വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്: ടൊവിനോ തോമസിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം' (എആർഎം). സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ വിതരണാവകാശവുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റാണ് നിര്‍മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്‌റ്റര്‍ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് ആണ് 'അജയന്‍റെ രണ്ടാം മോഷണം' കന്നഡ പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റുമായി ടൊവിനോ: നടന്‍ ടൊവിനോ തോമസും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 'ബ്ലോക്ക്‌ബസ്‌റ്ററുകള്‍ സമ്മാനിക്കുന്നതില്‍ പേരുകേട്ട ഹോംബാലെ ഫിലിംസ്, റിലീസിനൊരുങ്ങുന്ന ഞങ്ങളുടെ 3D ഫാൻ്റസി സാഹസിക ചിത്രം അജയൻ്റെ രണ്ടാം മോഷണംത്തിൻ്റെ കന്നഡ വിതരണാവകാശം നേടിയെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്! ഉടൻ തിയേറ്ററുകളിൽ എത്തുന്ന ഈ ഐതിഹാസിക യാത്ര അനുഭവിക്കാനായി നിങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാനാവില്ല.' -ഇപ്രകാരമാണ് ടൊവിനോ തോമസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
റിലീസിനെത്തുന്നത് 5 ഭാഷകളില്‍: പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം സെപ്‌റ്റംബറില്‍ ഓണം റിലീസായാണ് തിയേറ്ററുകളില്‍ എത്തുക. അതേസമയം റിലീസ് തീയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. മലയാളം,ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ, ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
റിലീസ് അനൗൺസ്‌മെന്‍റ് വീഡിയോ: അടുത്തിടെ സിനിമയുടെ റിലീസ് അനൗൺസ്‌മെന്‍റ് വീഡിയോയും പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. 'കാലത്തിന് കുഴിച്ചുമൂടാൻ കഴിയാത്ത ചിയോത്തിക്കാവിൻ്റെ നിഗൂഢതയുടെ ചുരുളഴിക്കാൻ ഈ ഓണത്തിന് അജയൻ എത്തുന്നു' -എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോയും പോസ്‌റ്ററും റിലീസ് ചെയ്‌തത്.
ട്രിപ്പിള്‍ റോളില്‍ ഇതാദ്യമായി ടൊവിനോ: മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്‍റര്‍ടെയിനറായാണ് 'അജയന്‍റെ രണ്ടാം മോഷണം' ഒരുക്കിയിരിക്കുന്നത്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. ഇതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്‌തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്.
കളരി അഭ്യസിച്ച് ടൊവിനോ തോമസ്: സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി ടൊവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. 3Dയിലും 2D യിലുമായി ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. ഇതിഹാസകരമായ ഒരനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
ചിത്രീകരണം പൂര്‍ത്തിയാക്കിയത് 118 ദിവസങ്ങള്‍ കൊണ്ട്: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. 118 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 'ഇതിഹാസം' എന്ന വിശേഷണം ഒട്ടും കൂടുതലല്ല, കാരണം തുടക്കക്കാർക്ക് ഇതൊരു പീരിയഡ് സിനിമയാണെങ്കിലും അതിലുപരി എനിക്ക് ഇത് എന്‍റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഭവമായിരുന്നു എന്നാണ് സിനിമയെ കുറിച്ച് ടൊവിനോ പറഞ്ഞിട്ടുള്ളത്.
ടൊവിനോയ്‌ക്ക് 3 നായികമാര്‍: കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് എആർഎം. കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, സഞ്ജു ശിവറാം, കബീർ സിംഗ് ദുഹാൻ, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമന്‍, നിസ്‌താര്‍ സേഠ്, ജഗദിഷ്, പ്രമോദ് ഷെട്ടി, സുധീഷ്, അജു വര്‍ഗീസ്, സന്തോഷ് കീഴാറ്റൂർ, ശിവരാജ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു.
ചിത്രീകരണം ആരി അലക്‌സ സൂപ്പര്‍ 35 ക്യാമറയില്‍: ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍ 35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'. ജിതിൻ ലാല്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'എന്ന് നിന്‍റെ മൊയ്‌തീന്‍', 'കുഞ്ഞിരാമായണം', 'ഗോദ', 'കൽക്കി' എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായ ജിതിൻ ലാലിന്‍റെ ആദ്യ സംവിധാന സംരഭം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'. സുജിത് നമ്പ്യാരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു മൻജിത്തിന്‍റെ ഗാനരചനയില്‍ ദീപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
എആർഎം അണിയറപ്രവര്‍ത്തകര്‍: ദീപു പ്രദീപാണ് അഡിഷണല്‍ സ്‌ക്രീന്‍പ്ലേ നിര്‍വഹിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, സ്‌റ്റണ്ട് - വിക്രം മോർ, ഫീനിക്‌സ് പ്രഭു, പിആർ - മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.