമല്‍ സാര്‍ പറഞ്ഞു, 'വിശ്വസിക്കാനെ പറ്റില്ല ഇതിനെ.. എത്രമാസം ഗര്‍ഭിണിയായണെന്ന് പോലും നമ്മളോട് പറഞ്ഞിട്ടില്ല. ഉടനെ എങ്ങാനും പ്രസവിച്ച് കഴിഞ്ഞാല്‍ ഡബ്ബിംഗ് അവിടെ നിന്നു പോകും' എന്ന് പറഞ്ഞ് ഡബ്ബിംഗ് തീര്‍ത്തു.
പിന്നേറ്റ് ആശുപത്രിയില്‍ പോയി. പ്രസവിച്ചു, കുഞ്ഞിനെ കൊണ്ടു വന്നു. 10-ാം ദിവസം ആയപ്പോള്‍ തീര്‍ക്കാനുള്ള ഒരു പടത്തിന്‍റെ വര്‍ക്കിന് പോയി. എ.വി.എം സ്‌റ്റുഡിയോയിലാണ്. കാരവാനില്‍ മാഡം കുഞ്ഞിനെയും കൊണ്ട് ഇരുന്നുകൊള്ളു എന്ന് പറഞ്ഞു. ആ സീനില്‍ ഞാന്‍ ഇരിക്കുന്നതേയുള്ളു. കുടുംബപ്രശ്‌നം തീര്‍ക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്. ഇരുന്ന് സംസാരിക്കുന്നതേയുള്ളൂ. ദയവു ചെയ്‌ത് വരണം എന്ന് പറഞ്ഞാണ് അവര്‍ എന്നെ വിളിച്ചത്.'
നാല്‍പ്പതാം വയസ്സില്‍ തനിക്ക് മകന്‍ ജനിക്കാനുള്ള കാരണവും ഉര്‍വ്വശി വെളിപ്പെടുത്തി. തന്‍റെ രണ്ടാമത്തെ കുഞ്ഞിനായി ആരും നിര്‍ബന്ധിച്ചില്ലെന്നാണ് ഉര്‍വ്വശി പറയുന്നത്. 'കല ചേച്ചിയ്‌ക്ക് ഒരു മകന്‍, മിനി ചേച്ചിക്ക് ഒരു മകള്‍, എനിക്കൊരു മകള്‍, എന്‍റെ ആങ്ങളയ്‌ക്ക് ഒരു മകന്‍. അമ്മ അഞ്ച് പ്രസവിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ ആറ്, എനിക്ക് മുമ്പേ ജനിച്ച കുട്ടി മരിച്ച് പോയി. അമ്മ എപ്പോഴും പറയും, മക്കളെ നിങ്ങളില്ലാത്ത കാലത്ത് കൂടപ്പിറപ്പ് കൂടി വേണമെന്ന്. എല്ലാവരോടും പറയുന്നത് ഞാന്‍ എന്നും കേള്‍ക്കുന്നതാണ്. അതൊരു അടിസ്ഥാനപരമായ കാര്യം.
എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും നാട്ടിന്‍പുറത്തുകാരനാണ്. ഇന്നല്ലെങ്കില്‍ നാളെ, എന്‍റെ മകന്‍റെ ഒരു കൊച്ചിനെ കാണാന്‍ ഒത്തില്ലല്ലോ എന്ന് അവര്‍ക്ക് തോന്നരുതല്ലോ. ആ ചിന്ത എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നു. അതാണ് എന്‍റെയും ഇഷ്‌ടം. അവരെ കാണുമ്പോള്‍, മോളുണ്ടല്ലോ, അതുമതി എന്ന ചിന്തയില്‍ കവിഞ്ഞ് ചില കാര്യങ്ങള്‍ തോന്നി. അവര്‍ എന്നെ നിര്‍ബന്ധിച്ചില്ല. എന്‍റെ ഭര്‍ത്താവ് പോലും നിര്‍ബന്ധിച്ചില്ല. പക്ഷേ എന്‍റെ മനസ്സില്‍ തോന്നി അതുവേണമെന്ന്.' -ഉര്‍വ്വശി പറഞ്ഞു.