രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം 'വേട്ടയ്യനി'ല്‍ അഭിനയിച്ച് താരമായി തന്‍മയ സോള്‍. 'വേട്ടയ്യനി'ൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ വീണ്ടും അതിശയിപ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ തന്‍മയ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'വേട്ടയ്യന്‍' ഒഡീഷനിൽ പങ്കെടുത്ത് സിനിമയില്‍ അവസരം ലഭിച്ചതോടെ സ്വപ്‌ന തുല്യമായ നേട്ടത്തിലേക്കാണ് തന്‍മയ നടന്നു കയറിയത്.
തന്‍മയയുടെ ആദ്യ ഷോട്ട് തന്നെ സാക്ഷാൽ രജനീകാന്തിനും അമിതാഭ് ബച്ചനും ഒപ്പം. 'വേട്ടയ്യൻ' എന്ന സിനിമയുടെ ഡയറക്ഷൻ ടീം തന്‍മയക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത 'വഴക്ക്' എന്ന ചിത്രം കണ്ടിരുന്നു. തന്‍മയക്ക് 'വേട്ടയ്യനില്‍' അവസരം ലഭിക്കുന്നതിന് അതും ഒരു കാരണമായി. ചിത്ര എന്ന കഥാപാത്രത്തെയാണ് 'വേട്ടയ്യനി'ല്‍ തന്‍മയ അവതരിപ്പിച്ചത്. വട ചെന്നൈ സ്വദേശിയാണ് കഥാപാത്രം.
സിനിമ കണ്ടവർക്കറിയാം, ചിത്ര എന്ന കഥാപാത്രത്തിലൂടെയാണ് 'വേട്ടയ്യന്‍റെ' കഥാഗതി തന്നെ സഞ്ചരിക്കുന്നത്. വിവിധ ഷെഡ്യൂളുകളിലായി ഏകദേശം ഒരു വർഷത്തോളം 'വേട്ടയ്യന്‍റെ' ചിത്രീകരണം നീണ്ടുനിന്നു എന്ന് തന്‍മയ ഇടിവി ഭാരതിനോട് പ്രതികരിച്ചു. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഏകദേശം 30 ദിവസമാണ് തന്‍മയയുടെ ഭാഗങ്ങൾ ചിത്രീകരിച്ചത്.
തമിഴ് ഭാഷ പഠിച്ചതിനെ കുറിച്ചും തന്‍മയ പ്രതികരിച്ചു. "തമിഴ് ഭാഷ പഠിക്കാനായി പ്രത്യേക വർക്ക്‌ഷോപ്പുകൾ ഉണ്ടായിരുന്നു. ഡയലോഗുകൾ എഴുതി പഠിക്കുന്ന സ്വഭാവമില്ല. സഹ സംവിധായകർ പറഞ്ഞു തരുന്നത് കേട്ട് പഠിക്കുകയാണ് ചെയ്യുന്നത്." -തന്‍മയ പറഞ്ഞു.
ആദ്യ രംഗത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ സംവിധായകൻ ജ്ഞാനവേൽ ആണ് തന്‍മയയെ രജനീകാന്തിനും അമിതാഭ് ബച്ചനും പരിചയപ്പെടുത്തുന്നത്. സ്‌റ്റേറ്റ് അവാർഡ് നേടിയ കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ രജനീകാന്ത് ആശ്ചര്യപ്പെട്ടു. അമിതാഭ് ബച്ചനും രജനീകാന്ത് ആശ്ചര്യപ്പെട്ടത് പോലെ പെരുമാറിയെന്ന് തന്‍മയ ഓർത്തെടുത്തു.
നടൻ അരുൺ സോളിന്‍റെ മകളാണ് തന്‍മയ. സിനിമയില്‍ എത്തുന്നതിന് മുമ്പ് അച്ഛനും സഹോദരിയും സംവിധാനം ചെയ്‌തിട്ടുള്ള ഏതാനും ഹ്രസ്വ ചിത്രങ്ങളില്‍ തന്‍മയ അഭിനയിച്ചിട്ടുണ്ട്. 2022ലെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരമാണ് തന്‍മയക്ക് ലഭിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'വഴക്ക്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് തന്‍മയ സോളിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. സിനിമയില്‍ കനി കുസൃതിയുടെയും അസീസ് നെടുമങ്ങാടിന്‍റെയും കഥാപാത്രങ്ങളുടെ മകളായിട്ടാണ് തന്‍മയ അഭിനയിച്ചത്.
'വഴക്ക്' എന്ന സിനിമയുടെ ഓഡീഷനിൽ പങ്കെടുത്ത തന്‍മയ നല്ല പ്രകടനം കാഴ്‌ച്ചവച്ചതോടെ അവസരം തേടി എത്തി. കഥാപാത്രത്തെ മികവുറ്റതാക്കിയതോടെ ഈ ഒണ്‍പതാം ക്ലാസുകാരിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടാനായി.
സംസ്ഥാന പുരസ്‌കാര പ്രഖ്യാപന ശേഷം താൻ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു എന്നറിയാതെ സ്‌കൂൾ കഴിഞ്ഞുവരുന്ന തന്‍മയയോട് ബന്ധു വഴിയിൽ വച്ച് അവാർഡ് വിവരം അറിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Also Read: 5 ദിവസം കൊണ്ട് 240 കോടി; ബോക്‌സ് ഓഫീസില്‍ കുതിച്ച് വേട്ടയ്യന്‍