'ഗുരുവായൂർ അമ്പലനടയിൽ', 'വാഴ' എന്നീ സിനിമകളിലെ 'കൃഷ്‌ണ കൃഷ്‌ണ രാധാ കാമുക', 'ഹേ ബനാനെ ഒരു പൂ തരാമോ' എന്നീ ഗാനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന്‍റെ പേരില്‍ ഗാന നിരൂപകൻ ടിപി ശാസ്‌തമംഗലത്തിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
അടുത്തിടെ പി ഭാസ്‌കരൻ അനുസ്‌മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രേക്ഷകരെ ചൊടിപ്പിച്ച വിമർശനം ടിപി ശാസ്‌തമംഗലം നടത്തിയത്. 1980കൾ മുതൽ കൃത്യമായി മലയാള ഗാനങ്ങളെ വിമർശിക്കുന്ന വ്യക്‌തിയാണ് ടിപി ശാസ്‌തമംഗലം. മലയാളത്തിലെ പല മഹാരഥന്‍മാരെയും ടിപി വിമർശിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ വിമർശനങ്ങളെ ആരോഗ്യപരമായാണ് പ്രേക്ഷകരും വിമർശനങ്ങൾ ഏറ്റുവാങ്ങിയവരും എക്കാലവും മറുപടി പറഞ്ഞിട്ടുള്ളത്. എന്നാൽ പുതിയ തലമുറയ്‌ക്ക് ടിപി ശാസ്‌തമംഗലത്തിന്‍റെ വിമർശനങ്ങളെ ഉൾക്കൊള്ളാൻ ആകുന്നില്ല എന്നതാണ് വാസ്‌തവം.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ടിപിക്കെതിരെ ഉയർന്ന വാക്കുകൾ സൂചിപ്പിക്കുന്നത് അത്തരം ഒരു മാനസിക അരക്ഷിതാവസ്ഥയെയാണ്. ഇപ്പോഴിതാ വിഷയില്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് ടിപി ശാസ്‌തമംഗലം.
1980കൾ മുതലാണ് കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്ന ഫിലിം മാഗസിനിൽ ടിപി ശാസ്‌തമംഗലം ഗാന വിമർശനം എഴുതി തുടങ്ങുന്നത്. തുടർന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളിലൂടെ കൊവിഡ് കാലം വരെയും അദ്ദേഹം ഗാന വിമർശനം തുടർന്നു. ഗാന വിമർശനത്തെ ആസ്‌പദമാക്കി കാവ്യഗീതിക എന്ന പേരില്‍ അദ്ദേഹം ഒരു പുസ്‌തകവും പ്രസിദ്ധീകരിച്ചിരുന്നു.
നിരവധി പുസ്‌തകങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ടിപി ശാസ്‌തമംഗലം ഇപ്പോൾ സാഹിത്യ ലോകത്താണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കാലത്തെ ഗാനങ്ങളെ കുറിച്ചും ഗാന വിമര്‍ശന രീതിയെ കുറിച്ചും പറയുകയാണ് അദ്ദേഹം.
"ദൃശ്യ മാധ്യമങ്ങൾക്ക് മുന്നിൽ പൊതുവെ ഗാന വിമർശനവുമായി ഞാൻ കടന്നു വരാറില്ല. ചില അവസരങ്ങൾ വീണു കിട്ടുമ്പോൾ മാത്രമാണ് വസ്‌തുതാപരമായ കാര്യങ്ങൾ സംസാരിക്കുക. ഗാന വിമർശനങ്ങൾ എപ്പോഴും അക്ഷര രൂപത്തിലാണ് നടത്താറുള്ളത്. എഴുതുന്ന സുഖം പറയുമ്പോൾ കിട്ടണം എന്നില്ല. പുതിയ കാലത്തെ ഗാനങ്ങളെ കുറിച്ച് പൊതുവെ വിമർശിക്കാറില്ല.
വിമർശന യോഗ്യമല്ല എന്നുള്ളതാണ് പുതിയ കാലത്തെ ഗാനങ്ങളെ കുറിച്ചുള്ള എന്‍റെ അഭിപ്രായം. അത്രയും മോശമായ ഗാനങ്ങളാണ് ഇക്കാലത്ത് പുറത്തിറങ്ങുന്നത്. അതിനർത്ഥം ഞാനൊരു പഴഞ്ചൻ ആണെന്നല്ല. ആടുജീവിതം പോലുള്ള പുതിയ സിനിമകളിലെ ഗാനങ്ങൾ മികച്ചതായിരുന്നു. അത്തരം ഗാനങ്ങളൊക്കെ കേൾക്കാറുണ്ട്, അഭിപ്രായം പറയാറുണ്ട്. 45 വർഷമായി ഞാന്‍ ഈ മേഖലയിൽ നിലകൊള്ളുന്നു.
പി ഭാസ്‌കരൻ മാഷിന്‍റെയും വയലാറിനെയും ഒഎൻവിയുടെയും യൂസഫലി കേച്ചേരിയുടെയുമൊക്കെ ഗാനങ്ങൾ കേട്ട് വളർന്ന ഒരാളാണ് ഞാൻ. വയലാറിന്‍റെ മരണത്തിന് ശേഷം സത്യത്തിൽ മലയാളത്തിലെ ഒട്ടുമിക്ക ഗാനങ്ങളും മികച്ച നിലവാരത്തിൽ എത്തിയിരുന്നില്ല. അങ്ങനെയൊരു നിരാശയുടെ പുറത്താണ് ഗാന വിമർശനം എഴുതാൻ ആരംഭിക്കുന്നത്."- ടിപി ശാസ്‌തമംഗലം പറഞ്ഞു.
പൃഥ്വിരാജ് നായകനായ ഗുരുവായൂർ അമ്പലനടയിലിലെ ഗാനത്തെ വിമര്‍ശിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ഈ സിനിമയിലെ ഗാനത്തെ വിമർശിച്ചതിൽ യാതൊരു മനസ്‌താപവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"സിനിമ എന്നാൽ കല എന്നാണ് അർത്ഥം. കലയും സംസ്‌കാരവും പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്നു. കാലം മാറി, സിനിമ മാറി, ആസ്വാദന തലം മാറി എന്നൊക്കെ പറയുമ്പോഴും നമ്മുക്കൊരു വ്യക്‌തമായ സംസ്‌കാരം ഉണ്ടെന്ന് മറന്നു പോകരുത്. കലാസംസ്‌കാരത്തെ ഉത്തേജിപ്പിക്കാൻ കൂടിയുള്ള ഒരു മാധ്യമമാണ്. അതിനിടയിൽ ഇതുപോലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടുക എന്‍റെ ധർമ്മമാണ്.
1954ല്‍ പുറത്തിറങ്ങിയ 'നീലക്കുയിൽ' സിനിമയിലെ പാട്ടുകൾ ഇപ്പോഴും ജനങ്ങൾ ആസ്വദിക്കുന്നുണ്ട്. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ കൃഷ്‌ണ കൃഷ്‌ണ എന്ന ഗാനം ഒരുപക്ഷേ സിനിമയ്ക്ക് അനുയോജ്യമായിരിക്കാം. പക്ഷേ വേറിട്ട് കേൾക്കുമ്പോൾ അത് അരോചകമാണ്. കാലത്തിനപ്പുറത്തേയ്‌ക്ക് സഞ്ചരിക്കുന്ന ഗാനങ്ങൾ ഇവിടെ സംഭവിക്കുന്നില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, റിയാലിറ്റി ഷോകളിൽ പാടുന്ന പാട്ടുകളൊക്കെ പഴയ പാട്ടുകളാണ്.
ഒരുകാലത്ത് വലിയ ഹിറ്റായ ലജ്ജാവതിയെ എന്ന ഗാനം ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുണ്ടോ? ലജ്ജാവതി ഗാനം എഴുതിയതിന് കൈതപ്രത്തെ അക്കാലത്ത് ഞാൻ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഈ ഗാനം വിമർശിച്ചതിനും അക്കാലത്ത് ജനങ്ങള്‍ എന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്‍റെ വിമർശനത്തെ അടിസ്ഥാനപ്പെടുത്തി അന്ന് ചാനൽ ചർച്ചകൾ പോലും സംഘടിപ്പിച്ചിരുന്നു."- ടിപി ശാസ്‌തമംഗലം പറഞ്ഞു.
ഗാനങ്ങളെ എക്കാലത്തും വിമർശിച്ചിട്ടുണ്ടെന്നും താൻ വിമർശിക്കാത്ത ഒരു ഗാന രചയിതാവും ഇന്ന് മലയാളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിമർശിച്ചിട്ടുള്ള എല്ലാ ഗാനരചയിതാക്കളും തന്‍റെ അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
"വിമർശനങ്ങൾ ഒരിക്കലും വ്യക്‌തിപരമായിരുന്നില്ല. ഗാനങ്ങളിലെ ചില ഘടകങ്ങൾ മാത്രമായിരുന്നു എന്‍റെ വിമർശനത്തിന് പാത്രമായിട്ടുള്ളത്. ഞാൻ വിമർശിച്ചിട്ടില്ലാത്ത ഒരു ഗാന രചയിതാവും ഇന്ന് മലയാളത്തിലില്ല എന്ന് നിസംശയം പറയാം. അവരൊക്കെ എന്‍റെ അടുത്ത സുഹൃത്തുക്കളുമാണ്.
ഗിരീഷ് പുത്തഞ്ചേരിയെയും കൈതപ്രത്തെയും ബിച്ചു തിരുമലയെയും ഒക്കെ ഞാൻ വിമർശിച്ചതിന് കയ്യും കണക്കുമില്ല. പക്ഷേ അവർക്കാർക്കും എന്നോട് ഇതുവരെ ഒരു വിദ്വേഷവും തോന്നിയിട്ടില്ല. ഗാനങ്ങളെ വിമർശിക്കുന്നത് ഒരിക്കലും കലാകാരനെ കരിവാരി തേയ്‌ക്കുവാന്‍ വേണ്ടിയല്ല. അടുത്ത ഗാനം എഴുതുമ്പോൾ മികച്ചതാക്കുവാന്‍ വേണ്ടി മാത്രമാണ്.
ആവേശം എന്ന സിനിമയിലെ ഇലുമിനാറ്റി എന്ന ഗാനം ഒരുപാട് പേർ ഇപ്പോൾ കേൾക്കുന്നു. ആ സിനിമയില്‍ ആ ഗാനത്തിന്‍റെ ആവശ്യം സത്യത്തിൽ എന്താണ്? ഈ ഗാനമൊന്നും ഒരിക്കലും അംഗീകരിക്കാനാകാത്ത ഗണത്തിൽ ഉൾപ്പെടുന്നതാണ്. ഞാൻ മാത്രമല്ല ഇലുമിനാറ്റി ഗാനത്തെ വിമർശിച്ചിട്ടുള്ളത്.
വളരെ വലിയ രൂക്ഷ ഭാഷയിൽ ഈ ഗാനത്തെ വിമർശിച്ചവർ ഇവിടെയുണ്ട്. ആമി, ആടുജീവിതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങളൊക്കെ മികച്ചതാണെന്ന് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ ആർക്കും പ്രശ്‌നമില്ല. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പറഞ്ഞാലാണ് ഇവിടെയുള്ളവർക്ക് പ്രശ്‌നം."-ടിപി ശാസ്‌തമംഗലം വ്യക്‌തമാക്കി.
ഗിരീഷ് പുത്തഞ്ചേരിയുടെ ഹിറ്റ് ഗാനങ്ങളെ പോലും ടിപി വിമര്‍ശിച്ചിട്ടുണ്ട്. 'മീശ മാധവനി'ലെ 'എന്‍റെ എല്ലാമെല്ലാം അല്ലേ' ഗാനം വിമര്‍ശിക്കാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.
"എന്‍റെ എല്ലാമെല്ലാം അല്ലേ എന്‍റെ ചേലൊത്ത ചെമ്പരുന്തല്ലേ... സുന്ദരിയായ ഒരു പെൺകുട്ടിയെ ചെമ്പരുന്തിനോട് ഉപമിക്കുന്ന എഴുത്തുകാരനെ വിമർശിക്കാതിരിക്കാൻ സാധിക്കുമോ? കൂർത്ത ചുണ്ടും നഖങ്ങളും ഒക്കെയുള്ള ഒരു ജീവിയാണ് പരുന്ത്. ചേലൊത്ത എന്ന പ്രയോഗം ഉണ്ടെങ്കിലും പെൺകുട്ടിയെ പരുന്തിനോട് ഉപമിച്ചതിനെ ഒരിക്കലും അംഗീകരിക്കാനാകില്ല. അക്കാലത്ത് ഈ ഹിറ്റ് ഗാനത്തെ വിമർശിച്ചതിനെ തുടർന്ന് സമൂഹത്തിൽ വലിയ ചർച്ചകൾ ഉണ്ടായി.
പിൽക്കാലത്ത് ഞാൻ ഗിരീഷ് പുത്തഞ്ചേരിയെ കണ്ടപ്പോൾ എന്‍റെ വിമർശനങ്ങളെ അദ്ദേഹം വളരെ ഈസി മട്ടിലാണ് എടുത്തത്. ഞാൻ ഏറ്റവുമധികം വിമർശിച്ച എഴുത്തുകാരിൽ ഒരാളാണ് ബിച്ചു തിരുമല. ഒരുപാട് തവണ അദ്ദേഹത്തിന്‍റെ ഗാനങ്ങളെ ഞാൻ വിമർശിച്ചിട്ടുണ്ട്. അദ്ദേഹവുമായും അദ്ദേഹത്തിന്‍റെ കുടുംബവുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. പക്ഷേ വിമർശിക്കുമ്പോൾ ബിച്ചു തിരുമല എന്ന വ്യക്‌തിയെ ഞാൻ കണക്കാക്കാറില്ല. അദ്ദേഹത്തിന്‍റെ പാട്ടുകളെ മാത്രമാണ് മുൻനിർത്തുക.
അദ്ദേഹത്തിന്‍റെ ഒരു പാട്ടിൽ 'കടലോര തീരം' എന്നൊരു വാക്ക് ഉപയോഗിച്ചു. കടലോരം എന്നാൽ കര എന്നാണ് അർത്ഥം. വീണ്ടും തീരം എന്നൊരു വാക്ക് കൂട്ടിച്ചേർക്കുന്നത് അനുചിതമാണ്. അതുപോലെ മറ്റൊരു പാട്ടിൽ അധരങ്ങളിൽ എന്നൊരു വാക്ക് അദ്ദേഹം ഉപയോഗിച്ചു. അധരം എന്നാൽ കീഴ്‌ചുണ്ട് എന്നാണ് അർത്ഥം. ആ വാക്കിന്‍റെ വരികളിൽ കീഴ്‌ചുണ്ട് എന്ന അർത്ഥം ഒരിക്കലും വരാൻ പാടില്ല. ആ തെറ്റ് ബിച്ചു തിരുമല തന്നെ തുറന്നു സമ്മതിച്ചതാണ്."-ടിപി ശാസ്‌തമംഗലം വ്യക്‌തമാക്കി.
റഫീഖ് അഹമ്മദിനെ പോലുള്ള ഗാനരചയിതാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "മലയാളത്തിലെ പുതിയ തലമുറയിൽപ്പെട്ട പല ഗാനരചയിതാക്കൾക്കും അവസരമില്ല. കോമാളിത്തരം എഴുതാൻ അവരെ കിട്ടാത്തത് കൊണ്ടാണ് അവർക്ക് അവസരം ഇല്ലാത്തത്. ഉദാഹരണത്തിന് റഫീഖ് അഹമ്മദ്.
ആടുജീവിതം സിനിമയിൽ അദ്ദേഹം പാട്ടെഴുതി. എത്ര മനോഹരമായ വരികൾ. പെരിയോനെ എന്ന ഗാനം എത്ര സുന്ദരമാണ്. ആ സിനിമയുടെ മൊത്തം അന്തസത്തയെയും ആ പാട്ടിൽ ആവാഹിച്ചിട്ടുണ്ട്. പക്ഷേ മുൻനിര എഴുത്തുകാരെ പോലെ അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നില്ല.
പഴയ പാട്ടുകൾ ഇപ്പോഴും ജീവിക്കുന്നു. പുതിയ ചില ഗാനങ്ങളെ ഞാൻ വിമർശിച്ചു എന്നതിന്‍റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവർ ചിന്തിക്കണം ഇപ്പോൾ കേൾക്കുന്ന ഈ പാട്ടുകളൊക്കെ എത്രനാൾ ഉണ്ടാകുമെന്ന്. മാംഗല്യം തന്തുനാനേന, എന്‍റമ്മേടെ ജിമിക്കി കമ്മൽ ഈ പാട്ടുകളൊക്കെ ഇറങ്ങി കഴിഞ്ഞപ്പോൾ എന്തായിരുന്നു ബഹളം.
ഇപ്പോള്‍ ആരെങ്കിലും അത് കേൾക്കുന്നുണ്ടോ എന്ന് കൂടി സംശയമാണ്. എന്‍റമ്മേടെ ജിമിക്കി കമ്മൽ ഗാനം ജപ്പാനിൽ ഡാൻസ് കളിക്കുന്നു, ചൈനയിൽ ഡാൻസ് കളിക്കുന്നു... ഇപ്പോൾ ഗാനം എവിടെ? ഉത്തരം പറയൂ?" -ടിപി ശാസ്‌തമംഗലം ചോദിക്കുന്നു.
ഗുരുവായൂർ അമ്പലനടയിൽ, വാഴ തുടങ്ങി സിനിമകളിലെ ഗാനങ്ങളെ വിമർശിക്കുമ്പോൾ വിമർശനത്തെ ഉൾക്കൊണ്ടുള്ള ഒരു മറുപടി മാത്രമാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ടിപി. എന്നാല്‍ വിവാദമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ടിപി ശാസ്‌തമംഗലം പറഞ്ഞു.
"അതാതു കാലത്തെ ട്രെൻഡ് അനുസരിച്ചാണ് ഇപ്പോഴത്തെ സംഗീത സംവിധായകർ ഗാനങ്ങൾ ഉണ്ടാക്കുന്നതെന്ന് പറയുന്നവരുണ്ട്. ഇന്നൊരു പായസം ഉണ്ടാക്കിയാൽ അത് ഇന്ന് തന്നെ കുടിക്കുക. ഒരാഴ്‌ച്ച കഴിഞ്ഞ് വീണ്ടും പായസം കുടിക്കണമെന്ന് തോന്നിയാൽ വീണ്ടും ഉണ്ടാക്കുക. അതുപോലെ സംഗീതത്തിന്‍റെ സൃഷ്‌ടിയെയും ഉപമിച്ചാൽ ഉണ്ടാക്കുന്നത് പായസം തന്നെ ആയിരിക്കണം. അതൊരു പഴങ്കഞ്ഞി ആകാൻ പാടില്ല. അന്നന്ന് ഉണ്ടാക്കിയ പായസം കുടിക്കാൻ ഞാനും തയ്യാറാണ്. പക്ഷേ അത് പായസം പോലെ അനുഭവപ്പെടണം." ടിപി വ്യക്‌തമാക്കി.
തന്‍റെ കരിയറിലെ ഏറ്റവും കൂടുതല്‍ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് ഗിരീഷ് പുത്തഞ്ചേരിയാണെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ലൈം ലൈറ്റിൽ കത്തി നിൽക്കുന്ന ആളിനെ തന്നെയായിരിക്കും വിമർശിക്കേണ്ടി വരിക. ഒരു സമയത്ത് ഗിരീഷ് പുത്തഞ്ചേരിയാണ് ഏറ്റവുമധികം ഗാനങ്ങൾ എഴുതിക്കൊണ്ടിരുന്നത്. അതുകൊണ്ട് സ്വാഭാവികമായും ഗിരീഷ് പുത്തഞ്ചേരിയെ ധാരാളം വിമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷാവസാനമുള്ള മികച്ച 10 ഗാനങ്ങളെ കുറിച്ചുള്ള ലേഖനത്തെ കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. "വർഷാവസാനം ആകുമ്പോൾ കേരളകൗമുദി പോലുള്ള ദിനപത്രങ്ങൾ ഈ വർഷത്തെ മികച്ച 10 ഗാനങ്ങൾ തിരഞ്ഞെടുത്ത് ഒരു ലേഖനം എഴുതിത്തരാൻ ആവശ്യപ്പെടുക പതിവാണ്. പലപ്പോഴും അത്തരം ഗാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി അടക്കമുള്ള മുൻനിര എഴുത്തുകാരുടെ പാട്ടുകൾ ഉൾപ്പെടാറില്ല എന്നുള്ളതാണ് വാസ്‌തവം.
കൈതപ്രത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച ഒരു ഗാനം ഉണ്ടായിരുന്നു. ഇടക്കാലത്ത് കൈതപ്രം ഒരു പാട്ടെഴുതി. 'എന്തേ കണ്ണന് കറുപ്പ് നിറം. കാളിന്ദിയിൽ കുളിച്ചതിനാലാണോ? കാളിയനെ കൊന്നതിനാണോ....?' അതെന്താ കാളിന്ദി നദിയിൽ കുളിച്ചാൽ കറുത്ത് പോകുമോ? അങ്ങനെയാണെങ്കിൽ ഗോപികമാരും ഗോപന്‍മാരും ഒക്കെ കറുത്ത് പോകണ്ടേ. പക്ഷേ കണ്ണൻ മാത്രമല്ലേ ഇവിടെ കറുത്തിട്ടുള്ളൂ.
കാളിയനെ കൊന്നതിനാൽ ആണോ എന്ന്? അതിന് ആര് കാളിയനെ കൊന്നു? കാളിയനെ ആരും കൊന്നിട്ടില്ല. ഹിന്ദു പുരാണം അല്ലെങ്കിൽ പുരാണിക് എൻസൈക്ലോപീഡിയ ഒന്ന് മറച്ചു നോക്കിയാൽ വാസ്‌തവം എന്താണെന്ന് മനസ്സിലാക്കാം. കാളിന്ദി നദിയിൽ കാളിയൻ എന്ന സർപ്പം വലിയ പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഗോപികമാർ കണ്ണനോട് ചെന്ന് പരാതി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൻ കാളിയനെ ശാസിച്ചു. ശേഷം കാളിയനോട് രമണഗ ദ്വീപിൽ പോയി താമസിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. സൗമ്യ ഭാഷയിൽ ആയിരുന്നില്ല കണ്ണൻ കാളിയനോട് സംസാരിച്ചത്. കടമ്പ മരത്തിന്‍റെ മുകളിൽ കയറി കണ്ണൻ കാളിയന്‍റെ ആയിരം തലകൾക്ക് മുകളിൽ എത്തുകയും നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു.
അവശനായ കാളിയനെ വെറുതെ വിടാൻ കാളിയന്‍റെ ഭാര്യയും മക്കളും വന്ന് കണ്ണനോട് അപേക്ഷിച്ചു. ഇവരുടെ അഭ്യർത്ഥന പ്രകാരമാണ് കണ്ണൻ കാളിയനെ കൊല്ലാതെ രമണഗ ദ്വീപിൽ പോയി ജീവിക്കാൻ അനുവദിച്ചത്. ഇതൊന്നും മനസ്സിലാക്കാതെ കാളിയനെ കൊന്നു എന്ന് കൈതപ്രം എഴുതിയാൽ വിമർശിക്കാതിരിക്കാനാകുമോ?" -ടിപി ശാസ്‌തമംഗലം വിശദീകരിച്ചു.
താൻ വിമർശിക്കുമ്പോൾ മികച്ച ഭാഷയിലാണ് പലപ്പോഴും ഗാന രചയിതാക്കൾ തന്നോട് മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി വിമർശിച്ചതിന്‍റെ അടിസ്ഥാനത്തിൽ മറുപടി എഴുതുന്നത് ബിച്ചു തിരുമലയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. പഴയ പാട്ടുകളെ പുതിയ തലമുറ തള്ളിക്കളയുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
"വാക്കുകൾ അർത്ഥ വേട്ടയ്ക്ക് ഉള്ളതല്ല എന്ന തലക്കെട്ടിലാണ് അദ്ദേഹം കത്ത് തുടങ്ങിയിരിക്കുന്നത്. മുഖം നല്ലതല്ലാത്തതിന് കണ്ണാടി ഉടയ്ക്കുന്നത് എന്തിനാണ് എന്നായിരുന്നു മുല്ലനേഴി എനിക്ക് എഴുതിയ കത്ത്. ഇങ്ങനെയാണ് വിമർശനങ്ങൾക്ക് യഥാർത്ഥത്തിൽ മറുപടി പറയേണ്ടത്. തെറി വിളിക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ല.
തള്ളിപ്പറയുന്നവരോട് എനിക്കൊരു മറുപടിയുണ്ട്. ആധുനിക കാലത്തിൽ ഒരു കുട്ടി മോഡേൺ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നു. ആ കുട്ടിയുടെ അച്ഛനും അമ്മയും അതേ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് ആ കുട്ടിക്ക് ആഗ്രഹമുണ്ട്. അവർ അതിന് തയ്യാറായില്ല എങ്കിൽ ഉടനെ ആ കുട്ടി അമ്മയെയും അച്ഛനെയും തള്ളിപ്പറയുമോ? അമ്മയും അച്ഛനും നമ്മുടെ സ്വത്താണ്.
പഴയ പാട്ടുകളെ ഉയർത്തിക്കാട്ടുമ്പോൾ അത് നമ്മുടെ പൈതൃകം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് നമ്മുടെ സ്വത്താണ്. ആ സ്വത്തുമായി പുതിയ പാട്ടുകളെ താരതമ്യം ചെയ്യുമ്പോൾ മോശമാണെന്ന് തോന്നി മനസ്സിൽ തോന്നിയത് പറഞ്ഞു." -ടിപി ശാസ്‌തമംഗലം വ്യക്‌തമാക്കി.
സിനിമ പാട്ടുകൾ പാഠ്യ വിഷയമായതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "വയലാറും പി ഭാസ്‌കരനും പാട്ടെഴുതിയ കാലത്ത് ജോസഫ് മുണ്ടശ്ശേരിയെ പോലുള്ളവർ നെറ്റി ചുളിച്ച ഒരു കാലമുണ്ടായിരുന്നു. പണ്ട് കാലത്ത് സിനിമ പാട്ടുകൾ ഒരു പാഠ്യ വിഷയം ആയിരുന്നില്ല. സിനിമ പാട്ടുകൾ ഒരു തേർഡ് റേറ്റ് സാധനമാണെന്ന് ഒരുകാലത്ത് പ്രമുഖ സാഹിത്യകാരന്‍മാരും നിരൂപകന്‍മാരും പ്രസ്‌താവിച്ചിട്ടുണ്ട്. എന്നാൽ കാലം മാറിയതോടെ സിനിമ പാട്ടുകൾ പാഠ്യ വിഷയമായി."-ടിപി ശാസ്‌തമംഗലം പറഞ്ഞു.